Kerala
ശസ്ത്രക്രിയ പരാജയം; സുമയ്യയുടെ നെഞ്ചില്‍ കുടുങ്ങിയ ഗൈഡ് വയര്‍ പുറത്തെടുക്കാനായില്ല
ഗൈഡ് വയര്‍ പുറത്തെടുത്താല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് ഡോക്ടര്‍മാര്‍.

തിരുവനന്തപുരം | ജനറല്‍ ആശുപത്രിയിലെ ചികിത്സാപ്പിഴവിനെ തുടര്‍ന്ന് കുട്ടിയുടെ നെഞ്ചില്‍ കുടുങ്ങിയ ഗൈഡ് വയര്‍ പുറത്തെടുക്കാനായില്ല. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയിലൂടെ രണ്ടുതവണ ശ്രമിച്ചിട്ടും പരാജയപ്പെടുകയായിരുന്നു. ഗൈഡ് വയര്‍ പുറത്തെടുത്താല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
ഗൈഡ് വയറിന് അനക്കമുണ്ടെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുറത്തെടുക്കാനുള്ള ശ്രമം നടത്തിയത്. ഇന്നലെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സുമയ്യയെ പ്രവേശിപ്പിച്ചത്.
ഗൈഡ് വയര്‍ പുറത്ത് എടുക്കാതിരിക്കുന്നതാണ് ഉചിതമെന്ന് നേരത്തെ മെഡിക്കല്‍ ബോര്‍ഡ് നിര്‍ദേശിച്ചിരുന്നു. ധമനികളോട് ഒട്ടിച്ചേര്‍ന്നതിനാല്‍, വയര്‍ മാറ്റാന്‍ ശ്രമിക്കുന്നത് സങ്കീര്‍ണമാകുമെന്നായിരുന്നു വിലയിരുത്തല്‍. വയര്‍ കുടുങ്ങിക്കിടക്കുന്നത് കൊണ്ട് മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകില്ലെന്നും മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തിയിരുന്നു. എന്നാല്‍ ശ്വാസമുട്ടല്‍ അടക്കം കടുത്ത ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെന്ന സുമയ്യയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് തുടര്‍ പരിശോധനകള്‍ നടത്തിയത്.
ഗുരുതര ചികിത്സാ പിഴവ് ഉണ്ടായിട്ടും ചികിത്സിച്ച ഡോക്ടര്‍ക്ക് എതിരെ നടപടിയെടുക്കാത്തതില്‍ കുടുംബം പ്രതിഷേധത്തിലാണ്. ഗൈഡ് വയര്‍ പുറത്തെടുക്കാന്‍ ആയില്ലെങ്കില്‍ സുമയ്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും കുടുംബം ആവശ്യപ്പെടുന്നു. 2023 മാര്‍ച്ച് 22 ന് നടത്തിയ ശസ്ത്രക്രിയക്കിടെയാണ് സുമ്മയ്യയുടെ നെഞ്ചില്‍ വയര്‍ കുടുങ്ങിയത്.