International
വീണ്ടും വെടിനിര്‍ത്തല്‍ ലംഘനം; ഗസയിലെ ഇസ്‌റാഈല്‍ ആക്രമണത്തില്‍ 32 പേര്‍ കൊല്ലപ്പെട്ടു
അനവധി പേര്‍ക്ക് പരുക്കേറ്റു. ഗസ സിറ്റി, അല്‍ മുവാസി, ഖാന്‍യൂനിസ് എന്നിവിടങ്ങളിലെ അഭയാര്‍ഥി കൂടാരങ്ങള്‍ ആക്രമണത്തിനിരയായി. ഷെയ്ഖ് റദ്വാനിലെ ഒരു പോലീസ് സ്റ്റേഷനും ആക്രമിക്കപ്പെട്ടു.
ഗസ സിറ്റി | വെടിനിര്‍ത്തലിന് പുല്ലിന്റെ വില പോലും കല്‍പ്പിക്കാതെ ഗസയില്‍ വീണ്ടും ഇസ്‌റാഈല്‍ ആക്രമണം. 32 പേരുടെ ജീവനാണ് ഇന്നലെ നടത്തിയ കടുത്ത ആക്രമണത്തില്‍ പൊലിഞ്ഞത്. അനവധി പേര്‍ക്ക് പരുക്കേറ്റു. ഗസ സിറ്റി, അല്‍ മുവാസി, ഖാന്‍യൂനിസ് എന്നിവിടങ്ങളിലെ അഭയാര്‍ഥി കൂടാരങ്ങള്‍ ആക്രമണത്തിനിരയായി. ഷെയ്ഖ് റദ്വാനിലെ ഒരു പോലീസ് സ്റ്റേഷനും ആക്രമിക്കപ്പെട്ടു. ഹമാസ് വെടിനിര്‍ത്തല്‍ ലംഘിച്ചെന്ന് ആരോപിച്ചാണ് ഇസ്‌റാഈല്‍ ആക്രമണം നടത്തിയത്.
മേഖലയില്‍ സുസ്ഥിരസമാധാനം ലക്ഷ്യമിട്ട് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സമാധാനസമിതിക്ക് രൂപം നല്‍കി വെടിനിര്‍ത്തലിന്റെ രണ്ടാംഘട്ടത്തിലേക്ക് കടക്കാനിരിക്കേയാണ് കരാര്‍ ലംഘനമുണ്ടാകുന്നത്.
യു എസ് മുന്നോട്ടുവെച്ച 20 ഇന സമാധാന പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 10-നാണ് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നത്. ഇതിനുശേഷം നിലവില്‍ വന്നതിനു ശേഷവും ആക്രമണങ്ങളുണ്ടായി. ഇതില്‍ ഇസ്‌റാഈല്‍ നടത്തുന്ന മാരകമായ ആക്രമണങ്ങളിലൊന്നാണ് ഇന്നലത്തേത്. വെടിനിര്‍ത്തല്‍ നിലവില്‍ വന്നതിനു ശേഷം ഇസ്‌റാഈല്‍ നടത്തിയ ആക്രമണങ്ങളില്‍ 509 ഫലസ്തീന്‍കാരാണ് കൊല്ലപ്പെട്ടത്.
ധാരണ പ്രകാരം ബന്ദിക്കൈമാറ്റം തിങ്കളാഴ്ചയോടെ ഹമാസ് പൂര്‍ത്തിയാക്കിയിരുന്നു. പിന്നാലെ ഈജിപ്തിനോടു ചേര്‍ന്ന റഫ അതിര്‍ത്തി തുറക്കാന്‍ ഇസ്‌റാഈല്‍ തീരുമാനിക്കുകയും ചെയ്തു.


