Connect with us

National

മൂന്ന് അതിര്‍ത്തി സംസ്ഥാനങ്ങളില്‍ ബിഎസ്എഫിന് കൂടുതല്‍ അധികാരം നല്‍കി കേന്ദ്ര സര്‍ക്കാര്‍

അതിര്‍ത്തി സംസ്ഥാനങ്ങളില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് ബിഎസ്എഫിന് അധികാരം വര്‍ധിപ്പിച്ച് നല്‍കിയതെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണം. എന്നാല്‍, സംസ്ഥാനങ്ങളുടെ അധികാരം കവരുന്നതാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി പ്രതികരിച്ചു.

Published

|

Last Updated

ന്യൂഡല്‍ഹി| അന്താരാഷ്ട്ര അതിര്‍ത്തി പങ്കിടുന്ന മൂന്ന് സംസ്ഥാനങ്ങളില്‍ ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സിന് കൂടുതല്‍ അധികാരം നല്‍കി കേന്ദ്ര സര്‍ക്കാര്‍. പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന പശ്ചിമ ബംഗാള്‍, പഞ്ചാബ്, അസം എന്നീ സംസ്ഥാനങ്ങളിലാണ് ബിഎസ്എഫിന് കൂടുതല്‍ അധികാരം നല്‍കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചത്. അതിര്‍ത്തിയുടെ 50 കിലോമീറ്ററിനുള്ളില്‍ പരിധിയില്‍ തിരച്ചില്‍, കസ്റ്റഡി, അറസ്റ്റ് എന്നിവക്കാണ് ബിഎസ്എഫിന് അധികാരം നല്‍കിയത്. നേരത്തെ ഇത് 15 കിലോമീറ്ററായിരുന്നു.

അതിര്‍ത്തി സംസ്ഥാനങ്ങളില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് ബിഎസ്എഫിന് അധികാരം വര്‍ധിപ്പിച്ച് നല്‍കിയതെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണം. എന്നാല്‍, സംസ്ഥാനങ്ങളുടെ അധികാരം കവരുന്നതാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി പ്രതികരിച്ചു. കേന്ദ്ര സര്‍ക്കാറിന്റെ ഏകപക്ഷീയമായ തീരുമാനത്തെ ശക്തമായി അപലപിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. 50 കിലോമീറ്ററിനുള്ളില്‍ ബിഎസ്എഫിന് കൂടുതല്‍ അധികാരം നല്‍കുന്നത് ഫെഡറലിസത്തിനെതിരെയുള്ള ആക്രമണമാണ്. തീരുമാനം പിന്‍വലിക്കണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷായോട് ആവശ്യപ്പെടുകയാണ്- ചന്നി ട്വീറ്റ് ചെയ്തു.