Connect with us

Siraj Article

മതേതര വിദ്യാഭ്യാസത്തിന് മരണമണി

ബോർഡ് ഓഫ് സ്റ്റഡീസിലോ അക്കാദമിക് കൗൺസിലിലോ അവതരിപ്പിക്കാതെ ഈ സിലബസ് വന്നത് സർവകലാശാലാ നിയമത്തിന്റേയും കീഴ്‌വഴക്കത്തിന്റേയും നഗ്‌നമായ ലംഘനമാണ്

Published

|

Last Updated

എം എ ഗവേണൻസ് ആൻഡ് പൊളിറ്റിക്‌സ് പാഠ്യപദ്ധതിയിൽ കണ്ണൂർ സർവകലാശാല, വർഗീയവാദികളായ ആർ എസ് എസ് സൈദ്ധാന്തികരുടെ പുസ്തകങ്ങൾ ഉൾപ്പെടുത്തിയതു മതേതര വിദ്യാഭ്യാസത്തെ തകർക്കാനുള്ള സംഘ്പരിവാർ അജൻഡക്ക് കൂട്ടു നിൽക്കലാണ്. വൈവിധ്യമാർന്ന ചിന്താഗതികൾ വിദ്യാർഥികൾക്കു പരിചയപ്പെടുത്തുക എന്ന സംവാദാത്മക സമീപനത്തിന്റെ അടിസ്ഥാനത്തിലാണിത് ചെയ്തിരിക്കുന്നതെന്ന ന്യായീകരണം സംഘ്പരിവാർ ശക്തികൾ അവതരിപ്പിക്കുന്ന വാദങ്ങളാണ്.

ബ്രിട്ടീഷുകാർക്കെതിരെ സ്വാതന്ത്ര്യ സമരം നടത്തുന്നത് അനാവശ്യമായ ഊർജ ഉപയോഗമാണെന്നും പകരം രാജ്യത്തിനുള്ളിലെ ശത്രുക്കളെ നേരിടാനാണു യുവജനങ്ങൾ ശ്രമിക്കേണ്ടതെന്നും മുസ്‌ലിംകളും ക്രിസ്ത്യാനികളും വൈദേശികരാണെന്നുമൊക്കെ വാദിക്കുന്ന ഇത്തരം പുസ്തകങ്ങൾ പാഠ്യപദ്ധതിയിലുൾപ്പെടുത്തിയാൽ പൊതുസമൂഹത്തിൽ അതുണ്ടാക്കുന്ന വിഭജനം അചിന്ത്യമായിരിക്കും.

മനുഷ്യ സമൂഹം ആധുനികമായി മുന്നേറുമ്പോൾ, പോയ കാലത്ത് ആധിപത്യം നേടിയിരുന്നതും ശാസ്ത്രീയ, മതേതര, ജനാധിപത്യ ധാരണകൾ വികസിച്ചു വരുന്നതിനനുസരിച്ച് വിസ്മൃതമാകുകയും ചെയ്ത വികല വിഭജന വാദങ്ങൾ അതേപടി വിദ്യാർഥികൾക്കു പഠിക്കാൻ കൊടുക്കുന്നതല്ല ചിന്തയിലെ വൈവിധ്യം എന്ന സങ്കൽപ്പം. മറിച്ച് അത്തരം ചരിത്രവിരുദ്ധമായ ചിന്തകളെ വ്യവഛേദിച്ചറിയാനുതകുന്ന വിധത്തിലുളള ആധുനിക ധാരണകളാണു പാഠ്യപദ്ധതിയിലൂടെ നൽകേണ്ടത്.

ഗാന്ധിജി, നെഹ്‌റു, അംബേദ്കർ, ടാഗോർ തുടങ്ങിയവരുടെ പുസ്തകങ്ങൾക്കൊപ്പമാണ് ഈ പുസ്തകങ്ങളുമെന്ന വൈസ് ചാൻസുടെ വിശദീകരണം ബാലിശമാണ്. ദേശീയ നേതാക്കളുടെ ചിന്തകൾക്കൊപ്പം സവർക്കറുടേയും ഗോൾവാൾക്കറുടേയും ചിന്തകളെ അവതരിപ്പിച്ചാൽ അവ സമാനതലത്തിലുള്ള ആശയങ്ങളാണെന്ന തെറ്റുദ്ധാരണ പടർത്താനാണുതകുക. മറിച്ച് അവ ദേശീയതയുടെ താത്പര്യങ്ങൾക്കെതിരാണ് എന്നു സ്വയം ബോധ്യപ്പെടുത്താൻ വിദ്യാഥികളെ സഹായിക്കാനാകണം പാഠ്യപദ്ധതി. നാസിസത്തിന്റേയും ഫാസിസത്തിന്റേയും വർണവിവേചനത്തിന്റെയുമൊക്കെ പ്രയാേക്താക്കളുടെ ഗ്രന്ഥങ്ങളോ ഹിറ്റ്‌ലറുടെ ആത്മകഥയോ ഒന്നും അതേപടി പഠിപ്പിക്കാൻ ഉൾപ്പെടുത്താത്തത് ഇതു കൊണ്ടാണ്.

ബോർഡ് ഓഫ് സ്റ്റഡീസിലോ അക്കാദമിക് കൗൺസിലിലോ അവതരിപ്പിക്കാതെ ഈ സിലബസ് വന്നത് സർവകലാശാലാ നിയമത്തിന്റെയും കീഴ്‌വഴക്കത്തിന്റെയും നഗ്‌നമായ ലംഘനമാണ്. തെറ്റ് പരിശോധിക്കാൻ കമ്മിറ്റിയെ നിയോഗിച്ചതിനു ശേഷവും തീരുമാനത്തെ വൈസ് ചാൻസലർ ന്യായീകരിക്കുന്നത് എന്തടിസ്ഥാനത്തിലാണ്? സർവകലാശാലയുടെ സ്വയംഭരണാവകാശത്തിനുള്ളിൽ നിന്നുകൊണ്ട് അക്കാദമിക വിദഗ്ദ്ധർ പരിഹരിക്കേണ്ടതാണീ പ്രശ്‌നം.

---- facebook comment plugin here -----

Latest