National
നിര്‍ണായക പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കും, കേരളവും പ്രതീക്ഷയില്‍; കേന്ദ്ര ബജറ്റ് ഇന്ന്
അതിവേഗ റെയില്‍പാത, എയിംസ്, വയനാട് പുനരധിവാസ ഫണ്ട് എന്നിവയൊക്കെ കേരളം പ്രതീക്ഷിക്കുന്നു.
ന്യൂഡല്‍ഹി | കേന്ദ്ര ബജറ്റ് ഇന്ന് ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലിമെന്റില്‍ അവതരിപ്പിക്കും. രാവിലെ 11നാണ് ബജറ്റ് അവതരണം.
ഞായറാഴ്ച ബജറ്റ് അവതരണം അസാധാരണം
ഞായറാഴ്ച ബജറ്റ് അവതരിപ്പിക്കുന്നത് അസാധാരണമായ നടപടിയാണ്. അതേസമയം, വാരാന്ത്യങ്ങളിലെ ബജറ്റ് അവതരണം പുതിയ കാര്യമല്ല. കഴിഞ്ഞ വര്‍ഷത്തെ ബജറ്റ് തന്നെ മന്ത്രി നിര്‍മല ശനിയാഴ്ചയാണ് അവതരിപ്പിച്ചത്. ഇതിനു മുമ്പ് അരുണ്‍ ജെയ്റ്റ്‌ലി ധനകാര്യ മന്ത്രിയായിരുന്നപ്പോള്‍ 2015, 2016 വര്‍ഷങ്ങളിലെ ബജറ്റ് അവതരിപ്പിച്ചത് ഫെബ്രുവരി 28 ശനിയാഴ്ചയായിരുന്നു. 2017 മുതലാണ് ബജറ്റ് അവതരണ തീയതി ഫെബ്രുവരി 28ല്‍ നിന്ന് ഫെബ്രുവരി ഒന്നിലേക്ക് മാറ്റിയത്. ബജറ്റ് നിര്‍ദേശങ്ങള്‍ വേഗത്തില്‍ നടപ്പിലാക്കുന്നത് ഉറപ്പാക്കുന്നതിനാണ് ഇതെന്നാണ് ധനകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം.
നിര്‍ണായക പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കും
നിലവിലുള്ള കീഴ് വഴക്കങ്ങള്‍ തിരുത്തിക്കുറിക്കുന്ന നിര്‍ണായക പ്രഖ്യാപനങ്ങള്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ നടത്തുമെന്നാണ് സൂചന. നിര്‍മല അവതരിപ്പിക്കുന്ന തുടര്‍ച്ചയായ ഒമ്പതാം ബജറ്റാണിത്. സാധാരണയായി ബജറ്റ് പ്രസംഗത്തിന്റെ ആദ്യ ഭാഗത്തിനാണ് (Part A) കൂടുതല്‍ പ്രാധാന്യം നല്‍കാറുള്ളതെങ്കില്‍, ഇത്തവണ നികുതി നിര്‍ദേശങ്ങളും സാങ്കേതിക പ്രഖ്യാപനങ്ങളും ഉള്‍പ്പെടുന്ന രണ്ടാം ഭാഗത്തിന് (Part B) കൂടുതല്‍ ഊന്നല്‍ നല്‍കാനാണ് സര്‍ക്കാര്‍ നീക്കം. രാജ്യത്തിന്റെ സാമ്പത്തിക വീക്ഷണവും പരിഷ്‌കരണ അജണ്ടകളും വിശദീകരിക്കുന്ന പ്രധാന വേദിയായി രണ്ടാം ഭാഗം മാറുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
‘പരിഷ്‌കരണ എക്‌സ്പ്രസ്സ്’ എന്ന് ആഭ്യന്തരമായി വിശേഷിപ്പിക്കപ്പെടുന്ന 2026-27 ബജറ്റ്, ആഗോള സാമ്പത്തിക മാന്ദ്യത്തിനിടയിലും ആഭ്യന്തര വളര്‍ച്ച ലക്ഷ്യമിട്ടുള്ളതാകും. ചട്ടങ്ങള്‍ ലഘൂകരിക്കുക, ആഭ്യന്തര ഉത്പാദനം ശക്തിപ്പെടുത്തുക എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷ്യങ്ങള്‍. പ്രത്യേകിച്ച്, ഇറക്കുമതി തീരുവയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ കുറയ്ക്കുന്നതിനും നടപടിക്രമങ്ങള്‍ ലളിതമാക്കുന്നതിനുമായി കസ്റ്റംസ് ഡ്യൂട്ടി ഘടനയില്‍ വിപുലമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. ഇത് ആഗോള വ്യാപാര വിപണിയില്‍ ഇന്ത്യയുടെ മത്സരശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.
സെസ്, എക്‌സ്‌പോര്‍ട്ട് ഓറിയന്റഡ് യൂണിറ്റുകള്‍ എന്നിവയെ സംയോജിപ്പിച്ചുകൊണ്ട് ഏകീകൃത കയറ്റുമതി-ഉത്പാദന മേഖല പ്രഖ്യാപിച്ചേക്കുമെന്നതാണ് മറ്റൊരു പ്രധാന വാര്‍ത്ത. ഇന്ത്യയെ ഒരു ആഗോള നിര്‍മാണ ഹബ്ബാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണിത്.
പ്രതീക്ഷയോടെ കേരളം
ബജറ്റിനെ പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ് കേരളവും. അതിവേഗ റെയില്‍പാത, എയിംസ്, വയനാട് പുനരധിവാസ ഫണ്ട് എന്നിവയൊക്കെ കേരളം പ്രതീക്ഷിക്കുന്നു.


