Connect with us

National

ബജറ്റ്; കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളെ ഒന്നിച്ചു കൊണ്ടുപോകുന്നതില്‍ പരാജയപ്പെട്ടെന്ന് ഹൈബി ഈഡന്‍ എം പി

ഏയിംസ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ബജറ്റില്‍ പ്രതിഫലിക്കാത്തതില്‍ ഹൈബി ഈഡന്‍ പ്രതിഷേധം രേഖപ്പെടുത്തി.

Published

|

Last Updated

ന്യൂഡല്‍ഹി | ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ് ‘വിക്‌സിത് ഭാരത്’ എന്ന ആശയവുമായി എത്തിയെങ്കിലും, അതില്‍ ഭാരതത്തിന്റെ വികാരം ഉള്‍ക്കൊണ്ടില്ലയെന്ന് ഹൈബി ഈഡന്‍. കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളെ ഒന്നിച്ചു കൊണ്ടുപോകുന്നതില്‍ പരാജയപ്പെട്ടെന്നും, സഹകരണ ഫെഡറലിസം നശിപ്പിക്കുന്ന മികച്ച ഉദാഹരണമാണ് ഈ ബജറ്റെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ കോണ്‍ഗ്രസ് ന്യായ പത്രത്തില്‍ നിന്നും പ്രചോദനം കൊണ്ട് ചില വാഗ്ദാനങ്ങള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തി. യുവാക്കള്‍ക്ക് വാര്‍ഷിക സ്‌റ്റൈപെന്‍ഡോടെ ഇന്റേണ്‍ഷിപ്പ്, പുതുതായി ജോലി നിര്‍മിക്കുന്നതിനുള്ള നികുതി ഇളവുകള്‍, ഏഞ്ചല്‍ നികുതി ഒഴിവാക്കല്‍ എന്നിവ കോണ്‍ഗ്രസ് വാഗ്ദാനങ്ങളുടെ ഭാഗമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേന്ദ്രസര്‍ക്കാരിനോട് രൂക്ഷ വിമര്‍ശനം ഉന്നയിച്ച അദ്ദേഹം  മോദി സര്‍ക്കാരിന്റെ പരാജയങ്ങളേയും നിരുത്തരവാദിത്തങ്ങളും ചൂണ്ടിക്കാട്ടി. ഇതിന് പുറമെ, ഓഫ്ഷോര്‍ മൈനിംഗ് അടക്കം ബജറ്റില്‍ പ്രഖ്യാപിച്ച ചില പദ്ധതികള്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ ജീവിതവും പരിസ്ഥിതിയും നശിക്കും. കോര്‍പ്പറേറ്റുകള്‍ തുറമുഖങ്ങളും വിമാനത്താവളങ്ങളും കൈവശമാക്കിയതിനാല്‍, ഇപ്പോള്‍ അവര്‍ക്ക് മൈനിംഗ് മേഖലയും കൈവശമാക്കാന്‍ കഴിയുമെന്ന് ഹൈബി ഈഡന്‍ ആശങ്ക പ്രകടിപ്പിച്ചു. ഇതൊരു ക്രിട്ടിക്കല്‍ മിനറല്‍സ് മിഷന്‍ അല്ലെന്നും മറിച് അദാനി അംബാനി മിഷന്‍ ആണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കേരളത്തിന്റെ കാര്യം എവിടെയും പരാമര്‍ശിച്ചിട്ടില്ല. സംസ്ഥാനത്തിന് പ്രത്യേക പാക്കേജുകള്‍ ഇല്ല. ഏയിംസ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ബജറ്റില്‍ പ്രതിഫലിക്കാത്തതില്‍ ഹൈബി ഈഡന്‍ പ്രതിഷേധം രേഖപ്പെടുത്തി. 2018-ലെ വെള്ളപ്പൊക്കത്തിന്റെ നാശനഷ്ടങ്ങള്‍ക്ക് 8500 കോടി രൂപ വേണ്ടിയിരുന്നുവെങ്കിലും, കേന്ദ്രസര്‍ക്കാര്‍ സഹായം ലഭിച്ചില്ലെന്ന് അദ്ദേഹം ആരോപിച്ചു. കേരളത്തില്‍ നിന്നും ഒരു ടൂറിസം മന്ത്രി ഉണ്ടായിട്ടും കൂടി കേരളത്തിനായി ടൂറിസം പാക്കേജുകള്‍ ഒന്നും തന്നെയില്ല.

Latest