Uae
ദുബൈയില്‍ പൊക്കമേറിയ താമസ കെട്ടിടം വരുന്നു, 110 നിലകള്‍
445 മീറ്റര്‍ ഉയരത്തിലാണ് ഡൗണ്ടൗണ്‍ റെസിഡന്‍സസ് നിര്‍മിക്കുന്നത്.

ദുബൈ | ദിയാര്‍ പ്രോപ്പര്‍ട്ടീസ് ദുബൈയില്‍ പൊക്കമേറിയ താമസ കെട്ടിടം നിര്‍മിക്കും. 110 നിലകളിലധികം കെട്ടിടത്തില്‍ ഉണ്ടാകുമെന്ന് ദിയാര്‍ ഡെവലപ്‌മെന്റിന്റെ ചീഫ് എക്‌സിക്യൂട്ടീവ് സഈദ് അല്‍ ഖത്താമി അറിയിച്ചു. 445 മീറ്റര്‍ ഉയരത്തിലാണ് ഡൗണ്ടൗണ്‍ റെസിഡന്‍സസ് നിര്‍മിക്കുന്നത്. ശൈഖ് സായിദ് റോഡ്, ഡൗണ്ടൗണ്‍ ദുബൈ, ബിസിനസ് ബേ എന്നിവക്ക് സമീപമാണിത്. ഇരട്ട ഗോപുരത്തിന്റെ ആകൃതിയിലുള്ള ഈ പദ്ധതിയില്‍ 522 ഭവനങ്ങള്‍ ഉണ്ടായിരിക്കും. ഒന്ന് മുതല്‍ മൂന്ന് വരെ കിടപ്പുമുറികളുള്ള അപ്പാര്‍ട്ടുമെന്റുകള്‍, ഡ്യൂപ്ലെക്സുകള്‍, പെന്റ്ഹൗസുകള്‍, ഏറ്റവും മുകളില്‍ ‘രാജകൊട്ടാരം’ എന്നിവ കെട്ടിടത്തില്‍ ഉള്‍പ്പെടുന്നു.
2030 ന്റെ നാലാം പാദത്തില്‍ പദ്ധതി പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. ‘ഈ നാഴികക്കല്ല് പദ്ധതി ആഡംബര ജീവിതത്തിന് ഒരു പുതിയ മാനദണ്ഡം സൃഷ്ടിക്കുക മാത്രമല്ല, ആവേശകരമായ നിക്ഷേപ അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്.’ വിരമിച്ചവര്‍ക്കും വിദൂര തൊഴിലാളികള്‍ക്കും താമസാനുമതി നല്‍കുന്നതിനൊപ്പം പത്ത് വര്‍ഷത്തെ ഗോള്‍ഡന്‍ വിസ പ്രോഗ്രാമിന്റെ വിപുലീകരണവും ബാധകമാകും.
കഴിഞ്ഞ വര്‍ഷം എമിറേറ്റ് 76,100 കോടി ദിര്‍ഹത്തിന്റെ (207.21 ബില്യണ്‍ ഡോളര്‍) റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ രേഖപ്പെടുത്തി. 2023നെ അപേക്ഷിച്ച് 20 ശതമാനം വര്‍ധന. വര്‍ഷത്തിലെ മൊത്തം ഇടപാടുകളുടെ എണ്ണം 36 ശതമാനം വര്‍ധിച്ച് 226,000 ആയി. ദുബൈയില്‍ വീടുകളുടെ വില കഴിഞ്ഞ വര്‍ഷം 19 ശതമാനം വര്‍ധിച്ച് ചതുരശ്ര അടിക്ക് 1,685 ദിര്‍ഹമായി. അപ്പാര്‍ട്ട്മെന്റുകളുടെ വില 18.9 ശതമാനം വര്‍ധിച്ച് ചതുരശ്ര അടിക്ക് 1,640 ദിര്‍ഹമായും വില്ലകളുടെ വില 20 ശതമാനത്തിലധികം വര്‍ധിച്ച് 2,009 ദിര്‍ഹമായും ഉയര്‍ന്നതായി മാര്‍ച്ചില്‍ നൈറ്റ് ഫ്രാങ്ക് ഒരു പ്രത്യേക റിപോര്‍ട്ടില്‍ പറഞ്ഞു.