Connect with us

virat kohli

ടി20 ലോകകപ്പ് കിരീടം എന്ന സ്വപ്‌നം ബാക്കി; അവസാന ടി20യില്‍ വിജയത്തോടെ സ്ഥാനമൊഴിഞ്ഞ് കോലി

2017 ല്‍ മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി ക്യാപ്റ്റന്‍സി ഒഴിഞ്ഞതിനെത്തുടര്‍ന്നാണ് കോലി മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യന്‍ ക്യാപ്റ്റനായി എത്തുന്നത്. അന്നുമുതല്‍ ഇന്ത്യന്‍ ടീമിന്റെ മികച്ച പല വിജയങ്ങള്‍ക്കും ചുക്കാന്‍ പിടിക്കാന്‍ കഴിഞ്ഞെങ്കിലും ഒരു ലോകകപ്പ് കിരീടം സ്വന്താക്കാന്‍ കഴിഞ്ഞില്ലെന്ന വിടവോടെയാണ് കോലി ക്യാപ്റ്റന്‍സി ഒഴിയുന്നത്

Published

|

Last Updated

ദുബൈ | ടി20 ലോകകപ്പിന് ശേഷം സ്ഥാനമൊഴിയും എന്ന് പ്രഖ്യാപിച്ചതിന് ശേഷമായിരുന്നു ക്യാപ്റ്റന്‍ വിരാട് കോലിയുടെ നേതൃത്വത്തില്‍ ടീം ഇന്ത്യ ടൂര്‍ണമെന്റിനെ നേരിട്ടത്. ആദ്യ മത്സരത്തില്‍ തന്നെ പാക്കിസ്ഥാനെതിരെ പത്ത് വിക്കറ്റിന്റെ വലിയ തോല്‍വി ഏറ്റുവാങ്ങിയ ടീം ഇന്ത്യ കോലിക്ക് വേണ്ടി ഒരു ലോകകപ്പ് എന്ന ലക്ഷ്യത്തില്‍ നിന്നെ മെല്ലെ പതറി വീണ് തുടങ്ങിയിരുന്നു. രണ്ടാം മത്സരത്തില്‍ ന്യൂസിലാന്‍ഡിനോട് എട്ട് വിക്കറ്റിന് പരാജയപ്പെട്ടതോടെ സെമി ഫൈനല്‍ പ്രവേശനത്തിന് മറ്റ് ടീമുകളുടെ കാരുണ്യവും നെറ്റ് റണ്‍ റേറ്റിലെ കണക്കിന്റെ കളികളിലും പ്രതീക്ഷവെച്ചിരിക്കുകയായിരുന്നു, ടീം ഇന്ത്യ. പിന്നീടുള്ള കളികളില്‍ മികച്ച പ്രകടനം പുറത്തെടുത്ത് റണ്‍റേറ്റില്‍ തങ്ങളുടെ ഭാഗം പൂര്‍ത്തിയാക്കിയെങ്കിലും അഫ്ഗാനിസ്ഥാനെതിരെ ന്യൂസിലാന്‍ഡ് പ്രതീക്ഷിത വിജയം നേടിയതോടെ ടീമിന് ടൂര്‍ണമെന്റിന്റെ പുറത്തേക്കുള്ള വഴി തുറക്കുകയായിരുന്നു. അങ്ങനെ നമീബിയക്ക് എതിരായ അവസാന മത്സരത്തില്‍ ഒമ്പത് വിക്കറ്റിന്റെ വലിയ വിജയം നേടി ദുബൈയില്‍ നിന്നും മടങ്ങുകയാണ് കോലിയും ടീമും. സ്ഥാനമൊഴിയുന്ന ക്യാപ്റ്റന്‍ കോലിക്കൊപ്പം മുഖ്യ പരിശീലകന്‍ രവി ശാസ്ത്രിക്കും ഇത് അവസാന മത്സരമായിരുന്നു.

2017 ല്‍ മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി ക്യാപ്റ്റന്‍സി ഒഴിഞ്ഞതിനെത്തുടര്‍ന്നാണ് കോലി മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യന്‍ ക്യാപ്റ്റനായി എത്തുന്നത്. അന്നുമുതല്‍ ഇന്ത്യന്‍ ടീമിന്റെ മികച്ച പല വിജയങ്ങള്‍ക്കും ചുക്കാന്‍ പിടിക്കാന്‍ കഴിഞ്ഞെങ്കിലും ഒരു ലോകകപ്പ് കിരീടം സ്വന്താക്കാന്‍ കഴിഞ്ഞില്ലെന്ന വിടവോടെയാണ് കോലി ക്യാപ്റ്റന്‍സി ഒഴിയുന്നത്. പുതിയ കാലത്തെ ക്രിക്കറ്റിലെ ഏറ്റവും മികച്ച കളിക്കാരനെന്നും ക്യാപ്റ്റനെന്നും വിലയിരുത്തപ്പെടുന്ന കോലിയുടെ കരിയറില്‍ ഇത് വലിയ പോരായ്മയായി തന്നെ തുടരും. ധോണിക്ക് ശേഷം ഏറ്റവും മികച്ച ഇന്ത്യന്‍ ടി20 ക്യാപ്റ്റന്‍ എന്ന നേട്ടത്തോടുകൂടിയാണ് കോലി സ്ഥാനം ഒഴിയുന്നത്.

ഇന്ത്യന്‍ ടീമിനെ ആകെ 50 അമ്പത് ടി20 മത്സരങ്ങളില്‍ ആണ് കോലി നയിച്ചത്. അതില്‍ 30 വിജയങ്ങള്‍ കോലിയുടെ നേതൃത്വത്തില്‍ ടീം ഇന്ത്യ നേടി. 16 എണ്ണത്തില്‍ തോല്‍ക്കുകയും രണ്ട് മത്സരങ്ങള്‍ ഉപേക്ഷിക്കപ്പെടുകയും ചെയ്തു. 42 വിജയങ്ങള്‍ നേടിയ ക്യാപ്റ്റന്‍ ധോണിക്ക് പിന്നിലാണ് ടി20 വിജയങ്ങളില്‍ ക്യാപ്റ്റന്‍ കോലി. അമ്പതോ അതിലധികമോ മത്സരങ്ങളില്‍ ടീമിനെ നയിച്ച ക്യാപ്റ്റന്മാരുടെ പട്ടികയില്‍ ഏഴാമതാണ് ധോണി.

ആസ്‌ത്രേലിയയുടെ ആരോണ്‍ ഫിഞ്ചിന് പിന്നാലെ ടി20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ ക്യാപ്റ്റനും കോലിയാണ്. ഇന്ത്യന്‍ ടി20 ടീമിന്റെ ക്യാപ്റ്റനായിരിക്കെ 140.55 സ്‌ട്രൈക്ക് റേറ്റില്‍ 1,570 റണ്‍സ് കോലി നേടിയിട്ടുണ്ട്. 54 മത്സരങ്ങളില്‍ ആസ്‌ത്രേലിയയെ നയിച്ച ഫിഞ്ച് 1,719 റണ്‍സാണ് ക്യാപ്റ്റന്‍ എന്ന നിലയില്‍ നേടിയത്.

വളരെ പ്രധാനപ്പെട്ട പല പരമ്പര വിജയങ്ങളും കോലിയുടെ നേതൃത്വത്തില്‍ ടീം ഇന്ത്യ നേടിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കക്കെതിരെയും ഇംഗ്ലണ്ടിനെതിരേയും അവരുടെ തട്ടകത്തില്‍ 2018 പരമ്പര വിജയങ്ങള്‍ നേടി. 2019 ല്‍ 3-0 എന്ന മാര്‍ജിനില്‍ വെസ്റ്റ് ഇന്‍ഡീസിനെ അവരുടെ നാട്ടില്‍ പരാജയപ്പെടുത്തിയതും കോലിയുടെ നേതൃത്വത്തിലായിരുന്നു. 2020 ല്‍ ന്യൂസിലാന്‍ഡിനെതിരേയും ആസ്‌ത്രേലിയക്ക് എതിരേയും അവരുടെ നാട്ടില്‍ കോലിപ്പട പരമ്പര വിജയങ്ങല്‍ നേടുകയുണ്ടായി.

Latest