Connect with us

Health

അപകടകാരികളായ തലവേദനയുടെ ലക്ഷണങ്ങള്‍

ഇതുവരെ കാര്യമായി തലവേദന വന്നിട്ടില്ലാത്ത അറുപതിന് മുകളില്‍ പ്രായമുള്ള ഒരാള്‍ക്ക് തലവേദന വന്നാല്‍ സൂക്ഷിക്കേണ്ടതാണ്.

Published

|

Last Updated

ജീവിതത്തില്‍ ഒരിക്കലെങ്കിലും തലവേദന വരാത്ത ആളുകള്‍ ഉണ്ടാകുകയില്ല. തലവേദനയെ രണ്ടായി തരം തിരിക്കാം. ഒന്ന് പ്രൈമറി തലവേദന , രണ്ട് സെക്കന്ററി തലവേദന. പ്രൈമറി തലവേദനയില്‍ ടെന്‍ഷന്‍ തലവേദന, മൈഗ്രെയ്ന്‍, ചെന്നിക്കുത്ത്, ക്ലസ്റ്റര്‍ തലവേദന എന്നിവയെല്ലാം ഉള്‍പ്പെടുന്നു. തൊണ്ണൂറു ശതമാനം തലവേദനകളും വലിയ പ്രശ്‌നമില്ലാത്തവയാണ്. അതില്‍ മൈഗ്രെയ്ന്‍ നിരവധി ആളുകള്‍ക്ക് ഉണ്ടാകുന്ന തലവേദനയാണ്. ഇത് തലയുടെ ഒരുഭാഗത്ത് നിന്ന് വിങ്ങുന്ന വേദനയായി അനുഭവപ്പെടുന്നതാണ്. ഈ വേദന ചില ആളുകള്‍ക്ക് കൂടുന്ന അവസ്ഥയുണ്ടാകാറുണ്ട്. ഭക്ഷണം കഴിക്കാതിരിക്കുമ്പോള്‍, നിര്‍ജലീകരണം സംഭവിക്കുമ്പോള്‍, അധികമായി മധുരം കഴിച്ചാല്‍ എന്നീ സന്ദര്‍ഭങ്ങളില്‍ ചിലര്‍ക്ക് വേദന കൂടുതലായി ഉണ്ടാകുന്നു. ഈ വേദന നാല് മണിക്കൂര്‍ തൊട്ട് മൂന്ന് ദിവസം വരെ നീണ്ടു നില്‍ക്കുന്നതായി കാണാറുണ്ട്. ഈ വേദനയ്ക്ക് മരുന്നിന്റെ സഹായം ആവശ്യമായി വരുന്നവരുണ്ട്. പിന്നീട് വേദന വരാതിരിക്കാന്‍ ബീറ്റ ബ്ലോക്കേഴ്‌സ്, വാല്‍ പ്രോയറ്റ് എന്നീ വേദന സംഹാരികള്‍ കഴിച്ചാല്‍ ഒന്ന് രണ്ട് മാസത്തേക്ക് വേദന വരാതിരിക്കും.

തലവേദനകള്‍

തലയില്‍ ഒരു ബെല്‍റ്റ് കെട്ടിവെച്ചിരിക്കുന്ന പോലെയാണ് ടെന്‍ഷന്‍ തലവേദന അനുഭവപ്പെടുക. ഇത് മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്ന മിക്ക ആളുകള്‍ക്കും ഉണ്ടാകുന്ന തലവേദനയാണ്. എന്നാല്‍ ക്ലസ്റ്റര്‍ തലവേദന ഒരു ദിവസം തന്നെ എട്ടു മുതല്‍ പത്ത് പ്രാവശ്യം വരെ ഉണ്ടാകുന്നു. ചിലപ്പോള്‍ തലേ ദിവസം വന്ന അതേ സമയത്തു തന്നെ പിറ്റേ ദിവസവും ഈ തലവേദന വരാമെന്നതും ക്ലസ്റ്ററിന്റെ പ്രത്യേകതയാണ്. കണ്ണിനു ചുറ്റുമുള്ള വേദന, കണ്ണ് ചുവപ്പ് നിറമാകുക എന്നിവയാണ് ക്ലസ്റ്റര്‍ തലവേദനയുടെ ലക്ഷണങ്ങള്‍.

ശ്രദ്ധിക്കേണ്ടവര്‍

1. ഇതുവരെ കാര്യമായി തലവേദന വന്നിട്ടില്ലാത്ത അറുപതിന് മുകളില്‍ പ്രായമുള്ള ഒരാള്‍ക്ക് തലവേദന വന്നാല്‍ സൂക്ഷിക്കേണ്ടതാണ്.
2. പെട്ടെന്നുണ്ടാകുന്ന അതികഠിനമായ തലവേദനയും കാര്യമാക്കേണ്ടതാണ്.
3. തലവേദനയുടെ കൂടെ പനി, ഛര്‍ദ്ദി, കഴുത്ത് വേദന എന്നിവ ഉണ്ടാകുമ്പോള്‍ ശ്രദ്ധിക്കേണ്ടതാണ്.
4. ചിലര്‍ക്ക് തലവേദനയ്‌ക്കൊപ്പം ബലക്കുറവ്, സംസാരശേഷി നഷ്ടപ്പെടുക, ഡബിള്‍ വിഷന്‍ ഇവയൊക്കെ സൂക്ഷിക്കേണ്ടതാണ്.
5. വീഴ്ചയ്ക്കുശേഷം ഒന്നോ രണ്ടോ ആഴ്ച കഴിഞ്ഞ് തലവേദന വന്നാല്‍ ശ്രദ്ധിക്കേണ്ടതാണ്.
6. രക്തം അലിയിക്കുന്ന മരുന്നു കഴിക്കുന്നവര്‍ക്ക് പെട്ടെന്ന് ഒരു ദിവസം തലവേദന വന്നാല്‍ സൂക്ഷിക്കേണ്ടതാണ്. കാരണം ചിലപ്പോള്‍ തലച്ചോറിന് അകത്ത് രക്തസ്രാവം വന്നിട്ട് ഉണ്ടായേക്കാവുന്ന തലവേദനയാകാന്‍ സാധ്യതയുണ്ട്.
7. ചില ക്യാന്‍സര്‍ രോഗികള്‍ക്ക് പെട്ടെന്ന് ഒരു ദിവസം തലവേദന വന്നാല്‍ അതും ശ്രദ്ധിക്കേണ്ടതാണ്.

 

വിവരങ്ങള്‍ക്ക് കടപ്പാട്: ഡോ. തോമസ് സിറിയക്
കണ്‍സള്‍ട്ടന്റ് ന്യൂറോ സര്‍ജന്‍
അവൈറ്റിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, നെന്മാറ, പാലക്കാട്.

 

സബ് എഡിറ്റർ, സിറാജ്‍ ലെെവ്

---- facebook comment plugin here -----

Latest