National
പഞ്ചാബില്‍ എഎപി സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും
അമ്പത് ഏക്കറിലാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ക്കുള്ള പന്തല്‍ ഒരുക്കിയിരിക്കുന്നത്

അമൃത്സര്‍ | പഞ്ചാബില്‍ എഎപി സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും. മുഖ്യമന്ത്രിയായി ഭഗവന്ത് മാന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഭഗത് സിംഗിന്റെ ജന്മസ്ഥലമായ ഖത്കര്‍ കാലനിലാണ് സ്ഥാനാരോഹണ ചടങ്ങുകള്‍. ഉച്ചക്ക് പന്ത്രണ്ടരയ്ക്കാണ് സത്യപ്രതിജ്ഞ.
എനിക്കൊപ്പം പഞ്ചാബിലെ മൂന്ന് കോടി ജനങ്ങളും മുഖ്യമന്ത്രിയാകും. ഇത് നിങ്ങളുടെ സ്വന്തം സര്‍ക്കാരായിരിക്കും. മാര്‍ച്ച് 16 ന് നിങ്ങളുടെ സഹോദരനെ പിന്തുണയ്ക്കുന്നതിനായി ഖത്കര്‍ കാലനില്‍ നടക്കുന്ന ചടങ്ങില്‍ എല്ലാവരും എത്തണമെന്ന് നിയുക്ത മുഖ്യമന്ത്രി ഭഗവന്ത് മാന്‍ ട്വീറ്റ് ചെയ്തു.
ഡല്‍ഹി മുഖ്യമന്ത്രിയും എഎപി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാളടക്കം നിരവധി പ്രമുഖര്‍ സത്യപ്രതിജ്ഞ ചടങ്ങിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അമ്പത് ഏക്കറിലാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ക്കുള്ള പന്തല്‍ ഒരുക്കിയിരിക്കുന്നത്. ഒരുലക്ഷം പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. 50 ഏക്കറില്‍ പാര്‍ക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. സുരക്ഷയ്ക്കായി 8,000 മുതല്‍ 10,000 പൊലീസുകാരെ വിന്യസിക്കും.
അതേസമയം മുഖ്യമന്ത്രി ഭഗവന്ത് മന്‍ മാത്രമാകും ഇന്ന് സത്യപ്രതിജ്ഞ ചെയ്യുകയെന്നാണ് വിവരം. പതിനാറ് മന്ത്രിമാരുടെ സത്യപ്രതിജ്ഞ പിന്നീട് നടക്കുമെന്ന് എഎപി അറിയിച്ചിരുന്നു.