Connect with us

Siraj Article

നീതിപീഠം പകരുന്ന പ്രതീക്ഷകൾ

യു എ പി എയുടെ 38, 39 വകുപ്പുകൾ പ്രകാരം പ്രഥമദൃഷ്ട്യാ ആണെങ്കിൽ പോലും പരാമർശിത നിരോധിത സംഘടനയിൽ തുടർന്ന് പ്രവർത്തിക്കാനോ അല്ലെങ്കിൽ ഭീകരപ്രവർത്തനം നടത്താനോ ഉദ്ദേശിച്ചിരുന്നു എന്ന് ന്യായമായും അനുമാനിക്കാവുന്ന വിധത്തിലുള്ള വ്യക്തമായ പ്രവർത്തനം കുറ്റാരോപിതന്റെ ഭാഗത്തു നിന്ന് ഉണ്ടായെന്ന് തെളിയിക്കാൻ കഴിയണം. അതില്ലാതിരിക്കെ ഭീകര സംഘടനുമായി ബന്ധപ്പെട്ടു എന്നത് മാത്രം മതിയാകില്ല പ്രസ്താവിത വകുപ്പുകൾ പ്രകാരം നിയമ നടപടി സ്വീകരിച്ചത് സാധൂകരിക്കപ്പെടാനെന്നായിരുന്നു സുപ്രീം കോടതി നിരീക്ഷിച്ചത്

Published

|

Last Updated

രുണ്ട ദിനങ്ങളിലെ ഉജ്ജ്വല പ്രകാശമെന്നാണ് പെഗാസസ് വിധിയെ സുപ്രീം കോടതി ബാർ അസ്സോസിയേഷൻ മുൻ പ്രസിഡന്റും മുതിർന്ന അഭിഭാഷകനുമായ ദുഷ്യന്ത് ദവെ വിശേഷിപ്പിച്ചത്. രാജ്യത്തെ ഭരണഘടനാ കോടതികൾ ഭരണഘടനാ സംരക്ഷണത്തിന്റെയും ജനാധിപത്യ കരുതലിന്റെയും വഴിയിൽ സമീപകാല പ്രാഗ് രൂപങ്ങളോട് ഒപ്പമാകാത്ത നിലപാട് കൈകൊള്ളുന്നതിന്റെ ആവേശം പെഗാസസ് വിധിയുടെ പശ്ചാത്തലത്തിൽ നിയമ രാഷ്ട്രീയ രംഗങ്ങളിൽ ദൃശ്യമാകുന്നുണ്ട്. പെഗാസസ് വിധിയിലെ നിശ്ചയദാർഢ്യം പ്രതീക്ഷാവഹമാണെന്ന് സുപ്രീം കോടതി മുൻ ജഡ്ജി ദീപക് ഗുപ്തയും അഭിപ്രായപ്പെട്ടു. യു എ പി എ പോലെയുള്ള ഡ്രാകോണിയൻ ആക്ടുകളെ ഭരണഘടനാപരമായി വിശകലനം ചെയ്യുന്നതിലും നമ്മുടെ ഭരണഘടനാ കോടതികൾ അവധാനതയോടെയുള്ള സമീപനം വെച്ചുപുലർത്തുന്ന ചിത്രവും ഈയിടെ കാണാനാകുന്നുണ്ട്. പന്തീരാങ്കാവ് യു എ പി എ കേസിൽ കുറ്റാരോപിതനായ ത്വാഹ ഫസലിന് ജാമ്യമനുവദിച്ച ഒക്ടോബർ 28ലെ സുപ്രീം കോടതി വിധിയുൾപ്പെടെ അടുത്ത കാലത്ത് മൂന്ന് യു എ പി എ കേസുകളിൽ കോടതികളുടെ നിയമ വ്യാഖ്യാനവും നിരീക്ഷണവും ശ്രദ്ധേയമായിരുന്നു.

നേരത്തേ എൻ ഐ എ കോടതി ത്വാഹക്ക് അനുവദിച്ച ജാമ്യം കഴിഞ്ഞ ജനുവരി നാലിന് റദ്ദാക്കിയ കേരള ഹൈക്കോടതി വിധിക്കെതിരെ സമർപ്പിച്ച ഹരജിയിലാണ് സുപ്രീം കോടതി ജാമ്യം പുനഃസ്ഥാപിച്ചിരിക്കുന്നത്. ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഓകയുടെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ഡിവിഷൻ ബഞ്ച് കേസിലെ മറ്റൊരു കുറ്റാരോപിതനായ അലൻ ശുഐബിന്റെ മെഡിക്കൽ ജാമ്യത്തിനെതിരെ പ്രോസിക്യൂഷൻ സമർപ്പിച്ച ഹരജി തള്ളുകയും ചെയ്തു. നിരോധിത സംഘടനയായ സി പി ഐ മാവോയിസ്റ്റുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് ത്വാഹ ഫസലിനെയും അലൻ ശുഐബിനെയും രണ്ട് വർഷം മുമ്പ് അറസ്റ്റ് ചെയ്തത്. ചില പുസ്തകങ്ങൾ കൈവശം വെച്ചു, പ്രചാരണ തുണി ബാനറുകൾ ഉണ്ടാക്കി, മീറ്റിംഗുകളിൽ പങ്കെടുത്തു തുടങ്ങിയവയായിരുന്നു കുറ്റപത്രത്തിലെ ആരോപണങ്ങൾ. അതേസമയം എന്തെങ്കിലും അക്രമം നടത്തിയെന്നോ ഏതെങ്കിലും ഭീകര സംഘടനക്ക് പിന്തുണ നൽകിയെന്നോ ചൂണ്ടിക്കാട്ടുന്ന തെളിവൊന്നും അന്വേഷണ ഉദ്യോഗസ്ഥർക്ക് കണ്ടെത്താനായില്ല. എന്നാൽ നിരോധിത സംഘടനയായ സി പി ഐ മാവോയിസ്റ്റ് വക്താക്കളാണ് കുറ്റാരോപിതരെന്നും പ്രസ്തുത സംഘടനയുമായി അടുത്ത ബന്ധമുള്ളവരോട് കേസിലെ ആരോപണ വിധേയർക്ക് ബന്ധമുണ്ടെന്നുമായിരുന്നു കേരള ഹൈക്കോടതി വിലയിരുത്തിയത്. ത്വാഹ ഫസലിന്റെയും അലൻ ശു ഐബിന്റെയും കൈവശമുള്ള സാഹിത്യം വിഘടന പ്രത്യയശാസ്ത്രത്തിന്റെ വിത്താണെന്നും നിരീക്ഷിച്ചാണ് ഹൈക്കോടതി ത്വാഹ ഫസലിന്റെ ജാമ്യം റദ്ദാക്കിയിരുന്നത്. കുറ്റപത്രത്തിലെ തെളിവുകൾ ത്വാഹ ഫസലിന് പ്രഥമദൃഷ്ട്യാ പ്രസ്താവിത നിരോധിത സംഘടനയുമായി ബന്ധമുണ്ടെന്ന് സ്ഥാപിക്കുന്നുണ്ട്. സംഘടനയെ പിന്തുണച്ചിരുന്നുവെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാൽ ഈ ബന്ധവും പിന്തുണയും നിരോധിത സംഘടനയുടെ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാനുള്ള ഉദ്ദേശ്യത്താലാണെന്ന് പറയാനാകില്ലായെന്ന് വിലയിരുത്തിയാണ് സുപ്രീം കോടതി ത്വാഹ ഫസലിന്റെ ജാമ്യം പുനഃസ്ഥാപിച്ചത്. ഇത്തരമൊരു നിരീക്ഷണത്തിലെത്താൻ യു എ പി എയിലെ 38, 39 വകുപ്പുകൾ വിശദമായി പരിശോധിച്ച് വിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് കോടതി. യു എ പി എയിലെ 38,39 വകുപ്പുകൾ യഥാക്രമം ഭീകര സംഘടനയിലെ അംഗത്വവും ഭീകര സംഘടനക്ക് പിന്തുണ നൽകുന്നതുമായി ബന്ധപ്പെട്ട നിയമ പ്രശ്നങ്ങളും ശിക്ഷയും വിശദീകരിക്കുന്നവയാണ്.
യു എ പി എയുടെ 38, 39 വകുപ്പുകൾ, പ്രഥമദൃഷ്ട്യാ ആണെങ്കിൽ പോലും ബാധകമാകണമെങ്കിൽ കുറ്റാരോപിതൻ പരാമർശിത നിരോധിത സംഘടനയിൽ തുടർന്ന് പ്രവർത്തിക്കാനോ അല്ലെങ്കിൽ ഭീകരപ്രവർത്തനം നടത്താനോ ഉദ്ദേശിച്ചിരുന്നു എന്ന് ന്യായമായും അനുമാനിക്കാവുന്ന വിധത്തിലുള്ള വ്യക്തമായ പ്രവർത്തനം കുറ്റാരോപിതന്റെ ഭാഗത്തു നിന്ന് ഉണ്ടായെന്ന് തെളിയിക്കാൻ കഴിയണം. അതില്ലാതിരിക്കെ ഭീകര സംഘടനുമായി ബന്ധപ്പെട്ടു എന്നത് മാത്രം മതിയാകില്ല യു എ പി എയുടെ മേൽ പ്രസ്താവിത വകുപ്പുകൾ പ്രകാരം നിയമ നടപടി സ്വീകരിച്ചത് സാധൂകരിക്കപ്പെടാനെന്നായിരുന്നു സുപ്രീം കോടതി ഡിവിഷൻ ബഞ്ച് നിരീക്ഷിച്ചത്.

യു എ പി എ പ്രകാരം കുറ്റം ചുമത്തപ്പെടുന്നവർക്ക് ജാമ്യം ലഭ്യമാകാതെ ദീർഘകാലം ജയിലിൽ കഴിയേണ്ടി വരുന്നത് നമ്മുടെ രാജ്യത്ത് ഒരപൂർവ സംഗതിയല്ല. കർക്കശ സ്വഭാവമുള്ള വകുപ്പുകൾ ചുമത്തി ജയിലിലടക്കപ്പെട്ടവരിൽ വലിയ പങ്കും അടുത്ത കാലത്തൊന്നും പുറംലോകം കാണാറില്ല. അങ്ങനെ പുറത്തിറങ്ങാതിരിക്കാൻ വേണ്ടി തന്നെ രൂപപ്പെടുത്തിയതാണീ കരിനിയമം എന്ന വിമർശം എപ്പോഴും രാജ്യത്തുയർന്നുകൊണ്ടിരിക്കുന്നുമുണ്ട്. കരിനിയമ വകുപ്പുകളെ യഥോചിതം ഭരണഘടനാപരമായി വ്യാഖ്യാനിക്കാനുള്ള ആർജവം നമ്മുടെ കോടതികൾ കാണിച്ചാൽ പൗരാവകാശ നിഷേധിയായ നിയമ വകുപ്പുകളുടെ പിടിയിൽ നിന്ന് പൗരൻമാരെ രക്ഷിക്കാൻ കഴിയും. അല്ലാത്തപക്ഷം ഫാദർ സ്റ്റാൻ സ്വാമിയെപ്പോലെയുള്ള യു എ പി എയുടെ ഇരകൾ ഇന്ത്യൻ ജുഡീഷ്യറിയുടെ ഉറക്കം കെടുത്തുന്ന ഓർമകളായി അവശേഷിക്കുകയും ചെയ്യും.

യു എ പി എ കേസുകളിൽ ഈയിടെ നമ്മുടെ കോടതികൾ പൊതുവിൽ കാണിക്കുന്ന ജാഗ്രതയും കരുതലും ആശാവഹമാണ്. 2020 ഫെബ്രുവരിയിൽ വടക്ക് കിഴക്കൻ ഡൽഹിയിൽ അരങ്ങേറിയ കലാപവുമായി ബന്ധപ്പെട്ട് യു എ പി എ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട ആസിഫ് ഇഖ്ബാൽ തൻഹക്ക് വൈകിയെങ്കിലും ജാമ്യമനുവദിച്ചുകൊണ്ട് ഡൽഹി ഹൈക്കോടതി കഴിഞ്ഞ ജൂൺ 15ന് പുറപ്പെടുവിച്ച വിധി അതിൽ ശ്രദ്ധേയമാണ്. യു എ പി എ നിയമത്തിൽ പറയുന്ന “ഭീകരപ്രവർത്തന’ത്തെ കൃത്യമായി വ്യാഖ്യാനിച്ചതിനൊടുവിൽ ആസിഫ് ഇഖ്ബാൽ തൻഹക്ക് ഡൽഹി ഹൈക്കോടതി ജാമ്യമനുവദിക്കുകയായിരുന്നു.

ഐ എസ് ബന്ധമാരോപിക്കപ്പെട്ട് അറസ്റ്റിലായ ഇഖ്ബാൽ അഹ്മദിന് ആഗസ്റ്റ് 13ന് ജാമ്യമനുവദിച്ചു ബോംബെ ഹൈക്കോടതി. യു എ പി എയിലെയും മറ്റു നിയമങ്ങളിലെയും വിവിധ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട ഇഖ്ബാൽ അഹ്മദിനും പുറം ലോകം കാണാൻ വഴിതെളിഞ്ഞത് കോടതിയുടെ ഭരണഘടനാ പൊരുളുൾക്കൊണ്ട നിയമ വ്യാഖ്യാനത്തിലൂടെ തന്നെയാണ്. ജാമ്യം അവകാശമാണെന്നും സംശയാതീതമായി കുറ്റം തെളിയിക്കപ്പെടാത്ത കാലത്തോളം കുറ്റാരോപിതനെ നിരപരാധിയായി കണക്കാക്കണമെന്നുമുള്ള നീതിബോധം യു എ പി എയിലെ കരിനിയമങ്ങളിൽ കടലെടുത്തു പോയികൊണ്ടിരിക്കുന്ന ഒരു ദശാസന്ധിയിൽ ഭരണഘടനാ കോടതികൾ പൗരസമൂഹത്തിലേക്ക് പ്രവഹിപ്പിക്കുന്ന ഊർജം ചെറുതല്ല. ഭരണകൂടത്തിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ജനാധിപത്യ ഭരണഘടനാവകാശങ്ങളുടെ ബലത്തിൽ പ്രതിഷേധിക്കുന്നവരെയെല്ലാം ഒതുക്കാൻ പോന്ന ആയുധമായി കരിനിയമങ്ങളെ ദുരുപയോഗം ചെയ്യുന്ന കാലത്ത് മറുമരുന്നാവുകയാണ് നമ്മുടെ നീതിപീഠങ്ങൾ. ഭരണഘടനാ മൂല്യങ്ങളുടെ ആശയാടിത്തറയിൽ നിലയുറപ്പിച്ച് എക്സിക്യൂട്ടീവിനെ തിരുത്താൻ ജുഡീഷ്യറി ജാഗ്രത കാണിച്ചാൽ ജനാധിപത്യ പാതയിലേക്കുള്ള രാജ്യത്തിന്റെ തിരിച്ചുപോക്ക് എളുപ്പമാകും. തെരുവിൽ ശബ്ദമുയർത്തിക്കൊണ്ടിരിക്കുന്ന അനേകായിരങ്ങൾക്ക് നീതിപീഠത്തിലുള്ള വിശ്വാസം ദൃഢമാകാൻ അതൊരു നിമിത്തമാവുകയും ചെയ്യും.

---- facebook comment plugin here -----

Latest