Connect with us

Kerala

തൊഴിലാളിയെ മാനഭംഗം ചെയ്തെന്ന കേസില്‍ ഫീല്‍ഡ് ഓഫീസറെ കോടതി വെറുതെവിട്ടു

അടുക്കള ജോലിക്കാരിയെ മറ്റു ജോലിക്ക് പറഞ്ഞുവിട്ട ശേഷമാണ് പീഡനമെന്ന യുവതിയുടെ മൊഴി കോടതി തള്ളി

Published

|

Last Updated

പത്തനംതിട്ട | തൊഴിലാളിയെ മാനഭംഗം ചെയ്തുവെന്ന കേസില്‍ പ്രതിയായ ഫീല്‍ഡ് ഓഫീസറെ കോടതി വെറുതെ വിട്ടു. ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍ ളാഹ ഡിവിഷനിലെ ഫീല്‍ഡ് ഓഫീസര്‍ ഫിലിപ്പോസിനെയാണ് അഡീഷണല്‍-2 സെഷന്‍സ് കോടതി ജഡ്ജ് പി എസ് സൈമ വെറുതെ വിട്ടത്. പെരുനാട് പോലീസ് 2014ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ തെളിവിന്റെ അഭാവത്താലാണ് വെറുതെവിട്ടത്.

തോട്ടത്തില്‍ കളനാശിനി അടിച്ച് മടങ്ങുകയായിരുന്ന തൊഴിലാളിയെ പ്രതി ക്വാര്‍ട്ടേഴ്സില്‍ വെച്ച് പീഡിപ്പിച്ച ശേഷം ദൃശ്യം മൊബൈലില്‍ പകര്‍ത്തിയെന്നും പിന്നീട് ദൃശ്യങ്ങള്‍ കാണിച്ച് നാലുതവണ കൂടി പീഡിപ്പിച്ചെന്നും യുവതി പോലീസിലും മജിസ്ട്രേറ്റിനും മൊഴി നല്‍കിയിരുന്നു. അടുക്കള ജോലിക്കാരിയെ തൊഴിലുറപ്പ് പദ്ധതിക്ക് പറഞ്ഞുവിട്ട ശേഷമാണ് ക്വാര്‍ട്ടേഴ്സില്‍ വെച്ച് തന്നെ പ്രതി പീഡിപ്പിച്ചതെന്ന യുവതിയുടെ മൊഴി അവിശ്വസനീയമാണെന്ന് പ്രതിഭാഗത്തിന്റെ വാദം ശരിവെച്ചു കൊണ്ടാണ് ജഡ്ജി വിധി പ്രസ്താവിച്ചത്.

അടുക്കള ജോലിക്കാരി വിചാരണാ വേളയില്‍ പ്രതിഭാഗത്തേക്ക് കൂറുമാറിയിരുന്നു. പ്രതിക്കുവേണ്ടി അഭിഭാഷകരായ വി. സുകു, ആര്‍. അനൂപ്, അനീഷ, സ്റ്റെഫി ലിസ മാത്യു എന്നിവര്‍ ഹാജരായി.