Kerala
അതിജീവിതയ്ക്ക് സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കി, ഇനിയും അത് തുടരും; മുഖ്യമന്ത്രി
അടൂര്‍ പ്രകാശിന്റെ പ്രസ്താവന യുഡിഎഫ് നിലപാട്
കണ്ണൂര്‍| നടി ആക്രമിക്കപ്പെട്ട കേസ് പ്രോസിക്യൂഷന്‍ നന്നായി കൈകാര്യം ചെയ്തുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമപരമായ പരിശോധന നടത്തി തുടര്‍ നടപടികള്‍ സ്വീകരിക്കും. അതിജീവിതയ്ക്ക് എല്ലാ പിന്തുണയും സര്‍ക്കാര്‍ നല്‍കി. ഇനിയും അത് തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അടൂര്‍ പ്രകാശിന്റെ പ്രസ്താവന യുഡിഎഫ് നിലപാടാണ്. പൊതുസമൂഹം അങ്ങനെ ചിന്തിക്കുന്നില്ല. അപ്പീല്‍ സംബന്ധിച്ചും യുഡിഎഫ് കണ്‍വീനര്‍ വിചിത്രമായ മറുപടിയാണ് നല്‍കിയത്. നാടിന്റെ പൊതു വികാരത്തിനു എതിരായ പ്രസ്താവനയാണ് അത്. കണ്ണൂര്‍ പ്രസ്സ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഗൂഢാലോചന സംബന്ധിച്ച് ദിലീപ് പറയുന്നത് അദ്ദേഹത്തിന്റെ തോന്നലുകളാണ്. പോലീസ് തെളിവുകളുടെ അടിസ്ഥാനത്തിലാണ് മുന്നോട്ട് പോയത്. കോടതിയിലെ വാദങ്ങളെ കുറിച്ച് ഇപ്പോള്‍ പറയാന്‍ സാധിക്കില്ല. പിടി കുഞ്ഞുമുഹമ്മദിനെതിരായ ഇമെയില്‍ സന്ദേശം കിട്ടിയ ഉടനെ കൈമാറിയിട്ടുണ്ട്. അതില്‍ കാല താമസം ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
അതേസമയം, നടന്‍ ദിലീപിനെ പിന്തുണച്ചു കൊണ്ടുള്ള യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന്റെ പ്രതികരണത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തി. അടൂര്‍ പ്രകാശിനെ തള്ളിക്കൊണ്ടാണ് കെപിസിസിയുടെ പ്രതികരണം. അടൂര്‍ പ്രകാശിന്റെ പ്രസ്താവന വ്യക്തിപരമായ പ്രസ്താവനയാണ്. കെപിസിസി ആ പ്രസ്താവന അംഗീകരിക്കുന്നില്ലെന്നും കോണ്‍ഗ്രസ് അതിജീവിതക്കൊപ്പമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. സര്‍ക്കാര്‍ അപ്പീല്‍ പോകണമെന്നാണ് നിലപാട്. പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്നും ഗൂഢാലോചനക്ക് തെളിവ് നല്‍കാന്‍ സാധിച്ചില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.
അടൂര്‍ പ്രകാശിന്റെ പ്രതികരണം വ്യക്തിപരമെന്ന് എംഎം ഹസന്‍ പറഞ്ഞു. കോണ്‍ഗ്രസ് വേട്ടക്കാരന് ഒപ്പമല്ലെന്നായിരുന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയുടെ പ്രതികരണം. മുന്നണിയുടെ പേരില്‍ അഭിപ്രായം വേണ്ടെന്ന് രാജ് മോഹന്‍ ഉണ്ണിത്താനും പ്രതികരിച്ചു. അതിജീവിതയ്ക്ക് നീതി കിട്ടിയില്ലെന്ന തോന്നലുണ്ടെങ്കില്‍ അപ്പീല്‍ പോകാമെന്ന് കെ മുരളീധരനും അഭിപ്രായപ്പെട്ടു.


