Connect with us

Kerala

സംസ്ഥാന സര്‍ക്കാറിന്റെ ഇച്ഛാശക്തിയുടെ പ്രതീകമാണ് വിഴിഞ്ഞം: മുഖ്യമന്ത്രി

പദ്ധിതിയുടെ ക്രെഡിറ്റ് ഒരു തര്‍ക്കമായി കൊണ്ടുവരേണ്ടതില്ല. ഇതിന്റെ ക്രഡിറ്റ് നാടിനാകെ ഉള്ളതാണ്.

Published

|

Last Updated

തിരുവനന്തപുരം |  സംസ്ഥാന സര്‍ക്കാറിന്റെ ഇച്ഛാശക്തിയുടെ പ്രതീകമാണ് വിഴിഞ്ഞം തുറമുഖമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പദ്ധതി പുര്‍ത്തിയാക്കുക എന്നതാണ് പ്രധാനം. പദ്ധിതിയുടെ ക്രെഡിറ്റ് ഒരു തര്‍ക്കമായി കൊണ്ടുവരേണ്ടതില്ല. ഇതിന്റെ ക്രഡിറ്റ് നാടിനാകെ ഉള്ളതാണ്. ഞങ്ങള്‍ ചെയ്യേണ്ടതു ചെയ്തു എന്ന ചാരിതാര്‍ഥ്യം ഞങ്ങള്‍ക്കുണ്ട്. തറക്കല്ലിട്ടതുകൊണ്ട് കപ്പല്‍ ഓടില്ല. ചടങ്ങില്‍ പ്രതിപക്ഷ നേതാവ് എന്താണ് പങ്കെടുക്കാത്തത് എന്ന് എനിക്കറിയില്ല. പരിപാടി ഫൈനലൈസ് ചെയ്യുന്നത് പ്രധാനമന്ത്രിയുടെ ഓഫീസാണ്.ബി ജെ പി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരന്റെ പേര് കേരളത്തിന്റെ പട്ടികയില്‍ ഇല്ലായിരുന്നു.

2025 ഫെബ്രുവരി മാര്‍ച്ച് മാസങ്ങളില്‍ ചരക്കു നീക്കത്തില്‍ വിഴിഞ്ഞം ഒന്നാം സ്ഥാനത്തെത്തി. ഇന്ത്യയില്‍ ഇതുവരെ എത്തിയ ഏറ്റവും വലിയ കപ്പലായ എം എസ് സി തുര്‍ക്കി ഇവിടെ എത്തി. എം എസ് സിയുടെ പ്രധാന ചരക്ക് കടത്തു പാതയിലെ പ്രധാന കേന്ദ്രമായി വിഴിഞ്ഞം മാറി.ദക്ഷിണേഷ്യയിലുള്ള ചൈനയിലെയും ദക്ഷിണ കൊറിയയിലേയും സിംഗപ്പൂരിലേയും വന്‍കിട തുറമുഖങ്ങളുടെ പട്ടികയിലാണ് വിഴിഞ്ഞം എത്തിയിരിക്കുന്നത്.
ഇന്ത്യയിലേക്ക് വരുന്ന കണ്ടൈനറുകള്‍ വിഴിഞ്ഞത്തു കേന്ദ്രീകരിച്ച് ചെറിയ കപ്പലുകളിലേക്ക് ചരക്കുമാറ്റുന്ന രീതി മാറും. 20 വര്‍ഷം സംസ്ഥാന സര്‍ക്കാറിന് ലാഭ വിഹിതം ഇല്ലാത്ത കരാറായിരുന്നു നേരത്തെ ഒപ്പിട്ടിരുന്നത്. പുതിയ സപ്ലിമെന്ററി കരാര്‍ പ്രകാം 2034 മുതല്‍ സംസ്ഥാനത്തിന് വരുമാനം ലഭിച്ചു തുടങ്ങും.

ഭാവിയിലെ വര്‍ധിച്ച ചരക്കു ഗതാഗതം സുഗമമാക്കാന്‍ റെയില്‍ റോഡ് ശൃംഖലയുമായി ബന്ധിപ്പിക്കും. 15 കിലോമീറ്റല്‍ മാത്രം ദുരമുള്ള എയര്‍പോര്‍ട്ടും കണക്ടിവിറ്റി പൂര്‍ണമാക്കും.കേരളത്തിന്റെസാമ്പത്തിക വളര്‍ച്ചയുടെ കൈത്താങ്ങായി തുറമുഖം മാറും.
വിഴിഞ്ഞം ഇന്ത്യയിലെ ആദ്യത്തെ സെമി ഓട്ടോമാറ്റിക് പോര്‍ട്ടാണ്. ആധുനിക ഓട്ടോമേഷന്‍ സാങ്കേതി വിദ്യകള്‍ പ്രവര്‍ത്തന ക്ഷമത വര്‍ധിപ്പിക്കും. ക്രെയിന്‍ ഓപ്പറേറ്റര്‍മാരായി മത്സ്യത്തൊഴിലാളി വിഭാഗത്തില്‍ നിന്നുള്ള സ്ത്രീകളെ നിയമിച്ചതു രാജ്യത്തിനു മാതൃകയായി. തുറമുഖത്തിന് ആവശ്യമായ എല്ലാ കേന്ദ്ര അനുമതികളും ലഭിച്ചു കഴിഞ്ഞു. റെയില്‍ കണക്ടിവിറ്റി യാഥാര്‍ഥ്യമാക്കാന്‍ 2028 വരെ സമയം ലഭിച്ചു.

പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കായി പല പദ്ധതികളും ആവിഷ്‌കരിച്ചു. 48 കോടിയുടേയും 25 കോടിയുടേയും രണ്ടു പദ്ധിതകള്‍ നടപ്പാക്കും. 256 കോടി മുടക്കി പുതിയ മത്സ്യ ബന്ധന തുറമുഖം നിര്‍മിക്കും. ഇതിനു പുറമെ പദ്ധതി പ്രദേശത്തെ ജനങ്ങള്‍ക്കായി നിരവധി സാമൂഹിക ക്ഷേമ പ്രവര്‍ത്തികള്‍ നടപ്പാക്കി. വിഴിഞ്ഞം നിവാസികള്‍ വിവിധ ഘട്ടത്തില്‍ ശ്രദ്ധയില്‍ പെടുത്തിയ വിവിധ ആവശ്യങ്ങള്‍ പരിഗണിച്ചു.

പാര്‍ട്ടിയില്‍ 75 കഴിഞ്ഞാല്‍ റിട്ടയര്‍ ചെയ്യാന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്. ശ്രീമതി ടീച്ചര്‍ മഹിളാ രംഗത്ത് മികച്ച പ്രവര്‍ത്തനമാണ് ദേശീയ തലത്തില്‍ നടത്തിയത്. അതാണ് അവര്‍ക്ക് ഇളവ് നല്‍കിയത്. സാധാരണ ഗതിയില്‍ രാജ്യത്താകെയാണ് പ്രവര്‍ത്തിക്കുന്നത്. കേരളത്തില്‍ ഉണ്ടാവുന്ന ഘട്ടത്തില്‍ സംസ്ഥാന കമ്മിറ്റിയില്‍ അവര്‍ പങ്കെടുക്കും. സെക്രട്ടറിയറ്റ് യോഗത്തിലും പങ്കെടുക്കും. നേരത്തെ സംഘടനാ ചുമതല ഉള്ളതുകൊണ്ട് എല്ലാ സെക്രട്ടറിയറ്റ് യോഗത്തിലും അവര്‍ പങ്കെടുക്കേണ്ടിയിരുന്നു. ഇപ്പോള്‍ അതില്ലെന്നും പിണറായി വിശദമാക്കി.

പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകള്‍ ആരതി ആപല്‍ഘട്ടത്തില്‍ കാണിച്ച ധൈര്യം മാതൃകാപരമാണ്. ഭീകര പ്രവര്‍ത്തനം മനുഷ്യ രാശിയോടാകെയുള്ള വെല്ലുവിളിയാണ്. മനുഷ്യര്‍ ആഗ്രഹിക്കുന്നത് സമാധാനവും സന്തോഷവുമാണ്. ഭീകരവാദം പോലുള്ള മനുഷ്യവിരുദ്ധ ആശയങ്ങള്‍ കടക്കല്‍ കത്തിവയ്ക്കുന്നു. കാശ്മീരിലെ ജീവിതം ഇനിയും രക്തപങ്കിലമായിക്കൂട.

തീവ്രവാദ പ്രവര്‍ത്തനത്തിന് തക്കതായ മറുപടി നല്‍കാന്‍ കേന്ദ്രം തയ്യാറാവണം. സാഹോദര്യത്തിനും മാനവീയതക്കുമായി നിലക്കൊള്ളാനും സാധിക്കണം. ഇനിയൊരു പഹല്‍ഗാം ആവര്‍ത്തിക്കില്ലെന്ന ദൃഢ നിശ്ചയത്തോടെ ഒറ്റക്കെട്ടായി മുന്നോട്ടുപോകണം.
ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ സ്മരണക്കുമുമ്പില്‍ ആദരാഞ്ജലി അര്‍ച്ചു പാവപ്പെട്ടവരുടേയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടോയും മോചനത്തിനും ലോക സമാധാനത്തിനുമായി നിലക്കൊണ്ടു. സമാധാനപൂര്‍ണമായ ലോകത്തിനു വേണ്ടി നിലക്കൊണ്ട മാര്‍പ്പാപ്പയുടെ ജീവിതം വെല്ലുവിളികളെ മറികടക്കാന്‍ കരുത്താവട്ടെ എന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ വാര്‍ഷികത്തിന് വന്‍ ജനപങ്കാളിത്തമാണുള്ളത്. ഒരുകൂട്ടര്‍ വാര്‍ഷികാഘോഷം ബഹിഷ്‌കരിക്കുമ്പോഴാണ് ജനങ്ങള്‍ ഏറ്റെടുത്ത് വിജയിപ്പിക്കുന്നത്. ക്ഷേമ പ്രവര്‍ത്തനവും വികസനവും ഏകോപിപ്പിച്ചു കൊണ്ടുപോകുന്നതാണ് ജന പിന്തുണക്ക് കാരണം. കേന്ദ്രം സൃഷ്ടിക്കുന്ന ധന പ്രതിസന്ധിക്കിടയിലും വികസന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നത് വലിയ വെല്ലുവിളിയാണ്. ദുഷ് പ്രചാരണങ്ങളിലൂടെ സര്‍ക്കാറിന്റെ നേട്ടങ്ങളെ മറച്ചുപിടിക്കാനുള്ള നീക്കത്തെ ജനങ്ങള്‍ തള്ളിക്കളഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

 

 

 

 

Latest