Connect with us

National

വഖഫ് ഭേദഗതി ചോദ്യം ചെയ്തുള്ള ഹർജികൾ സുപ്രീംകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ മാറ്റി

മൂന്ന് ദിവസം തുടര്‍ച്ചയായി വാദം കേട്ടതിന് ശേഷമാണ് ഹരജികൾ വിധിപറയാന്‍ മാറ്റിയത്.

Published

|

Last Updated

ന്യൂഡൽഹി | 2025-ലെ വഖഫ് (ഭേദഗതി) നിയമത്തിന്റെ സാധുത ചോദ്യം ചെയ്തുള്ള ഹർജികൾ സുപ്രീം കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിനായി മാറ്റിവെച്ചു. ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേട്ടത്. കോടതി, ഉപയോഗം, രേഖ എന്നിവ വഴി വഖഫ് എന്ന് പ്രഖ്യാപിച്ച സ്വത്തുക്കൾ നോട്ടിഫൈ ചെയ്യാനുള്ള അധികാരം, സംസ്ഥാന വഖഫ് ബോർഡുകളുടെയും സെൻട്രൽ വഖഫ് കൗൺസിലിന്റെയും ഘടന, ഒരു സ്വത്ത് വഖഫ് സ്വത്താണോ എന്ന് പരിശോധിക്കുന്നതിന് സർവേ നടത്താനുള്ള ചുമലത കലക്ടർക്ക് നൽകിയത് എന്നീ മൂന്ന് വിഷയങ്ങളിലാകും സുപ്രീം കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുക.

മൂന്ന് ദിവസം തുടര്‍ച്ചയായി വാദം കേട്ടതിന് ശേഷമാണ് ഹരജികൾ വിധിപറയാന്‍ മാറ്റിയത്. ഹരജിക്കാർക്ക് വേണ്ടി കപിൽ സിബൽ, രാജീവ് ധവാൻ, അഭിഷേക് സിംഗ്വി എന്നിവരും കേന്ദ്രസർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയുമാണ് കോടതിയിൽ ഹാജരായത്. നിയമപരവും ഭരണഘടനാപരവുമായ തത്വങ്ങളിൽ നിന്ന് വ്യതിചലിക്കുന്നതാണ് പുതിയ വഖഫ് നിയമെന്ന് കപിൽ സിബൽ വാദിച്ചു. എന്നാൽ വഖഫ് ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധം അല്ല എന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ വാദം. നിയമം സ്റ്റേ ചെയ്യണമെന്ന ആവശ്യത്തിന് അടിസ്ഥാനമില്ല എന്നും കേന്ദ്രത്തിനുവേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചു.

ഏപ്രിൽ 5-ന് രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ അംഗീകാരം ലഭിച്ചതിനെത്തുടർന്ന് കഴിഞ്ഞ മാസമാണ് കേന്ദ്രം വഖഫ് (ഭേദഗതി) നിയമം, 2025 വിജ്ഞാപനം ചെയ്തത്. ലോക്സഭ 288 അംഗങ്ങളുടെ പിന്തുണയോടെ ബിൽ പാസാക്കിയപ്പോൾ 232 എംപിമാർ എതിർത്തു. രാജ്യസഭയിൽ 128 അംഗങ്ങൾ ബില്ലിനെ പിന്തുണച്ച് വോട്ട് ചെയ്തപ്പോൾ 95 പേർ എതിർത്തു.

വഖഫ് നിയമം ചോദ്യം ചെയ്ത് നിരവധി ഹരജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. ഏപ്രിൽ 25-ന് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം 2025-ലെ ഭേദഗതി ചെയ്ത വഖഫ് നിയമത്തെ ന്യായീകരിച്ച് 1,332 പേജുകളുള്ള പ്രാഥമിക സത്യവാങ്മൂലം കോടതിയിൽ സമർപ്പിച്ചിരുന്നു.

Latest