Connect with us

pala bishop issue

പാലാ ബിഷപ്പിനെ തള്ളി സീറോ മലബാര്‍ സഭാ മുഖപത്രം

നമ്മുടെ യുവതീ യുവാക്കള്‍ പ്രണക്കുരുക്കില്‍ കുടുങ്ങി നഷ്ടപ്പെടുന്നുവെങ്കില്‍ അവര്‍ക്കാദ്യം ക്രിസ്തു നഷ്ടമായതുകൊണ്ടാകാമെന്ന തിരിച്ചറിവില്‍ തിരികെ നടത്തണം.

Published

|

Last Updated

കൊച്ചി | പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ തള്ളി സീറോ മലബാര്‍ സഭാ മുഖപത്രം സത്യദീപം. സഭയുടെ എറണാകുളം- അങ്കമാലി രൂപതയാണ് സത്യദീപം ആഴ്ചതോറും പ്രസിദ്ധീകരിക്കുന്നത്. സത്യദീപത്തിന്റെ മുഖപ്രസംഗത്തിലാണ് പാലാ ബിഷപ്പിന്റെ വാദങ്ങളെ തള്ളുന്നത്.

അപരമത വിദ്വേഷത്തിലൂന്നിയുള്ള പാഠ്യരീതികളിലൂടെ ക്രിസ്തുമത പ്രചാരണം സാധ്യമാക്കുന്ന അഭിനവ അധ്യയന രീതികള്‍ മതബോധനമല്ല. മതബോധ നിരാസം തന്നെയെന്ന് മനസ്സിലാക്കണം. നമ്മുടെ യുവതീ യുവാക്കള്‍ പ്രണക്കുരുക്കില്‍ കുടുങ്ങി നഷ്ടപ്പെടുന്നുവെങ്കില്‍ അവര്‍ക്കാദ്യം ക്രിസ്തു നഷ്ടമായതുകൊണ്ടാകാമെന്ന തിരിച്ചറിവില്‍ തിരികെ നടത്തണം. എന്തുകൊണ്ട് ക്രിസ്തു അവര്‍ക്ക് ലഹരിയാകുന്നില്ല എന്ന് നാം സ്വയം ചോദിക്കണം. വി.കുര്‍ബാനയെ പറ്റി പഠിപ്പിച്ചു, കുര്‍ബാനയാകാന്‍ മറന്നു, സഭയെ പറ്റി പഠിപ്പിച്ചു, സഭാ സംരക്ഷണം ക്രിസ്തീയമാകണമെന്ന് പറയാന്‍ മറന്നു. 12 വര്‍ഷത്തെ വിശ്വാസ പരിശീലനത്തിനൊടുവില്‍ അവരില്‍ ശേഷിക്കുന്നതെന്ത് എന്നതിനെപ്പറ്റി ആത്മ പരിശോധന നടത്തണമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

ഏറെ കാലത്തിന് ശേഷം ഒക്ടോബറില്‍ കോളേജുകളും നവംബറില്‍ സ്‌കൂളുകളും തുറക്കുകയും അതിന് പിന്നാലെ ഇടവകകളിൽ മതപഠനം ആരംഭിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ എഴുതിയ ‘അവര്‍ ആദ്യം പറയട്ടെ’ എന്ന ശീര്‍ഷകത്തിലുള്ള മുഖപ്രസംഗത്തിലാണ് ഇക്കാര്യങ്ങളുള്ളത്. അതേസമയം, പാലാ ബിഷപ്പിനെയോ വിവാദ കൈപ്പുസ്തകം ഇറക്കി വിവാദത്തിലായ താമരശ്ശേരി രൂപതയെയോ എവിടെയും പേരെടുത്ത് പരാമര്‍ശിക്കുന്നില്ല.