Kerala
നിമിഷപ്രിയയുടെ മോചനത്തിന് കേന്ദ്രം ഇടപെടണം: കേന്ദ്ര സര്‍ക്കാരിന് കത്ത് നല്‍കി എം പിമാര്‍
മലയാളി എം പിമാരായ ജോണ്‍ ബ്രിട്ടാസും കെ രാധാകൃഷ്ണനുമാണ് പ്രധാനമന്ത്രിക്കും വിദേശകാര്യ മന്ത്രിക്കും കത്ത് നല്‍കിയത്.

ന്യൂഡല്‍ഹി | യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനത്തിന് സജീവ ഇടപെടല്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് കത്ത് നല്‍കി എം പിമാര്‍. മലയാളി എം പിമാരായ ജോണ്‍ ബ്രിട്ടാസും കെ രാധാകൃഷ്ണനുമാണ് പ്രധാനമന്ത്രിക്കും വിദേശകാര്യ മന്ത്രിക്കും കത്ത് നല്‍കിയത്. നിമിഷപ്രിയയുടെ വധശിക്ഷ ഈമാസം 16ന് നടപ്പിലാക്കാന്‍ ഇന്നലെ പ്രോസിക്യൂട്ടര്‍ ഉത്തരവിട്ടിരുന്നു. ഇക്കാര്യം ഇന്ത്യ എംബസ്സി സ്ഥിരീകരിക്കുകയും ചെയ്തു.
വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നും വധശിക്ഷ ഒഴിവാക്കാനുള്ള നടപടികള്‍ എടുക്കണമെന്നും രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടിട്ടുണ്ട്. നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ ഊര്‍ജിത ശ്രമം തുടരുമെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. വധശിക്ഷ ഒഴിവായി കിട്ടാനുള്ള ശ്രമം തുടരുകയാണെന്ന് യെമനിലെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമുവേല്‍ ജെറോം ഇന്നലെ അറിയിച്ചിരുന്നു. ദിയാധനമായ 10 ലക്ഷം ഡോളര്‍ നല്‍കാമെന്നാണ് യെമന്‍ പൗരന്റെ കുടുംബത്തെ അറിയിച്ചിട്ടുള്ളത്. എന്നാല്‍ കൊല്ലപ്പെട്ടയാളുടെ കുടുംബം ദിയാധനം സ്വീകരിക്കുമോയെന്ന് ഉറപ്പില്ലെന്നും ജെറോം പറഞ്ഞു.
2017 ജൂലൈയിലായിരുന്നു കേസിനാസ്പദമായ സംഭവം. യെമന്‍ പൗരനായ അബ്ദുമഹ്ദിയെ നിമിഷ പ്രിയയും കൂട്ടുകാരിയും ചേര്‍ന്ന് കൊലപ്പെടുത്തി മൃതദേഹം വീടിനു മുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചുവെന്നാണ് കേസ്. സംഭവശേഷം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായ നിമിഷപ്രിയയെ വിചാരണയ്ക്കു ശേഷം 2018-ലാണ് യെമന്‍ കോടതി വധശിക്ഷയ്ക്കു വിധിച്ചത്. പാലക്കാട് കൊല്ലങ്കോട് തേക്കിന്‍ചിറ സ്വദേശിനിയാണ് നിമിഷപ്രിയ.