Connect with us

cover story

ദാര്‍ശനികതയുടെ വാക്കൊഴുക്ക്

ജന്മനാടായ ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴയില്‍ വയനശാലാ വാര്‍ഷികത്തില്‍ പങ്കെടുത്ത് പ്രസംഗിച്ചു നാട്ടുകാരുടെ കൈയടി വാങ്ങിയ പതിനെട്ടുകാരന്റെ ആവേശം അവസാന നിമിഷം വരെ കാത്ത് സൂക്ഷിച്ചിരുന്ന വൈലിത്തറ മതപ്രഭാഷണ രംഗത്തെ ഇതിഹാസമാണ്. പരന്ന വായന, വിവിധ മതഗ്രന്ഥങ്ങളെക്കുറിച്ച് ആഴത്തിലുള്ള അറിവ്, സാധാരണക്കാരെയും അഭ്യസ്തവിദ്യരെയും ഒരേ പോലെ കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്താനുള്ള അസാമാന്യ കഴിവ്, ആരെയും അതിശയിപ്പിക്കുന്ന ഓർമശക്തി, വ്യത്യസ്ത ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യാനുള്ള ശേഷി, മതപരമായ കാര്യങ്ങൾക്ക് ശാസ്ത്രീയമായ അടിത്തറ കണ്ടെത്തി സോദാഹരണം ശ്രോതാക്കളെ ധരിപ്പിക്കാനുള്ള അസാമാന്യ പാടവം ഇതെല്ലാം ഒത്തിണങ്ങിയ പ്രഭാഷകനായിരുന്നു വൈലിത്തറ.

Published

|

Last Updated

പതിവ് പോലെ അന്നും ഉസ്താദ് ളുഹായുടെ സമയത്ത് വുളുവെടുക്കാനാരംഭിച്ചതാണ്.ശുദ്ധിയുടെയും ശുദ്ധീകരണത്തിന്റെയും കാര്യത്തിൽ കാർക്കശ്യം പുലർത്തുന്ന ഉസ്താദ്, സുന്നത്തുകളെല്ലാം പാലിച്ചേ വുളുവെടുക്കൂ.ഇതിന് ദീർഘസമയമെടുക്കും. ഒന്നര പതിറ്റാണ്ടായി നിഴൽപോലെ തന്നെ പിന്തുടർന്ന് ഖിദ്മത്തെടുത്തുവന്ന കുടക് സ്വദേശി ഇർശാദ് നാട്ടിൽ പോയിരുന്നതിനാൽ മകൻ സഹൽ റഹ്മാനായിരുന്നു ബാപ്പയെ വുളുവെടുപ്പിക്കാനുള്ള ഊഴം. വുളുവെടുത്ത് തുടങ്ങിയതോടെ ഉസ്താദിന് ചെറിയ നെഞ്ച് വേദന അനുഭവപ്പെട്ടു. കാര്യങ്ങൾ കൈവിട്ടെന്നു കണ്ടതോടെ മകൻ സഹൽ വീട്ടിലുണ്ടായിരുന്ന ബന്ധുക്കളെയെല്ലാം ഉച്ചത്തിൽ വിളിച്ചു സമീപത്തേക്കെത്തിച്ചു. എല്ലാവരും ചേർന്ന് ഉസ്താദിനെ കട്ടിലിലേക്ക് മാറ്റി. ഉടൻ തന്നെ ബന്ധുകൂടിയായ സമീപത്തെ ഡോക്ടറെ വിളിച്ചുവരുത്തിയെങ്കിലും ബാപ്പയുടെ അവസാന യാത്രയിലേക്കുള്ള വുളുവായിരുന്നു അതെന്ന് തിരിച്ചറിയുകയായിരുന്നു മക്കളും ചെറുമക്കളുമടക്കം അവിടെയുണ്ടായിരുന്ന കുടുംബക്കാർ. അല്ലാഹ് എന്നുള്ള നീട്ടിവിളിയോടെ, വിജ്ഞാന വിഹായസ്സിലേക്ക് എന്നും തുറന്നുപിടിച്ച ആ കണ്ണുകൾ എന്നെന്നേക്കുമായി അടഞ്ഞു.

പ്രഭാഷണകലയിലെ
ഇതിഹാസം

പ്രഭാഷണകലയുടെ കുലപതിയും മതപ്രഭാഷണ രംഗത്തെ ഇതിഹാസവുമായിരുന്ന വൈലിത്തറ മുഹമ്മദ് കുഞ്ഞ് മൗലവി പുതുതലമുറക്ക് പരിമിത പരിചയമാണെങ്കിലും പഴയതലമുറക്ക് പരിചയപ്പെടുത്തൽ ആവശ്യമില്ലാത്ത പണ്ഡിതശ്രേഷ്ഠനാണ്. വിവരസാങ്കേതിക വിദ്യയെ കുറിച്ച് ലോകം ചിന്തിച്ച് തുടങ്ങും മുമ്പെ അതിന്റെ സാധ്യതകളെ കുറിച്ചുപോലും ശ്രോതാക്കളെ ബോധ്യപ്പെടുത്തിക്കൊടുത്ത ധിഷണാശാലിയായ ഈ പ്രഭാഷകന്റെ ലോകപരിചയവും അറിവിന്റെ അഗാധതയും അളക്കാവുന്നതിനപ്പുറമായിരുന്നു. പ്രാഥമിക തലത്തിലുള്ള ഭൗതിക വിദ്യാഭ്യാസം നേടിയിട്ടില്ലാത്ത ഉസ്താദ് മതവിജ്ഞാനങ്ങൾക്കപ്പുറത്ത് സർവതല സ്പർശിയായ പ്രഭാഷണം കൊണ്ട് വിസ്മയം തീർത്തിരുന്നു. ആറ് പതിറ്റാണ്ട് കാലം കേരളത്തിനകത്തും പുറത്തും നിറഞ്ഞ സദസ്സിനെ അഭിസംബോധന ചെയ്ത് വാക്ചാതുരിയും പ്രഭാഷണമികവും കൊണ്ട് മലയാളികളുടെ സ്‌നേഹവും ആദരവും പിടിച്ചുപറ്റിയ അദ്ദേഹം, 21ാം വയസ്സിൽ ആരംഭിച്ച തന്റെ പ്രഭാഷണ സപര്യക്ക് വിരാമം കുറിച്ചത് പ്രായാധിക്യവും ശാരീരിക അവശതകൾ പിടികൂടുകയും ചെയ്തതോടെയാണ്. ഏതാനും നാളായി വൈലിത്തറയിലെ കുടുംബവീട്ടിൽ വിശ്രമത്തിലായിരുന്ന അദ്ദേഹം പക്ഷേ, അവസാന നിമിഷം വരെയും തന്റെ വിജ്ഞാന ഭണ്ഡാരത്തിന്റെ വലുപ്പം കൂട്ടിക്കൊണ്ടേയിരുന്നു.

ആലപ്പുഴ ജില്ലയിലെ തീരദേശ ഗ്രാമമായ തൃക്കുന്നപ്പുഴ പാനൂരിലെ വൈലിത്തറ തറവാടിന്റെ പേര് കേരളീയ സമൂഹത്തിൽ മുഴങ്ങാൻ തുടങ്ങിയിട്ട് ഒന്നര നൂറ്റാണ്ടിലധികമായി. സൂഫിവര്യനും പണ്ഡിതനുമായിരുന്ന വൈലിത്തറ മുഹമ്മദ് കുഞ്ഞ് മുസ്്ലിയാരുടെയും കുമ്പളത്ത് പരീക്കുട്ടിയുടെ മകൾ ആസിയയുടെയും മകനായി 1930ലാണ് ജനനം. സ്‌കൂളിൽ ചേർത്തിട്ടില്ലാത്തതിനാൽ കൃത്യമായ ജനനതീയതി രേഖപ്പെടുത്തപ്പെട്ടിട്ടില്ല. സമസ്തയുടെ സ്ഥാപക നേതാക്കളിൽ പെട്ട മഹാനായ ഖുതുബി മുഹമ്മദ് മുസ്്ലിയാരുടെ (ന.മ.) ശിഷ്യനും ദീർഘനാൾ സമസ്തയുടെ അധ്യക്ഷനായിരുന്ന കണ്ണിയത്ത് അഹ്മദ് മുസ്്ലിയാരുടെ (ന.മ.) സതീർഥ്യനുമായിരുന്നു വൈലിത്തറ മുഹമ്മദ് കുഞ്ഞ് മുസ്്ലിയാർ. പ്രവാചക സ്‌നേഹത്തിന്റെ നിറകുടമായിരുന്ന പിതാവിന് തന്റെ മകന് അതേ പേരല്ലാതെ മറ്റൊന്ന് ആലോചിക്കാനില്ലായിരുന്നു. ഇമാം ഗസ്സാലി (റ.അ.) വിന്റെയും പിതാവിന്റെയും പേരുകളിലെ സാമ്യവും ഇതിന് കാരണമായി. പണ്ഡിത ശ്രേഷ്ഠരായ പിതാവും മകനും ഒരേ പേരിൽ അറിയപ്പെടുന്നത് അപൂർവമാണ്. എങ്കിലും വൈലിത്തറയെ കുടുംബക്കാർ കൊച്ചുമുഹമ്മദ് എന്നാണ് വിളിച്ചിരുന്നത്. സ്കൂൾ വിദ്യാഭ്യാസം നേടിയിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ ഇംഗ്ലീഷ് പാണ്ഡിത്യം പ്രസംഗ വേദികളിൽ നിറഞ്ഞു നിന്നിരുന്നു. അക്ഷരം ചൊല്ലിപ്പഠിപ്പിച്ചത് ചെല്ലിക്കാട്ടിൽ ഗോവിന്ദനാശാനായിരുന്നു. സൂഫിവര്യനും പണ്ഡിതനും പ്രഭാഷകനുമായിരുന്ന പിതാവിൽ നിന്ന് തന്നെയാണ് വൈലിത്തറ പ്രാഥമിക പഠനം പൂർത്തിയാക്കിയത്. കളത്തിപ്പറമ്പിൽ മൊയ്തീൻകുഞ്ഞ് മുസ്്ലിയാരിൽ നിന്ന് ഖുർആൻ പഠനം പൂർത്തിയാക്കി. വമ്പേനാട് എം സി അബ്ദുൽ ഖാദിർ മുസ്്ലിയാർ, കോട്ടക്കൽ ഇബ്‌റാഹീം മുസ്്ലിയാർ, വടുതല കുഞ്ഞുബാവ മുസ്്ലിയാർ, കോടഞ്ചേരി ആലി മുസ്്ലിയാർ എന്നിവരാണ് പ്രധാന ഗുരുനാഥന്മാർ. ഉസ്താദുമാരുടെ പരിചരണത്തിലും മറ്റും പ്രത്യേക താത്പര്യമെടുത്തിരുന്നതിനാൽ ശിഷ്യനെ പ്രശംസിച്ചു പല ഗുരുനാഥന്മാരും കവിതകൾ എഴുതിയിട്ടുണ്ട്.

ജന്മനാടായ ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴയിൽ വയനശാലാ വാർഷികത്തിൽ പങ്കെടുത്ത് പ്രസംഗിച്ചു നാട്ടുകാരുടെ കൈയടി വാങ്ങിയ പതിനെട്ടുകാരന്റെ ആവേശം അവസാന നിമിഷം വരെ കാത്ത് സൂക്ഷിച്ചിരുന്ന വൈലിത്തറ മതപ്രഭാഷണ രംഗത്തെ ഇതിഹാസമാണ്. തൃക്കുന്നപ്പുഴ ജ്ഞാനോദയം വായനശാലയുടെ വാർഷികാഘോഷത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനത്തിൽ ആത്മവിദ്യാ സംഘത്തിന്റെ ആത്മീയ നേതാവ് ആര്യഭട്ട സ്വാമിയുടെ സാന്നിധ്യത്തിലായിരുന്നു ആദ്യ പ്രസംഗം. പ്രസംഗം കഴിഞ്ഞിറങ്ങിയപ്പോൾ “വണ്ടർഫുൾമാൻ’ എന്നുപറഞ്ഞു അദ്ദേഹം വൈലിത്തറയെ അഭിനന്ദിച്ചു. ഇത് തനിക്ക് പ്രഭാഷണ രംഗത്ത് വേരുറപ്പിക്കാൻ പ്രചോദനമായി. വമ്പേനാട് ദറസിലെ സാഹിത്യ സമാജത്തിലൂടെയാണ് പ്രഭാഷണ കലയെ വൈലിത്തറ വളർത്തിയെടുത്തത്. താമല്ലാക്കൽ പള്ളി അങ്കണത്തിൽ 12 ദിവസത്തെ റമസാൻ പ്രഭാഷണം. മലബാറിലെ ആദ്യ പരിപാടി വടകര ബുസ്താനുൽ ഉലൂം മദ്‌റസ വാർഷികോദ്ഘാടനമായിരുന്നു. ആദ്യ മതപ്രഭാഷണ പരമ്പര കോഴിക്കോട് കുറ്റിച്ചിറ അൻസ്വാറുൽ മുസ്്ലിമീൻ മദ്‌റസാങ്കണത്തിൽ. ഏഴ് ദിവസത്തേക്കാണ് ആദ്യം ഏറ്റത്. എങ്കിലും അത് 17 ദിവസം വരെ നീണ്ടു. അവസാന ദിവസങ്ങളിൽ ബാഫഖി തങ്ങളും കേൾവിക്കാരനായി. 10 മണി വരെയേ ഉച്ചഭാഷിണി അനുവദിക്കൂ. എങ്കിലും തന്റെ പ്രസംഗം പുലർച്ചെ രണ്ട് മണിവരെ നീണ്ടെങ്കിലും ആർക്കും പരാതിയില്ലായിരുന്നതായി വൈലിത്തറ ഈ വിനീതമായുള്ള അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.

പരന്ന വായന, വിവിധ മതഗ്രന്ഥങ്ങളെക്കുറിച്ചു ആഴത്തിലുള്ള അറിവ്, സാധാരണക്കാരെയും അഭ്യസ്ത വിദ്യരെയും ഒരേപോലെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്താനുള്ള അസാമാന്യ കഴിവ്, ആരെയും അതിശയിപ്പിക്കുന്ന ഓർമശക്തി, വ്യത്യസ്ത ഭാഷകൾ അനായാസം കൈകാര്യം ചെയ്യാനുള്ള കഴിവ്, മതപരമായ കാര്യങ്ങൾക്കു ശാസ്ത്രീയമായ അടിത്തറ കണ്ടെത്തി സോദാഹരണം ശ്രോതാക്കളെ ധരിപ്പിക്കാനുള്ള അസാമാന്യ പാടവം ഇതെല്ലാം ഒത്തിണങ്ങിയ പ്രഭാഷകനായിരുന്നു വൈലിത്തറ. പഴയകാലത്തെ മതപ്രഭാഷണ പരമ്പരകളിൽ നിന്ന് യുവാക്കളും അഭ്യസ്തവിദ്യരും ഏറെ അകലം പാലിച്ചിരുന്നു.വഹാബി മൗദൂദികളും മറ്റു ഉൽപതിഷ്ണുക്കളും മതപ്രസംഗമെന്ന പേരിൽ നടത്തിവന്ന പ്രഭാഷണ പരിപാടികൾ ഈ വിഭാഗത്തെ ആകർഷിക്കാൻ തുടങ്ങിയതോടെ ഇവരുടെ ഒഴുക്ക് തടയുക എന്ന ലക്ഷ്യത്തോടെയാണ് സ്‌റ്റേറ്റുകാരനായ വൈലിത്തറയെ മലബാറിൽ മതപ്രഭാഷണത്തിന് ക്ഷണിച്ചു തുടങ്ങിയത്. പരമ്പരാഗത ശൈലിയിൽ നിന്ന് വ്യത്യസ്തമായ തന്റെ പ്രഭാഷണത്തിന് മലബാറിൽ നല്ല സ്വീകാര്യം ലഭിച്ചു.തന്നെയുമല്ല, സുന്നത്ത് ജമാഅത്തിന്റെ വിരുദ്ധ കക്ഷികൾ പോലും ശ്രോതാക്കളായെത്തുകയും ചെയ്തിരുന്നു. സുന്നി വിരുദ്ധർ എന്നും വിമർശന വിധേയമാക്കിയിരുന്ന തവസ്സുൽ, ഇസ്തിഗാസ തുടങ്ങിയ വിഷയങ്ങൾ ശാസ്ത്രീയ തെളിവുകളോടെയും നല്ല ശൈലിയിലും അവതരിപ്പിച്ചതോടെ എതിരാളികൾ നാവടക്കാൻ നിർബന്ധിതരാകുകയായിരുന്നു. തന്റെ പ്രസംഗത്തിനെതിരെ ഒരിടത്തു പോലും ഏതെങ്കിലും വിഭാഗം മറുപടി പ്രസംഗം വെച്ചിരുന്നില്ലെന്നത് തന്നെ അദ്ദേഹത്തിന്റെ പ്രഭാഷണത്തിന് ലഭിച്ച അംഗീകാരമാണ്. സുന്നത്ത് ജമാഅത്തിന്റെ ആശയങ്ങൾ ശ്രോതാക്കളിൽ അരക്കിട്ടുറപ്പിച്ച ശേഷം മാത്രമേ ഓരോ പ്രസംഗ പരിപാടിയും അവസാനിപ്പിക്കാറുണ്ടായിരുന്നുള്ളൂ.

കേരളത്തിലങ്ങോളമിങ്ങോളം തലയുയർത്തി നിൽക്കുന്ന അംബരചുംബികളായ നിരവധി പള്ളി മിനാരങ്ങൾക്കും മദ്‌റസാ കെട്ടിടങ്ങൾക്കും മതസ്ഥാപനങ്ങൾക്കും വൈലിത്തറയുടെ പ്രഭാഷണങ്ങളുടെ ചരിത്രം പറയാനുണ്ടാകും.പള്ളികളുടെയും മറ്റു മതസ്ഥാപനങ്ങളുടെയും നിർമാണത്തിനുള്ള ഫണ്ട് സ്വരൂപിക്കുന്നതിന് മതപ്രഭാഷണ പരമ്പര സംഘടിപ്പിക്കുന്നവർ കാലങ്ങളായി ആദ്യം കണ്ടിരുന്നത് വൈലിത്തറയെയായിരുന്നു. ആദ്യകാലത്ത് തനി നാടൻ വേഷത്തിലെത്തിയിരുന്ന ഈ മതപ്രഭാഷകനെ കണ്ട് പലരും സദസ്സ് വിട്ടിട്ടുണ്ട്. എന്നാൽ മതപ്രഭാഷണത്തിന്റെ അകംപൊരുൾ കേട്ടപ്പോൾ സദസ്സ് വിട്ടവർ തിരികെ വന്ന ചരിത്രമാണുള്ളത്. മുസ്്ലിംകൾക്ക് ഇതര മത തത്വങ്ങളെക്കുറിച്ചും ഇതര മതസ്ഥർക്ക് ഇസ്്ലാമിനെക്കുറിച്ചും പരിചയപ്പെടുത്താനുള്ള വൈലിത്തറയുടെ കഴിവ് എല്ലാ വിഭാഗക്കാരുടെയും പ്രശംസ പിടിച്ചുപറ്റി. അതുകൊണ്ട് തന്നെ നിയമ പാലകരായാലും മറ്റു ഉദ്യോഗസ്ഥരായാലും വൈലിത്തറ പ്രഭാഷണത്തിനെത്തുന്നിടത്ത് അവർ എത്തുന്നത് ശ്രോതാക്കളായിട്ടു മാത്രമായിരുന്നു.

മതപ്രഭാഷണ വേദികളിൽ ഗദ്യപദ്യസമ്മിശ്രമായ നീട്ടിയ ശൈലിയിൽ നിന്ന് ക്ലാസ് ശൈലിയിലേക്കുള്ള മാറ്റത്തിന് തുടക്കം കുറിച്ചത് വൈലിത്തറയാണ്. ക്ലാസ്സെടുക്കുമ്പോലെയാണ്.ഇടക്കിടെ ഇംഗ്ലീഷ് ഉദ്ധരിണികളും ബൈബിൾ, ഭഗവദ്ഗീത, ഉപനിഷത്ത് വചനങ്ങളുമൊക്കെ മതവേദികളിൽ പറയുന്നത് അക്കാലത്ത് വിസ്മയമായിരുന്നു. ആ നിലയിലുള്ള കൗതുകവും വൈലിത്തറ പ്രഭാഷണ സദസ്സുകളിലേക്ക് ആളുകളെ കൂട്ടി. അങ്ങനെ വലിയൊരംഗീകാരവും വയലിത്തറക്ക് ലഭിച്ചു. വഅളിൽ ചരിത്രവും ശാസ്ത്രവും പുരാണവും നിയമവുമൊക്കെയുണ്ടാകും. മേമ്പൊടിയായി നാടൻ ഉപമകളും. വടിവൊത്ത ഭാഷ. ഇതര മത ഗ്രന്ഥങ്ങളായ ബൈബിളിലെയും ഭഗവത്ഗീതയിലെയും സന്ദേശങ്ങളും കവിതകളും ആംഗലേയ സാഹിത്യകാരന്മാരുടെ ഇംഗ്ലീഷ് ഉദ്ധരണികളുമെല്ലാം കോർത്തിണക്കിയുള്ള വൈലിത്തറയുടെ പ്രഭാഷണത്തിന്റെ അടുക്കും ചിട്ടയും എല്ലാ വിഭാഗമാളുകളെയും ഒരുപോലെ ആകർഷിക്കുന്നതായിരുന്നു.

പ്രഭാഷണം തുടങ്ങിയാൽ സദസ്സ് വൈലിത്തറയുടെ നിയന്ത്രണത്തിലായിരിക്കും. സംഘാടകർക്ക് പോലും സദസ്സിൽ കറങ്ങി നടക്കാനോ വെറുതെ എണീറ്റുപോകാനോ പറ്റില്ല. വലിയ ആദരവാണ് അദ്ദേഹത്തിന് ലഭിച്ചിരുന്നത്. അദ്ദേഹത്തെ കാറിലാണ് പ്രഭാഷണത്തിന് കൊണ്ടുവരിക. നാട്ടിലെ പ്രമുഖൻമാർ തന്നെ വീട്ടിൽ ആതിഥ്യമരുളുകയും ചെയ്യുമായിരുന്നു. വഅളന്മാർ പള്ളിയുടെ കോലായിയിൽ അന്തിയുറങ്ങേണ്ടവരാണെന്ന് വിധിക്കപ്പെട്ടിരുന്ന കാലത്ത് വൈലിത്തറയുടെ കടന്നുവരവ് ഇതിനും കാര്യമായ മാറ്റമുണ്ടാക്കി. മതപ്രഭാഷണത്തിനെത്തുന്ന തനിക്കൊരുക്കുന്ന സൗകര്യങ്ങളെ വിമർശന വിധേയമാക്കിയവരുണ്ടെങ്കിലും അതൊന്നും അദ്ദേഹം കാര്യമായെടുത്തിരുന്നില്ല. തന്നെ മതപ്രഭാഷണ പരിപാടികൾക്ക് ക്ഷണിക്കാൻ വരുന്നവർ അഡ്വാൻസ് പണമേൽപ്പിക്കാൻ ശ്രമിച്ചതിന്റെ പേരിൽ പരിപാടി ഒഴിവാക്കിയ സംഭവം പോലുമുണ്ടായിട്ടുണ്ടെന്ന് വൈലിത്തറ പങ്ക് വെച്ചിട്ടുണ്ട്.
കാന്തപുരം എ പി അബൂബക്കർ മുസ്്ലിയാരോട് വലിയ സ്‌നേഹമായിരുന്നു. കാന്തപുരം ഉസ്താദിന് തിരിച്ചും. മലബാറിലെ പ്രസംഗവേദികളിൽ നിറഞ്ഞു നിന്നിരുന്ന വ്യക്തിത്വങ്ങളായിരുന്നു ഇരുവരും എന്നത് മാത്രമല്ല ഈ സ്‌നേഹത്തിന് ആധാരം. കാന്തപുരം സമുദായത്തിനായി ചെയ്യുന്ന പ്രവർത്തനങ്ങൾ കണക്കിലെടുത്താണിത്. മറ്റൊരു പണ്ഡിതരുമായും ഇത്രയേറെ അടുപ്പം വൈലിത്തറക്കില്ലായിരുന്നു. വിശ്രമജീവിതത്തിലായിരുന്ന സ്‌നേഹിതനെ കാണാൻ സമയം കിട്ടുമ്പോഴെല്ലാം കാന്തപുരം ഉസ്താദ് വൈലിത്തറയിലെ വീട്ടിലെത്തുമായിരുന്നു. വൈലിത്തറയുടെ വീട് നിൽക്കുന്ന പാനൂരിലേക്ക് യാത്രാ സംവിധാനങ്ങൾ കുറവായിരുന്ന കാലത്ത് ദേശീയപാതയിൽ തോട്ടപ്പള്ളിയിൽ വാഹനം നിർത്തി അഞ്ച് കിലോമീറ്റർ വരെ നടന്നുപോലും ബാപ്പിച്ചിയെ കാണാൻ കാന്തപുരം ഉസ്താദ് എത്തിയിട്ടുണ്ടെന്ന് മകൻ മുജീബ് ഓർക്കുന്നു. അത്രമാത്രം ബന്ധമായിരുന്നു ഇരുവരും തമ്മിൽ. ഏറ്റവുമൊടുവിൽ കഴിഞ്ഞ വർഷം മേയിൽ വീട്ടിലെത്തി അമീറുൽഖുത്വബ പട്ടം നൽകി ആദരിക്കുകയും ചെയ്തു. അടുത്തിടെ കാന്തപുരം ഉസ്താദിന് സുഖമില്ലെന്നറിഞ്ഞത് മുതൽ രാവും പകലും പ്രത്യേക പ്രാർഥനകളിലായിരുന്നു. “തന്നെക്കൊണ്ട് ആർക്കും ഗുണമില്ല, എ പിയെ സമുദായത്തിനാവശ്യമാണ്. അദ്ദേഹത്തിന്റെ ദീർഘായുസ്സിനായി പ്രാർഥിക്കണമെന്ന്’ മക്കളോടും തന്നെ സന്ദർശിക്കാനെത്തുന്നവരോടുമെല്ലാം പറയുമായിരുന്നു. കാന്തപുരം ഉസ്താദ് സുഖം പ്രാപിച്ചയുടൻ, വൈലിത്തറക്ക് തന്റെ ശിഷ്യൻ വശം കത്ത് കൊടുത്തയച്ച് സ്‌നേഹബന്ധം ഒരിക്കൽ കൂടി അരക്കിട്ടുറപ്പിച്ചു.

നവതി പിന്നിട്ട ആ ധന്യ ജീവിതത്തിന് റജബ് എട്ടിന് (ജനുവരി 31) തിരശ്ശീല വീഴുമ്പോൾ ലോകമെമ്പാടുമുള്ള മലയാളി സമൂഹം ഏറെ ദുഃഖത്തോടെയാണ് ആ വാർത്ത കേട്ടത്. സമൂഹത്തിന്റെ നാനാതുറകളിലുള്ള പ്രമുഖരടക്കം ആയിരങ്ങളാണ് ഉസ്താദിന്റെ വിയോഗ വാർത്തയറിഞ്ഞ് വൈലിത്തറ തറവാട്ടിലെത്തിയത്. ആറ് പതിറ്റാണ്ട് കാലം കേരളത്തിലങ്ങോളമിങ്ങോളം സഞ്ചരിച്ച് പ്രഭാഷണങ്ങൾ നടത്തിയിട്ടും കാര്യമായ സമ്പാദ്യമൊന്നുമില്ലാതെയാണ് അദ്ദേഹം ജീവിച്ചത്. ആദ്യകാലം മുതൽ മതപ്രഭാഷണ പരിപാടികൾക്ക് ക്ഷണിക്കാനെത്തിയവർ കണ്ടിട്ടുള്ള പഴയ ഓടിട്ട വീട്ടിൽ തന്നെയായിരുന്നു അദ്ദേഹം ജീവിതാവസാനം വരെ കഴിഞ്ഞിരുന്നത്. വേണാട്ട് ഹൈദ്രോസ് മുസ്്ലിയാരുടെ മകൾ പരേതയായ ഖദീജയാണ് ഭാര്യ. മൂന്ന് ആൺമക്കളും രണ്ട് പെൺമക്കളുമാണ് ഉസ്താദിന്. ഡോ. എം കെ മുനീർ, യു എ ബീരാൻ, വി കെ ഇബ്‌റാഹീംകുഞ്ഞ് എന്നിവർ മന്ത്രിമാരായിരുന്നപ്പോൾ അവരുടെ പേഴ്‌സണൽ സ്റ്റാഫായി മൂത്തമകൻ അഡ്വ. മുജീബുർറഹ്്മാൻ പ്രവർത്തിച്ചിരുന്നു. ജാസ്മിൻ, എം ജി സർവകലാശാല റിട്ട. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ സുഹൈൽ വയലിത്തറ, സഹൽ (ബിസിനസ്), തസ്‌നി എന്നിവരാണ് മറ്റു മക്കൾ.

 

ഹരിപ്പാട് നടന്ന ഹുബ്ബുർറസൂൽ റാലിയിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്്ലിയാർ വൈലിത്തറ മുഹമ്മദ് കുഞ്ഞ് മൗലവിയെ ആദരിക്കുന്നു (ഫയൽചിത്രം)

Latest