Kerala
തരൂരിനെ വിലക്കിയത് മുഖ്യമന്ത്രി മോഹം ഉള്ളിലുള്ളവര്‍: കെ മുരളീധരന്‍
വിലക്ക് ഏര്‍പ്പെടത്തിയതിനുപിന്നില്‍ ഗൂഢാലോചനയുണ്ട്

കോഴിക്കോട് | മുഖ്യമന്ത്രി മോഹങ്ങള്‍ ഉള്ളിലുള്ളവരാണു ശശി തരൂരിനെ വിലക്കിയതിനു പിന്നിലെന്ന് കെ മുരളീധരന്‍ എം പി.
മാധ്യമങ്ങള്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി തരൂരിനെ അവതരിപ്പിച്ചതാണ് അപ്രഖ്യാപിത പാര്‍ട്ടി വിലക്കിനു പിന്നിലെന്ന് അദ്ദേഹം പറഞ്ഞു.
തരൂരിന്റെ മലബാര്‍ സന്ദര്‍ശന പരിപാടികള്‍ക്ക് വിലക്ക് ഏര്‍പ്പെടത്തിയതിനുപിന്നില്‍ ഗൂഢാലോചനയുണ്ട്. ആരൊക്കെയാണ് അതിന് പിന്നിലെന്ന് അറിയാം. ഷാഫി പറമ്പില്‍ നിരപരാധിയാണ് . ഔദ്യോഗിമായി അറിയിച്ചിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടികള്‍ക്ക് തടയിട്ടതിന്റെ ലക്ഷ്യം മറ്റ് ചിലതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിലക്കിനു പിന്നിലെ കാരണം അറിയാം. പാര്‍ട്ടി കാര്യമായതിനാല്‍ പുറത്ത് പറയില്ല. നേതാക്കള്‍ക്ക് അറിയാം. അതിനാല്‍ അന്വേഷണം വേണമെന്ന അഭിപ്രായമില്ല. തരൂരിനെ വിലക്കേണ്ടതില്ല. വിലക്കിയതിനാല്‍ വലിയ വാര്‍ത്ത പ്രാധാന്യം കിട്ടി. ഇത് കോണ്‍ഗ്രസിന് നല്ലതല്ല.
എ ഐ സി സിക്ക് പരാതി നല്‍കാം. പക്ഷെ അന്വേഷണത്തില്‍ കാര്യമില്ല.എല്ലാവര്‍ക്കും അറിയുന്ന കാര്യം അന്വേഷിക്കേണ്ടതില്ല. വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ശശി തരൂരിന്റെ പരിപാടി ഒഴിവാക്കിയത് ശരിയല്ല. പാര്‍ട്ടി പരിപാടികള്‍ തീരുമാനിക്കുന്നത് വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ആകരുത്.
പരിപാടി തടസ്സപ്പെടുത്താന്‍ ശ്രമിച്ചവര്‍ ആരെന്ന് അറിയാം. എം കെ രാഘവനും അറിയുമെന്നാണ് കരുതുന്നത്. തരൂരിന്റെ സന്ദര്‍ശനം പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ് . വിലക്കില്ലെന്ന് കെ പി സി സി പ്രസിഡന്റ് അറിയിച്ചതാണ് അവസാന വാക്കെന്നും മുരളീധരന്‍ പറഞ്ഞു.
അപ്രഖ്യാപിത പാര്‍ട്ടി വിലക്കിനിടെ തരൂരിന്റെ സന്ദര്‍ശന പരിപാടികള്‍ തുടരുകയാണ്. നാളെ ലീഗ് നേതാക്കളുമായി പാണക്കാട്ട് തരൂര്‍ ചര്‍ച്ച നടത്തും. ബുധനാഴ്ച കണ്ണൂരില്‍ നടക്കുന്ന വിവിധ പരിപാടികളിലും തരൂര്‍ പങ്കെടുക്കും.