Connect with us

editorial

കുടുംബ ബജറ്റ് താളം തെറ്റും

കേന്ദ്രത്തിന്റെ നിസ്സഹകരണവും വിവേചനപരമായ നിലപാടും ചൂണ്ടിക്കാട്ടി നികുതി നിര്‍ദേശങ്ങളെ സര്‍ക്കാര്‍ വൃത്തങ്ങള്‍ക്ക് ന്യായീകരിക്കാമെങ്കിലും സാധാരണക്കാരെ ബാധിക്കുന്ന നികുതി നിര്‍ദേശങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു.

Published

|

Last Updated

ജനക്ഷേമ പദ്ധതികള്‍ക്കും പ്രഖ്യാപനങ്ങള്‍ക്കുമൊപ്പം കൊവിഡ് പ്രതിസന്ധിയില്‍ നിന്ന് ഇനിയും കരകയറിയിട്ടില്ലാത്ത സാധാരണക്കാരുടെ കുടുംബ ബജറ്റിന്റെ താളം തെറ്റിക്കുന്ന നികുതി നിര്‍ദേശങ്ങളും അടങ്ങുന്നതാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച രണ്ടാം പിണറായി സര്‍ക്കാറിന്റെ രണ്ടാമത് ബജറ്റ്. സംസ്ഥാനത്തിന്റെ ആഭ്യന്തര ഉത്പാദന വര്‍ധനവും തൊഴില്‍, സംരംഭക, നിക്ഷേപ അവസരങ്ങളും ലക്ഷ്യമാക്കിയുള്ള മേക്ക് ഇന്‍ കേരള പദ്ധതിയാണ് ബജറ്റിലെ ശ്രദ്ധേയമായ ഒരിനം. ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങളില്‍ തദ്ദേശീയമായി ഉത്പാദിപ്പിക്കാന്‍ സാധ്യതയുള്ളവ കണ്ടെത്തി ആഭ്യന്തരമായി ഉത്പാദിപ്പിക്കുകയാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ഉപഭോഗ സംസ്ഥാനമായ കേരളത്തിന് ഇതേറെ ഗുണം ചെയ്യും. 2021-22ല്‍ 1,28,000 കോടി രൂപയുടെ ഉത്പന്നങ്ങളാണ് കേരളം ഇറക്കുമതി ചെയ്തത്. ഇതില്‍ 92 ശതമാനവും മറ്റു സംസ്ഥാനങ്ങളില്‍ നിന്നാണ്. വിവിധ മേഖലകളില്‍ ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിച്ചാല്‍ ഇറക്കുമതി ഗണ്യമായി കുറക്കാനാകും. തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്യും.

കൊവിഡ് അനുബന്ധ രോഗങ്ങള്‍ വ്യാപകമാകുകയും തെരുവുനായ ശല്യം വന്‍തോതില്‍ വര്‍ധിക്കുകയും ചെയ്ത സാഹചര്യത്തില്‍ ആരോഗ്യ മേഖലക്ക് ഉയര്‍ന്ന തുക (2,828 കോടി) നീക്കിവെച്ച തീരുമാനവും പേവിഷബാധക്ക് കേരളത്തില്‍ വാക്‌സീന്‍ വികസിപ്പിക്കാനുള്ള തീരുമാനവും സ്വാഗതാര്‍ഹമാണ്. തിരുവനന്തപുരത്തെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയുടെയും കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് സര്‍വകലാശാലക്ക് കീഴിലുള്ള വിവിധ സ്ഥാപനങ്ങളുടെയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെയായിരിക്കും വാക്‌സീന്‍ വികസനമെന്നാണ് ധനമന്ത്രി അറിയിച്ചത്.

കേന്ദ്ര ബജറ്റ് തഴഞ്ഞ പ്രവാസികളെ ചേര്‍ത്തു പിടിക്കുന്നുണ്ട് സംസ്ഥാന ബജറ്റ്. തൊഴിലും ഇതര ജീവിത മാര്‍ഗങ്ങളും നഷ്ടപ്പെട്ട് വിദേശത്ത് നിന്ന് മടങ്ങിയെത്തുന്ന ഓരോ പ്രവാസി തൊഴിലാളിക്കും നോര്‍ക്ക വഴി 100 തൊഴില്‍ ദിനങ്ങള്‍ എന്ന നിരക്കില്‍ വര്‍ഷത്തില്‍ ഒരു ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന പദ്ധതിയും വിമാന യാത്രാ ചെലവ് കുറക്കാനുള്ള കോര്‍പസ് ഫണ്ടും ബജറ്റ് വാഗ്ദാനം ചെയ്യുന്നു. കൊവിഡ് കാരണം രാജ്യത്ത് ഏറ്റവുമധികം പ്രവാസികള്‍ തിരിച്ചെത്തിയത് കേരളത്തിലാണ്. ഇവരില്‍ നാലിലൊന്ന് പേര്‍ക്കും ജോലിസ്ഥലത്തേക്ക് മടങ്ങാന്‍ കഴിഞ്ഞിട്ടില്ല. നാട്ടില്‍ കഴിയുന്നവരില്‍ 70 ശതമാനത്തിലേറെ പേരും തൊഴില്‍രഹിതരുമാണ്. കേരളത്തിന്റെ സമ്പദ് ഘടനയെ ശക്തിപ്പെടുത്തുന്നതില്‍ പ്രവാസികള്‍ വഹിക്കുന്ന മികച്ച പങ്ക് കണക്കിലെടുത്ത് മടങ്ങിയെത്തുന്നവരുടെ പുനരധിവാസത്തിനായി പ്രായോഗികവും ഫലപ്രദവുമായ കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കേണ്ടതുണ്ട്. നോര്‍ക്ക തൊഴില്‍ പദ്ധതിക്ക് ബജറ്റില്‍ അനുവദിച്ച തുക പരിമിതവുമാണ്.

കേരളം വളര്‍ച്ചയുടെ പാതയില്‍ തിരിച്ചെത്തിയെന്നും വെല്ലുവിളികളെ ധീരമായി നേരിടാന്‍ സാധിച്ചുവെന്നുമാണ് ധനമന്ത്രി ബജറ്റ് ആമുഖത്തില്‍ പറയുന്നത്. ഈ അവകാശവാദത്തെ ചോദ്യം ചെയ്യുന്നതാണ് ബജറ്റിലെ നികുതി നിര്‍ദേശങ്ങള്‍. പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ട് രൂപ സാമൂഹിക സുരക്ഷാ സെസ്, ഭൂമിയുടെ ന്യായവിലയില്‍ 20 ശതമാനം വര്‍ധന, തദ്ദേശ കെട്ടിട നികുതി പരിഷ്‌കരണം, ഒഴിഞ്ഞു കിടക്കുന്ന ഭൂമിക്ക് പ്രത്യേക നികുതി, വൈദ്യുതി നിരക്ക് വര്‍ധന, മോട്ടോര്‍ വാഹന നികുതി വര്‍ധന, കോടതി ഫീസുകളുടെ വര്‍ധന തുടങ്ങി സാധാരണക്കാരുടെ വയറ്റത്തടിക്കുന്നതാണ് നികുതി നിര്‍ദേശങ്ങളില്‍ ഏറെയും. ഇന്ധന വില വര്‍ധനവിന് ഇക്കാലമത്രയും കേന്ദ്രത്തെയാണ് ഇടത് മുന്നണിയും സംസ്ഥാന സര്‍ക്കാറും കുറ്റപ്പെടുത്തിയിരുന്നത്. സാമൂഹിക സുരക്ഷാ സെസ് ഏര്‍പ്പെടുത്തിയതിലൂടെ ഇന്ധന വില കുതിച്ചു കയറ്റത്തിന് വഴിയൊരുക്കുകയാണിപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍. കേന്ദ്രത്തിന്റെ നിസ്സഹകരണവും വിവേചനപരമായ നിലപാടും ചൂണ്ടിക്കാട്ടി നികുതി നിര്‍ദേശങ്ങളെ സര്‍ക്കാര്‍ വൃത്തങ്ങള്‍ക്ക് ന്യായീകരിക്കാമെങ്കിലും സാധാരണക്കാരെ ബാധിക്കുന്ന നികുതി നിര്‍ദേശങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു. ബജറ്റില്‍ വിലക്കയറ്റം പിടിച്ചുനിര്‍ത്തുമെന്ന് പ്രഖ്യാപിക്കുകയും ഈ ലക്ഷ്യത്തില്‍ 2,000 കോടി വകയിരുത്തുകയും ചെയ്തിട്ടുണ്ടെങ്കിലും പെട്രോളിനും ഡീസലിനും സെസ് ഏര്‍പ്പെടുത്തിയ നടപടി വിപരീത ഫലമാണുളവാക്കുക.

1,35,419 കോടി രൂപ റവന്യൂ വരുമാനവും 1,76,089 കോടി രൂപ ചെലവും 23,942 കോടി രൂപ റവന്യൂ കമ്മിയും 39,662 കോടി രൂപ ധനക്കമ്മിയുമാണ് ബജറ്റ് കാണിക്കുന്നത്. സര്‍ക്കാറിന്റെ മൊത്തം വരുമാനത്തിന്റെ (ജി എസ് ഡി പി) മൂന്ന് ശതമാനം മാത്രമേ ധനക്കമ്മി ആകാവൂ എന്നതാണ് പൊതുതത്ത്വം. എന്നാല്‍ സംസ്ഥാനത്തിന്റെ ധനക്കമ്മി ഇപ്പോള്‍ 3.5 ശതമാനത്തിലെത്തിയിട്ടുണ്ട്. റവന്യൂ വരുമാനത്തില്‍ അമ്പത് ശതമാനത്തിലേറെ ജീവനക്കാരുടെ ശമ്പളത്തിനും പെന്‍ഷനും വേണം (ശമ്പളത്തിന് 40,051 കോടി രൂപ, പെന്‍ഷന് 28,240 കോടി രൂപ). 2.1 ലക്ഷം കോടി വരുന്ന പൊതുകടത്തിനുള്ള പലിശ തുടങ്ങി പ്രത്യക്ഷ കണക്കില്‍ പെടാത്ത ഇനങ്ങള്‍ക്ക് വേറെയും വേണം ഗണ്യമായ തുക. ഇതെല്ലാം കൂട്ടിക്കിഴിച്ചാല്‍ എവിടെയാണ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് തുക? കഴിഞ്ഞ ബജറ്റിലെ പദ്ധതികളില്‍ പലതും ഇപ്പോഴും പ്രഖ്യാപനത്തില്‍ ഒതുങ്ങുകയാണ്. പുതിയ നികുതി നിര്‍ദേശങ്ങള്‍ വഴി സര്‍ക്കാര്‍ 2,900 കോടി രൂപയിലേറെ വരുമാനം പ്രതീക്ഷിക്കുന്നുണ്ടെങ്കിലും അതിന്റെ ഗണ്യമായ ഭാഗവും പദ്ധതിയേതര മേഖലയിലേക്ക് നീങ്ങും. കേന്ദ്ര സര്‍ക്കാറിന്റെ ജി എസ് ടി വിഹിതം, മദ്യം, ലോട്ടറി എന്നിവയില്‍ നിന്ന് ലഭിക്കുന്ന വരുമാനം, പെട്രോളിയം സെസ് ഇവയൊക്കെയാണ് കേരളത്തിന്റെ റവന്യൂ വരുമാനത്തിന്റെ സിംഹഭാഗവും. മറ്റു റവന്യൂ വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ സര്‍ക്കാറിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ ഭരണപരമായ ചെലവുകള്‍ പരമാവധി കുറച്ച് പദ്ധതികള്‍ക്ക് കൂടുതല്‍ തുക നീക്കിവെക്കുന്ന സ്ഥിതിവിശേഷം കൈവരേണ്ടതുണ്ട്. റവന്യൂ ചെലവ് 2021-22ലെ 22.45 ശതമാനത്തില്‍ നിന്ന് 30.44 ശതമാനമായി കുത്തനെ വര്‍ധിച്ചുവെന്നാണ് വ്യാഴാഴ്ച സഭയില്‍ വെച്ച സാമ്പത്തിക സര്‍വേ കാണിക്കുന്നത്. ഇതിനൊരു മൂക്കുകയര്‍ കൂടിയേ തീരൂ.

---- facebook comment plugin here -----

Latest