Connect with us

cctv

ബസുകളിൽ 28നകം നിരീക്ഷണ ക്യാമറ സ്ഥാപിക്കണം

ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും ആറ് മാസത്തിലൊരിക്കൽ വൈദ്യപരിശോധന നടത്തി ഹെൽത്ത് കാർഡ് നൽകും.

Published

|

Last Updated

കൊച്ചി | സ്വകാര്യ ബസുകളുടെ മത്സരയോട്ടവും മറ്റ് നിയമലംഘനങ്ങളും തടയുന്നതിന് കർശന നടപടിക്ക് തീരുമാനം. ഈ മാസം 28നകം എല്ലാ സ്റ്റേജ് കാര്യേജ് ബസുകളിലും രണ്ട് വീതം ക്ലോസ്ഡ് സർക്യൂട്ട് ക്യാമറ സ്ഥാപിക്കും. ബസിൽ നിന്ന് റോഡിന്റെ മുൻവശവും അകവും കാണാവുന്ന തരത്തിലാണ് ക്യാമറ സ്ഥാപിക്കേണ്ടത്.

ക്യാമറ വാങ്ങുന്നതിനാവശ്യമായ തുകയുടെ പകുതി സംസ്ഥാന റോഡ് സുരക്ഷാ അതോറിറ്റി വഹിക്കും. ക്യാമറ സംബന്ധിച്ച മാർഗനിർദേശവും അതോറിറ്റി നൽകും. കെ എസ് ആർ ടി സി ബസുകളിലും ക്യാമറ സ്ഥാപിക്കും. വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിംഗ് ഡിവൈസ് വഴി സംസ്ഥാന തലത്തിലും നിരീക്ഷണം ഏർപ്പെടുത്തും.

സ്വകാര്യ ബസുകളുടെ മേൽനോട്ട ചുമതല മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് പ്രത്യേകമായി നിശ്ചയിച്ചു നൽകും. ഫിറ്റ്‌നസ് ഉൾപ്പെടെയുള്ള പരിശോധനകളുടെ ഉത്തരവാദിത്വം ഈ ഉദ്യോഗസ്ഥനായിരിക്കും. മത്സരയോട്ടം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി ഒരേ റൂട്ടിൽ സർവീസ് നടത്തുന്ന ബസുകളുടെ ക്ലസ്റ്റർ രൂപവത്കരിച്ച് വരുമാനം പങ്കുവെക്കുന്ന നിർദേശം ചർച്ച ചെയ്ത് തീരുമാനം അറിയിക്കാൻ ബസുടമകളോട് ഗതാഗത മന്ത്രി ആന്റണി രാജു ആവശ്യപ്പെട്ടു.

ഹെൽത്ത് കാർഡ്

ഡ്രൈവറുടെയും കണ്ടക്ടറുടെയും പേര്, വിലാസം, ലൈസൻസ് നമ്പർ തുടങ്ങിയ വിവരങ്ങൾ മോട്ടോർ വാഹന വകുപ്പിന് നൽകണം. ബസിനകത്തും വിവരങ്ങൾ പ്രദർശിപ്പിക്കണം.
പൊതുജനങ്ങൾക്ക് പരാതി നൽകുന്നതിന് ബസിന്റെ ചുമതലയുള്ള മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന്റെ നമ്പറും ഉണ്ടാകണം. മാർച്ച് ഒന്നിനകം ഇവ നടപ്പാക്കണം. ബസ് ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും ആറ് മാസത്തിലൊരിക്കൽ റോഡ് സുരക്ഷാ അതോറിറ്റിയുടെ നേതൃത്വത്തിൽ സൗജന്യ പരിശീലനവും കൗൺസലിംഗും നൽകും. റിഫ്രഷർ കോഴ്‌സുകളുമുണ്ടാകും. ഇന്ത്യൻ മെഡിക്കൽ അസ്സോസിയേഷൻ, മോട്ടോർ വാഹന വകുപ്പ്, പോലീസ്, എക്‌സൈസ് എന്നീ ഏജൻസികളും പരിശീലന പരിപാടികളുമായി സഹകരിക്കും.

ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും ആറ് മാസത്തിലൊരിക്കൽ വൈദ്യപരിശോധന നടത്തി ഹെൽത്ത് കാർഡ് നൽകും. ദീർഘ ദൂര കോൺട്രാക്ട് കാര്യേജ് വാഹനങ്ങളിൽ ഡ്രൈവറും കണ്ടക്ടറും വാഹനമോടിക്കുന്ന രീതിയിൽ ഡ്രൈവർ കം കണ്ടക്ടർ സംവിധാനം നടപ്പാക്കുന്നത് സർക്കാറിന്റെ പരിഗണനയിലാണെന്നും മന്ത്രി അറിയിച്ചു.

Latest