Connect with us

മണ്ഡല പര്യടനം

തീപാറും പോരാട്ടത്തിന്റെ രാഷ്ട്രീയക്കളരി

2009ൽ പിടിവിട്ട മണ്ഡലം ഏതു വിധേനയും തിരിച്ചുപിടിക്കാൻ എൽ ഡി എഫ് കച്ചകെട്ടുന്പോൾ നാലാം തവണയും വടകര നിലനിർത്താനാകും യു ഡി എഫിന്റെ തീവ്രശ്രമം.

Published

|

Last Updated

എന്നും ശക്തമായ രാഷ്ട്രീയപ്പോരിന്റെ ഇടമാണ് വടകര ലോക്സഭാ മണ്ഡലം. കണ്ണൂരിനും കോഴിക്കോടിനുമിടയിലുള്ള ഈ കടത്തനാടൻ ഭൂമികക്ക് പലപ്പോഴും ഇരു പ്രദേശങ്ങളുടെയും രാഷ്ട്രീയ സ്വഭാവമിണങ്ങും.
കോഴിക്കോട് ജില്ലയിലെ വടകര, കുറ്റ്യാടി, നാദാപുരം, കൊയിലാണ്ടി, പേരാമ്പ്ര, കണ്ണൂർ ജില്ലയിലെ തലശ്ശേരി, കൂത്തുപറമ്പ് നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെട്ടതാണ് വടകര ലോക്സഭാ മണ്ഡലം. 66.6 ശതമാനം ഹിന്ദു, 31.2 ശതമാനം മുസ്‌ലിം, നാല് ശതമാനം പട്ടികജാതി- പട്ടിക വർഗ, 2.2 ശതമാനം ക്രിസ്ത്യൻ വോട്ടർമാരാണുള്ളത്. രാഷ്ട്രീയ പോരാട്ടത്തിനൊപ്പം ജാതി, സമുദായ സമവാക്യങ്ങളും ഇവിടെ നിർണായകമാകും.

ഊതിത്തിളക്കി യു ഡി എഫ്

2019ലെ തിരഞ്ഞെടുപ്പിൽ ഒന്നരപ്പതിറ്റാണ്ടിനിടയിലെ ഉയർന്ന വോട്ടിംഗ് ശതമാനത്തിൽ (49.81) കോൺഗ്രസ്സിലെ കെ മുരളീധരൻ ജയിച്ചുകയറിയതാണ്. 2009, 2014 വർഷങ്ങളിൽ യഥാക്രമം 48.82, 43.41 ശതമാനമായിരുന്നു കോൺഗ്രസ്സിലെ തന്നെ മുല്ലപ്പള്ളി രാമചന്ദ്രന് ലഭിച്ച വോട്ട്. ടി പി ചന്ദ്രശേഖരൻ വധത്തെ തുടർന്ന് ഉയർന്നുവന്ന പ്രതിഷേധം വോട്ടാക്കി മാറ്റുന്നതിൽ യു ഡി എഫ് തുടർച്ചയായി വിജയിച്ചു. കോൺഗ്രസ്സിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയെന്ന ഇമേജുമായി രാഹുൽ ഗാന്ധി വയനാട്ടിൽ മത്സര രംഗത്തിറങ്ങിയത് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മുരളീധരന്റെ വിജയത്തിന്റെ തിളക്കം വർധിപ്പിച്ചു.
1996 മുതൽ 2004 വരെ ഇടതിന്റെ കൈവശമായിരുന്നു വടകര. മുൻ കേന്ദ്ര മന്ത്രി കെ പി ഉണ്ണികൃഷ്ണനെ സി പി എമ്മിന്റെ ഒ ഭരതൻ അട്ടിമറിച്ചാണ് തുടക്കം. വടകരയിൽ നിന്ന് ആറ് തവണ ലോക്സഭയിലെത്തിയിട്ടുണ്ട് ഉണ്ണികൃഷ്ണൻ. 1971, 77 തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ്സ് ടിക്കറ്റിലും പിന്നീട് കോൺഗ്രസ്സ് എസ് സ്ഥാനാർഥിയായി ഇടത് പിന്തുണയോടെയുമാണ് അദ്ദേഹം പാർലിമെന്റിലെത്തിയത്. കോലീബി എന്നറിയപ്പെട്ട കോൺഗ്രസ്സ്- ലീഗ്- ബി ജെ പി സഖ്യം രൂപപ്പെട്ടതും ഈ പശ്ചാത്തലത്തിലാണ്. 2009ൽ മുല്ലപ്പള്ളി രാമചന്ദ്രൻ അട്ടിമറി വിജയം നേടിയതോടെ ചിത്രം മാറി.

ഇടത് മണ്ണ്

നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഇടതിനൊപ്പം നിൽക്കുന്ന മണ്ഡലത്തിൽ വടകര മാത്രമാണ് നിലവിൽ യു ഡി എഫിനൊപ്പം. സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് വളക്കൂറുള്ള മണ്ണായ വടകരയിൽ ജനതാദളിന് നിർണായക ശക്തിയുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് ദളുകൾ പിളർന്ന് ഒരു പക്ഷം യു ഡി എഫിനൊപ്പമായിരുന്നു. ഇത്തവണ ഇരു ദളങ്ങളും എൽ ഡി എഫിന്റെ ഭാഗമാണ്.
കെ കരുണാകരന്റെ മകൾ പത്മജ വേണുഗോപാൽ ബി ജെ പിയിൽ അഭയം പ്രാപിച്ച സാഹചര്യത്തിലാണ് സിറ്റിംഗ് എം പിയും അവരുടെ സഹോദരനുമായ കെ മുരളീധരൻ തൃശൂരിലേക്ക് പോയത്. രണ്ട് ജനപ്രിയ എം എൽ എമാർ തമ്മിലുള്ള അഭിമാന പോരാട്ടമാണ് വടകരയിൽ- മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജയും പാലക്കാട് എം എൽ എ ഷാഫി പറമ്പിലും തമ്മിൽ.
2009ൽ പിടിവിട്ട മണ്ഡലം ഏതു വിധേനയും തിരിച്ചുപിടിക്കാൻ എൽ ഡി എഫ് കച്ചകെട്ടുന്പോൾ നാലാം തവണയും വടകര നിലനിർത്താനാകും യു ഡി എഫിന്റെ തീവ്രശ്രമം.

Latest