Pathanamthitta
രോഗം വന്ന പാവപ്പെട്ടവര്‍ക്ക് ഭാഗ്യമുണ്ടെങ്കില്‍ ജീവിക്കാം എന്നതാണ് ഇന്നത്തെ അവസ്ഥ: ആന്റോ ആന്റണി എം പി
ആരോഗ്യകേരളം ഐ സി യുവില്‍ ആയതിന്റെ സാക്ഷിപത്രമാണ് പത്തനംതിട്ട ഗവ. നഴ്‌സിംഗ് കോളജില്‍ അഡ്മിഷന്‍ നേടിയ വിദ്യാര്‍ഥികളും രക്ഷകര്‍ത്താക്കളും പെരുവഴിയിലിറങ്ങേണ്ടി വന്നതെന്ന് ആന്റോ ആന്റണി എം പി

പത്തനംതിട്ട | ആരോഗ്യകേരളം ഐ സി യുവില്‍ ആയതിന്റെ സാക്ഷിപത്രമാണ് പത്തനംതിട്ട ഗവ. നഴ്‌സിംഗ് കോളജില്‍ അഡ്മിഷന്‍ നേടിയ വിദ്യാര്‍ഥികളും രക്ഷകര്‍ത്താക്കളും പെരുവഴിയിലിറങ്ങേണ്ടി വന്നതെന്ന് ആന്റോ ആന്റണി എം പി. പത്തനംതിട്ട ഗവ. നഴ്‌സിംഗ് കോളജിലെ വിദ്യാര്‍ഥികളുടെ രക്ഷാകര്‍ത്താക്കള്‍ കോളജിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരോഗ്യവകുപ്പിന്റെ പിടിപ്പുകേടുകൊണ്ട് വിദ്യാര്‍ഥികള്‍ക്ക് രണ്ട് വര്‍ഷം നഷ്ടപ്പെട്ടു. രണ്ട് വര്‍ഷമായിട്ടും അഫിലിയേഷന്‍ കിട്ടാത്ത കോഴ്‌സില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ വഴിയാധാരമാകുന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല, ഡോക്ടറില്ല. രോഗംവന്ന പാവപ്പെട്ടവര്‍ക്ക് ഭാഗ്യമുണ്ടെങ്കില്‍ ജീവിക്കാം എന്നതാണ് ഇന്നത്തെ അവസ്ഥ. കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത് കലഹരണപ്പെട്ട മരുന്നുകള്‍ സര്‍ക്കാര്‍ ആശുപത്രികള്‍ വഴി കോടിക്കണക്കിന് വിതരണം ചെയ്യുന്നു എന്നുള്ളതാണ്. ഈ കാലഘട്ടത്തില്‍ സര്‍ക്കാര്‍ ആശുപത്രിയിലെ മരുന്നു കഴിച്ചു മരിച്ചവരെ പറ്റി സമഗ്രമായ അന്വേഷണം വേണം. കാലതാമസമില്ലാതെ എത്രയും പെട്ടെന്ന് ഈ വിദ്യാര്‍ഥികളുടെ ഭാവി അനിശ്ചിതത്ത്വത്തിലാകുന്ന ഈ അവസ്ഥ ഒഴിവാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമന്നും ആന്റോ ആന്റണി എം പി പറഞ്ഞു.
രക്ഷകര്‍ത്താക്കളുടെ സമരത്തിന് ഒപ്പമുണ്ടായിരുന്ന കെ എസ് യു പ്രവര്‍ത്തകര്‍ വിഷയത്തില്‍ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ബാരിക്കേഡ് മറിച്ചിട്ട് കോളജിലേക്ക് കടക്കാന്‍ ശ്രമം നടത്തി. തുടര്‍ന്ന് പോലീസുമായി സംഘര്‍ഷമായി. ബലം പ്രയോഗിച്ചു പ്രവര്‍ത്തകാരെ അറസ്റ്റ് ചെയ്തപ്പോള്‍ പ്രവര്‍ത്തകരെ പോലീസ് വലിച്ചിഴച്ചത് വീണ്ടും സംഘര്‍ഷത്തിന് ഇടയാക്കി. തുടര്‍ന്ന് കൂടുതല്‍ പോലീസ് എത്തി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കി.