National
തമിഴ് നടന്‍ വിജയ് ആന്റണിയുടെ മകള്‍ മരിച്ച നിലയില്‍
കഴിഞ്ഞ ഒരു വര്‍ഷമായി മീര വിഷാദ രോഗത്തിന് ചികില്‍സ തേടുന്നുണ്ടെന്നാണ് പോലീസ് വൃത്തങ്ങള്‍ പറയുന്നത്.

ചെന്നൈ| തമിഴ് നടനും സംഗീതസംവിധായകനുമായ വിജയ് ആന്റണിയുടെ മകള്‍ തൂങ്ങിമരിച്ചു. പ്ലസ് ടു വിദ്യാര്‍ഥിനിയായ മീര (16) ആണ് മരിച്ചത്. ഇന്നു പുലര്‍ച്ചെ മൂന്നു മണിയോടെയാണ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ചെന്നൈ ടിടികെ റോഡിലെ വീട്ടില്‍ വെച്ചായിരുന്നു സംഭവം. ഉടനെ അടുത്തുള്ള കാവേരി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
മീരയുടെ മുറിയില്‍ രാവിലെ ഫോറന്‍സിക് വിഭാഗം പരിശോധന നടത്തി. പിന്നാലെ മീരയുടെ ഫോണ്‍ പോലീസ് വിദഗ്ധ പരിശോധനയ്ക്ക് വേണ്ടി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മകളുടെ മരണത്തിന്റെ ഞെട്ടലിലായ വിജയ് ആന്റണി, ഭാര്യ ഫാത്തിമ എന്നിവരുടെ മൊഴി ഒഴികെ വീട്ടിലുണ്ടായിരുന്നവരുടെയും അടുത്തവരുടെയും മൊഴി പോലീസ് എടുത്തിട്ടുണ്ട്. മീര മൂത്തമകളാണ്. ലാര എന്ന മകള്‍ കൂടിയുണ്ട്. കഴിഞ്ഞ ഒരു വര്‍ഷമായി മീര വിഷാദ രോഗത്തിന് ചികില്‍സ തേടുന്നുണ്ടെന്നാണ് പോലീസ് വൃത്തങ്ങള്‍ പറയുന്നത്. കാവേരി ഹോസ്പിറ്റലിലായിരുന്നു ചികില്‍സ. ഇവിടുത്തെ മീരയെ ചികില്‍സിക്കുന്ന ഡോക്ടറുടെ മൊഴി പോലീസ് എടുക്കും. പ്രഥമികമായി ഇത് ആത്മഹത്യ തന്നെയാണ് എന്നാണ് പോലീസ് ഉറപ്പിക്കുന്നത്.
സഹപ്രവര്‍ത്തകരടക്കം നിരവധിപ്പേരാണ് വിജയ് ആന്റണിക്കും കുടുംബത്തിനും ആശ്വാസവാക്കുകളുമായി എത്തുന്നത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ എപ്പോഴും മുന്‍നിരയില്‍ ഉണ്ടാവാറുള്ള താരമാണ് വിജയ് ആന്റണി. ആത്മഹത്യാവിരുദ്ധ സന്ദേശങ്ങള്‍ ആകാവുന്ന വേദികളിലൊക്കെ നല്‍കിയിട്ടുണ്ട് അദ്ദേഹം. ആത്മഹത്യയെക്കുറിച്ച് വിജയ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ആളുകള്‍ ഷെയര്‍ ചെയ്യുന്നത്. ”ജീവിതത്തില്‍ എത്രയൊക്കെ കഷ്ടത തോന്നിയാലും ആത്മഹത്യ ചെയ്യരുത്. കാരണം കുഞ്ഞുങ്ങളുടെ കാര്യം ഓര്‍ക്കുമ്പോള്‍ കഷ്ടം തോന്നും. എനിക്ക് ഏഴ് വയസുള്ളപ്പോള്‍ എന്റെ അച്ഛന്‍ ആത്മഹത്യ ചെയ്തതാണ്. അന്ന് എന്റെ സഹോദരിക്ക് അഞ്ച് വയസ്സ് ആണ് പ്രായം. അതിനുശേഷം എന്റെ അമ്മ ജീവിതത്തില്‍ എത്രമാത്രം കഷ്ടപ്പെട്ടിട്ടുണ്ടെന്നും ആ വേദന എന്തെന്നും നേരിട്ട് അറിയാം.”-നടന്‍ വിജയ് ആന്റണിയുടെ വാക്കുകളാണിത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്ലൈന്‍ നമ്പരുകള്‍ – 1056, 0471- 2552056)