National
തേജസ് എക്‌സ്പ്രസില്‍ സ്വിസ് യുവതിയ്ക്കുനേരെ പീഡനശ്രമം; റെയില്‍വേ കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍
ട്രെയിനില്‍ യാത്രക്കാരുടെ സുരക്ഷയ്ക്കായി നിയമിച്ച കോണ്‍സ്റ്റബിള്‍ ജിതേന്ദ്ര സിംഗാണ് പ്രതി.
ലക്‌നോ| തേജസ് എക്‌സ്പ്രസ് ട്രെയിനില്‍ സ്വിസ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച റെയില്‍വേ കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ വെച്ചാണ് സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമം നടന്നത്. ഇവരുടെ പരാതിയില്‍ ഇന്ത്യന്‍ റെയില്‍വേ കോണ്‍സ്റ്റബിളിനെ അറസ്റ്റ് ചെയ്തു. ലക്‌നോവില്‍ നിന്ന് ഡല്‍ഹിയിലേക്ക് ഓടുന്ന തേജസ് എക്‌സ്പ്രസ് ട്രെയിനിലാണ് സംഭവം.
തേജസ് എക്‌സ്പ്രസ് ട്രെയിനില്‍ വെച്ച് റെയില്‍വേ കോണ്‍സ്റ്റബിള്‍ തന്നെ പീഡിപ്പിച്ചുവെന്നാണ് സ്വിസ് വനിതയുടെ ആരോപണം. തന്റെ പ്രതിശ്രുതവരനൊപ്പം ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നുവെന്ന് സ്വിസ് സ്വദേശിയായ യുവതി പരാതിയില്‍ പറഞ്ഞു. കോണ്‍സ്റ്റബിള്‍ തന്നോട് മോശമായി സംസാരിച്ചെന്നും ശാരീരികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും യുവതി പരാതിയില്‍ പറയുന്നു.
യുവതി ഗവണ്‍മെന്റ് റെയില്‍വേ പൊലീസിലാണ് (ജിആര്‍പി) പീഡന പരാതി നല്‍കിയത്. ട്രെയിനില്‍ യാത്രക്കാരുടെ സുരക്ഷയ്ക്കായി നിയമിച്ച കോണ്‍സ്റ്റബിള്‍ ജിതേന്ദ്ര സിംഗാണ് പ്രതി. പരാതിയെ തുടര്‍ന്ന് കോണ്‍സ്റ്റബിളിനെ അറസ്റ്റ് ചെയ്തു.
സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ട്രെയിനുകളില്‍ സുരക്ഷ വര്‍ധിപ്പിച്ചു.



