National
പി എം കെയർ ആനുകൂല്യങ്ങൾ എല്ലാ അനാഥർക്കും നൽകിക്കൂടെയെന്ന് സുപ്രീം കോടതി
മാതാപിതാക്കൾ എങ്ങനെ മരിച്ചാലും അനാഥൻ അനാഥൻ തന്നെയെന്നും കോടതി

ന്യൂഡൽഹി | മാതാപിതാക്കളുടെ മരണം എങ്ങനെ സംഭവിച്ചാലും അനാഥൻ അനാഥനാണെന്ന് സുപ്രീം കോടതി. കൊവിഡ് സമയത്ത് അനാഥരായ കുട്ടികൾക്കായി കൊണ്ടുവന്ന പി എം കെയേഴ്‌സ് ഫണ്ട് ഉൾപ്പെടെയുള്ള പദ്ധതികൾ എന്തായെന്ന് കേന്ദ്രത്തോട് ചോദിച്ച സുപ്രീം കോടതി എല്ലാ അനാഥർക്കും ഇതിന്റെ ആനുകൂല്യം നൽകാൻ വഴികളുണ്ടോയെന്നും ആരാഞ്ഞു.
ഈ വിഷയത്തിൽ മറുപടി നൽകാൻ കേന്ദ്രത്തിന് വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ വിക്രംജീത് ബാനർജിയോട് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് ആവശ്യപ്പെട്ടു.
കൊവിഡ് മൂലം മാതാപിതാക്കൾ മരിച്ച അനാഥർക്കായി നിങ്ങൾ ഒരു പദ്ധതി കൊണ്ടുവന്നു. മാതാപിതാക്കൾ അപകടത്തിലോ അസുഖത്തിലോ മരിച്ചാലും അനാഥൻ അനാഥനാണ്. കൊവിഡ് ബാധിച്ച് മരിച്ച മാതാപിതാക്കൾ മരിച്ച കുട്ടികൾക്കായി കൊണ്ടുവന്ന പി എം കെയേഴ്‌സ് ഫണ്ട് ഉൾപ്പെടെയുള്ള പദ്ധതികളുടെ ആനുകൂല്യങ്ങൾ മറ്റ് അനാഥരായ കുട്ടികൾക്കും നൽകാനാകുമോ എന്നതിനെക്കുറിച്ച് കേന്ദ്രം മറുപടി നൽകണമെന്ന് ബെഞ്ച് ബാനർജിയോട് പറഞ്ഞു. അതേസമയം, വിഷയത്തിൽ നാലാഴ്ചക്കുള്ളിൽ മറുപടി നൽകുമെന്ന് അഡീഷനൽ സോളിസിറ്റർ ജനറൽ പറഞ്ഞു.
മഹാമാരി സമയത്ത് അനാഥരായ കുട്ടികൾക്ക് വിദ്യാഭ്യാസ അവകാശ നിയമപ്രകാരം ആനുകൂല്യങ്ങൾ നൽകിയിട്ടുണ്ടെന്നും കോടതിയുടെ നിർദേശപ്രകാരം മറ്റ് അനാഥരായ കുട്ടികൾക്കും സമാനമായ ആനുകൂല്യങ്ങൾ നൽകണമെന്നുമാവശ്യപ്പെട്ട് നൽകിയ ഹരജിയിലാണ് കോടതിയുടെ നിരീക്ഷണം. വിദ്യാഭ്യാസ അവകാശ നിയമത്തിലെ സെക്ഷൻ 2 (ഡി) പ്രകാരം ഡൽഹിയും ഗുജറാത്തും ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളിലും ഇത് നടപ്പാക്കാമെന്ന് ഹരജിക്കാരൻ പൗലോമി പവിനി ശുക്ല ബെഞ്ചിനെ ബോധിപ്പിച്ചു.
2018ൽ നൽകിയ ഹരജിക്ക് അഞ്ച് വർഷം കഴിഞ്ഞിട്ടും കേന്ദ്രം ഇതുവരെ കൗണ്ടർ ഫയൽ ചെയ്തിട്ടില്ലെന്നും ശുക്ല പറഞ്ഞു.