National
ആറ് എയർബാഗുകൾ നിർബന്ധമാക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി; നയപരമായ വിഷയമെന്ന് കോടതി
ഹർജിക്കാരനോട് ഇതുസംബന്ധിച്ച് സർക്കാരിന് നിവേദനം നൽകാൻ കോടതി നിർദേശം നൽകി

ന്യൂഡൽഹി | പാസഞ്ചർ വാഹനങ്ങളിൽ ആറ് എയർബാഗുകൾ നിർബന്ധമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി വ്യാഴാഴ്ച തള്ളി. ഇത് സർക്കാരിന്റെ നയപരമായ വിഷയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. ചീഫ് ജസ്റ്റിസ് ബി ആർ ഗവായിയും ജസ്റ്റിസ് കെ വിനോദ് ചന്ദ്രനും അടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. ഹർജിക്കാരനോട് ഇതുസംബന്ധിച്ച് സർക്കാരിന് നിവേദനം നൽകാൻ കോടതി നിർദേശം നൽകി. മെയ് 17-ന് താൻ സർക്കാരിന് നിവേദനം നൽകിയിട്ടുണ്ടെന്ന് ഹർജിക്കാരൻ കോടതിയെ അറിയിച്ചു.
ഹർജിക്കാരൻ കേന്ദ്രത്തിന് നിവേദനം നൽകിയിട്ടുണ്ടെങ്കിൽ, അത് അതിന്റെ യോഗ്യതക്കനുസരിച്ച് പരിഗണിക്കുമെന്ന് ബെഞ്ച് കൂട്ടിച്ചേർത്തു.
ആറ് എയർബാഗുകൾ നിർബന്ധമാക്കാത്തത് ഭരണഘടനയുടെ ആർട്ടിക്കിൾ 14, 21 എന്നിവയുടെ ലംഘനമാണെന്ന് പ്രഖ്യാപിക്കണമെന്നും, വാഹന സുരക്ഷാ സംവിധാനങ്ങൾ മെച്ചപ്പെടുത്താൻ ബന്ധപ്പെട്ട അധികാരികൾക്ക് നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
ആർട്ടിക്കിൾ 14 നിയമത്തിനു മുന്നിലെ സമത്വത്തെക്കുറിച്ചും, ആർട്ടിക്കിൾ 21 ജീവിക്കാനുള്ള അവകാശത്തെയും വ്യക്തിസ്വാതന്ത്ര്യത്തെയും കുറിച്ചുമാണ് പ്രതിപാദിക്കുന്നത്.