Connect with us

Kerala

കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; ശ്രീറാമിന്റെയും വഫയുടെയും വിടുതല്‍ ഹരജികളില്‍ വിധി 19ന്

കേസില്‍ വാദം കേട്ട കോടതി ഉത്തരവ് പുറപ്പെടുവിക്കുന്നതിനായി 19 ലേക്ക് മാറ്റുകയായിരുന്നു.

Published

|

Last Updated

തിരുവനന്തപുരം | സിറാജ് തിരുവനന്തപുരം യൂനിറ്റ് ചീഫ് കെ എം ബഷീറിനെ കാറിടിച്ച് കൊപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമന്റെയും രണ്ടാം പ്രതി വഫയുടെയും വിടുതല്‍ ഹരജിയില്‍ കോടതി ഈമാസം 19ന് വിധി പറയും. കേസില്‍ വാദം കേട്ട കോടതി ഉത്തരവ് പുറപ്പെടുവിക്കുന്നതിനായി 19 ലേക്ക് മാറ്റുകയായിരുന്നു. തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ സനില്‍കുമാര്‍ ആണ് വിധി പ്രസ്താവിക്കുക. തനിക്കെതിരായ കുറ്റപത്രം അടിസ്ഥാന രഹിതമായതിനാല്‍ വിചാരണ കൂടാതെ തന്നെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമന്റെ വിടുതല്‍ ഹരജിയിലാണ് ഇന്ന് പ്രാരംഭ വാദം കേട്ടത്.

മദ്യപിച്ച് വാഹനമോടിച്ചുവെന്ന് തെളിയിക്കാന്‍ പോലീസിന് കഴിയാത്തതിനാല്‍ തനിക്കെതിരായ കുറ്റം നിലനില്‍ക്കില്ലെന്നായിരുന്നു ശ്രീറാമിന്റെ പ്രധാന വാദം. എഫ് ഐ ആറില്‍ താന്‍ പ്രതിയല്ലെന്ന് കോടതിയെ ബോധിപ്പിച്ച ശ്രീറാം രക്തസാമ്പിള്‍ എടുക്കാന്‍ വിമുഖത കാട്ടിയില്ലെന്നും പോലീസാണ് വൈകിപ്പിച്ചതെന്നും വാദിച്ചു. മെഡിക്കല്‍ പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ മാത്രമാണ് പോലീസ് ആവശ്യപ്പെട്ടതെന്ന് ഡോ. രാകേഷ് തമ്പിയുടെ മൊഴിയുണ്ടെന്നും രക്തസാമ്പിള്‍ എടുക്കാനോ മറ്റു പരിശോധന നടത്താനോ പോലീസ് കത്തില്‍ ആവശ്യപ്പെട്ടില്ലെന്ന് ഡോക്ടര്‍ പറഞ്ഞതായും ശ്രീറാമിന്റെ അഭിഭാഷകന്‍ പറഞ്ഞു. പിന്നീട് രക്തസാമ്പിള്‍ പരിശോധിച്ച കെമിക്കല്‍ അനാലിസ് ലാബ് രക്തത്തില്‍ ഈഥൈല്‍ ആല്‍ക്കഹോള്‍ ഇല്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയതിനാല്‍ 201 (തെളിവു നശിപ്പിക്കല്‍), 185 (മദ്യപിച്ച് വാഹനമോടിക്കല്‍) വകുപ്പുകള്‍ പ്രകാരമുള്ള കുറ്റം നിലനില്‍ക്കില്ലെന്നും അഭിഭാഷകന്‍ വാദിച്ചു.

അതേസമയം, സംഭവം നടന്ന ഉടന്‍ രക്ത സാമ്പിളെടുത്തിരുന്നെങ്കില്‍ രക്തത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്തുമായിരുന്നെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. പരിശോധനയില്‍ രക്തത്തില്‍ മദ്യത്തിന്റെ അംശം ലഭ്യമാകുന്ന പരമാവധി സമയം എട്ടുമണിക്കൂറാണെന്നിരിക്കെ ഇത് കഴിഞ്ഞ ശേഷമാണ് രക്തമെടുക്കാന്‍ പ്രതി അനുമതി നല്‍കിയത്. ഇക്കാര്യങ്ങളെ കുറിച്ച് നല്ല ധാരണയുള്ള പ്രൊഫഷനല്‍ ഡോക്ടറായ പ്രതി ഇക്കാര്യങ്ങളെല്ലാം മനസിലാക്കി തന്നെയാണ് പ്രവര്‍ത്തിച്ചത്.

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ വെച്ച് സര്‍ക്കാര്‍ ആശുപത്രി സ്റ്റാഫും ഡോക്ടര്‍മാരും ചികിത്സയും മോശമാണെന്നും കിംസ് ആശുപത്രിയിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ടുള്ള ശ്രീറാമിന്റെ പ്രവൃത്തികള്‍ വിവരിച്ച് സാക്ഷിമൊഴികള്‍ ഉണ്ട്. പോലീസുകാര്‍ ജനറല്‍ ആശുപത്രിയിലെത്തിച്ച ശ്രീറാം രക്തസാമ്പിളെടുക്കാന്‍ ഡോക്ടര്‍ക്ക് സമ്മതം നല്‍കിയിരുന്നില്ല. മദ്യത്തിന്റെ മണമുണ്ടായിരുന്നതായി ശ്രീറാം വെങ്കിട്ടരാമനെ പരിശോധിച്ച ജനറല്‍ ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റില്‍ എഴുതിയിട്ടുണ്ട്. ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമന്റെ പ്രവൃത്തിയാലാണ് മാധ്യമപ്രവര്‍ത്തകനായ കെ എം ബഷീറിന് ജീവഹാനി സംഭവിച്ചത്. നിലവില്‍ പ്രതിക്കെതിരെ ചുമത്തിയിട്ടുള്ള 304 (2) നരഹത്യാ കുറ്റം നിലനില്‍ക്കാന്‍ മദ്യപിച്ചു വാഹനമോടിച്ചാല്‍ അപകടമുണ്ടായി മറ്റുള്ളവര്‍ക്ക് മരണം സംഭവിക്കുമെന്ന അറിവ് മാത്രം മതി. അതിനാല്‍ പ്രഥമ ദൃഷ്ട്യാ കേസ് നിലനില്‍ക്കുമെന്നും വിടുതല്‍ ഹരജി അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ കോടതിയെ ബോധിപ്പിച്ചു. വഫ നല്‍കിയ വിടുതല്‍ ഹരജിയില്‍ നേരത്തെ വാദം പൂര്‍ത്തിയാക്കിയിരുന്നു.

മദ്യപിച്ച് അമിത വേഗത്തില്‍ വാഹനമോടിക്കാന്‍ ഒന്നാം പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ പ്രേരിപ്പിച്ചുവെന്നാണ് വഫ ക്കെതിരായ കുറ്റം. എന്നാല്‍ താന്‍ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും സാക്ഷികള്‍ തനിക്കെതിരെ മൊഴി നല്‍കിയിട്ടില്ലെന്നുമായിരുന്നു വഫയുടെ വാദം.