Kerala
പൂരക്കാഴ്ചയുടെ നിറക്കൂട്ടൊരുക്കി തൃശൂരിൽ കുടമാറ്റം
വെടിക്കെട്ട് നാളെ പുലര്‍ച്ചെ മൂന്നിന്

തൃശൂര്‍ | തേക്കിന്‍കാട് മൈതാനത്തെ പൂരലഹരിയിലാഴ്ത്തി ശക്തൻ്റെ തട്ടകത്തിൽ വന്‍ ജനസഞ്ചയം. പൂര പ്രേമികള്‍ക്ക് നിറക്കാഴ്ചകളൊരുക്കി തൃശൂർ പൂരത്തിൻ്റെ പ്രധാന ചടങ്ങായ കുടമാറ്റം നടന്നു. . തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളുടെ 15 ഗജവീരൻമാർ ഇരുഭാഗങ്ങളിലായി നിരന്ന് കാഴ്ചയുടെ വര്‍ണ വിസ്മയം തീര്‍ത്തു. കുടമാറ്റത്തിനായി ആദ്യം പാറമേക്കാവാണ് തെക്കോട്ടിറങ്ങിയത്. തിരുവമ്പാടിയും പുറത്തേക്ക് ഇറങ്ങിയതോടെ വര്‍ണവിസ്മയക്കാഴ്ച. വാദ്യകുലപതികള്‍ മേളഗോപുരങ്ങള്‍ തീര്‍ത്തു. ഇതോടെ പൂരാവേശം ആവേശക്കൊടുമുടിയിലെത്തി. ചുട്ടുപൊള്ളുന്ന ചൂടിലും ആവേശം തിളച്ചുമറിഞ്ഞു.
കിഴക്കൂട്ട് അനിയന്‍ മാരാരുടെ നേതൃത്വത്തില്‍ ഇലഞ്ഞിത്തറമേളം കലാശിച്ചതിന് പിന്നാലെയാണ് തെക്കോട്ടിറക്കം ആരംഭിച്ചത്. വടക്കുന്നാഥന്‍ മതില്‍ക്കെട്ടിനു പുറത്ത് തിരുവമ്പാടിയുടെ പാണ്ടിമേളം ഇതേസമയം നടന്നു. തിരുവമ്പാടിയുടെ മഠത്തില്‍ വരവ് ആസ്വാദകരുടെ മനം കവര്‍ന്നു. തിരുവമ്പാടി ചന്ദ്രശേഖരന്‍ തിടമ്പേന്തി.
രാവിലെ 7.30ന് കണിമംഗലം ശാസ്താവ് ആണ് ആദ്യം എഴുന്നള്ളി എത്തിയത്. തുടര്‍ന്ന് ചെമ്പൂക്കാവ് ഭഗവതി, പനമുക്കുംപിള്ളി ശാസ്താവ്, കാരമുക്ക് ഭഗവതി, ലാലൂര്‍ ഭഗവതി, ചൂരക്കോട്ടുകാവ് ഭഗവതി, അയ്യന്തോള്‍ ഭഗവതി, നെയ്തലക്കാവ് ഭഗവതി എന്ന ക്രമത്തില്‍ എഴുന്നള്ളിപ്പുകള്‍ വടക്കുന്നാഥ ക്ഷേത്രത്തില്‍ പ്രവേശിച്ചു. 11.30ന് തിരുവമ്പാടി ഭഗവതിയുടെ എഴുന്നള്ളിപ്പ് തെക്കേ മഠത്തിനു മുന്നിലെത്തി. പാറമേക്കാവില്‍ നിന്ന് ഉച്ചക്ക് 12 കഴിഞ്ഞ് ആരംഭിച്ച എഴുന്നള്ളിപ്പില്‍ ചെമ്പട മേളം അകടമ്പടിയായി. വടക്കുന്നാഥ ക്ഷേത്രത്തിനകത്ത് ഇലഞ്ഞിത്തറ മേളമായി ഇതുമാറി. വടക്കുംനാഥന്റെ സന്നിധിയിലേക്ക് പാറമേക്കാവിലമ്മ എഴുന്നള്ളി, തിരുവമ്പാടി ഭഗവതിയും എട്ട് ഘടക ക്ഷേത്രങ്ങളില്‍ നിന്നുമുള്ള ഭഗവതി – ശാസ്താമാരും വടക്കുംനാഥനെ വണങ്ങാനെത്തി. നാളെ പുലര്‍ച്ചെ മൂന്നിനാണ് വെടിക്കെട്ട്.