Connect with us

Kerala

കോണ്‍ഗ്രസ്സിന്റെ വീടും വാങ്ങി ബി ജെ പിയില്‍ ചേര്‍ന്ന മറിയക്കുട്ടിയെ പരിഹസിച്ച് സണ്ണിജോസഫ്

ഒരു പാര്‍ട്ടി വീട് നിര്‍മിച്ച് നല്‍കി. വീട്ടിലെ കിണറ്റില്‍ ഒരു പൂച്ച വീണു. ആ പൂച്ചയെ എടുക്കാന്‍ വേറൊരു പാര്‍ട്ടി വന്നു. ഒടുക്കം വീട്ടുടമ ആ പാര്‍ട്ടിയില്‍ ചേര്‍ന്നു എന്നാണ് പരിഹാസം

Published

|

Last Updated

കോട്ടയം | ഇടതു സര്‍ക്കാറിനെ വിമര്‍ശിക്കാന്‍ പിച്ചച്ചട്ടിയുമായി തെരുവിലറങ്ങിയ മറിയക്കുട്ടി കഴിഞ്ഞ ദിവസം ബി ജെ പിയില്‍ ചേര്‍ന്നതോടെ അധിക്ഷേപവുമായി കോണ്‍ഗ്രസ്. ഒരു പാര്‍ട്ടി വീട് നിര്‍മിച്ച് നല്‍കി. വീട്ടിലെ കിണറ്റില്‍ ഒരു പൂച്ച വീണു. ആ പൂച്ചയെ എടുക്കാന്‍ വേറൊരു പാര്‍ട്ടി വന്നു. ഒടുക്കം വീട്ടുടമ ആ പാര്‍ട്ടിയില്‍ ചേര്‍ന്നു എന്നാണ് മറിയക്കുട്ടിയെ പരിഹസിച്ച് കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫിന്റെ വാക്കുകള്‍.

സര്‍ക്കാറിനെതിരെ പിച്ചട്ടിയുമായി ഭിക്ഷയെടുത്തതോടെ മാധ്യമങ്ങള്‍ ആഘോഷിച്ച അടിമാലി സ്വദേശിനി മറിയക്കുട്ടിയെ കോണ്‍ഗ്രസ് ഏറ്റെടുത്തു. മറിയക്കുട്ടിയുടെ ജനപ്രിയത മുതലാക്കാന്‍ മറിയക്കുട്ടിക്ക് വീടുവച്ചു നല്‍കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ കോണ്‍ഗ്രസ് വഞ്ചിച്ചു എന്നാരോപിച്ച് കഴിഞ്ഞ ദിവസമാണ് അവര്‍ ബി ജെ പി അംഗത്വമെടുത്തത്.
കസിത കേരളം കണ്‍വെന്‍ഷന്റെ ഭാഗമായി തൊടുപുഴയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ മറിയക്കുട്ടിയെ സ്വീകരിച്ചു.

സ്വന്തം ഇഷ്ടപ്രകാരമാണ് ബി ജെ പിയില്‍ ചേര്‍ന്നത്. തനിക്ക് സഹായം ചെയ്യുന്നവരോടൊപ്പം നില്‍ക്കും. കേരളത്തില്‍ സ്വതന്ത്രമായി ജീവിക്കാനാകാത്ത അവസ്ഥയാണെന്നും മറിയക്കുട്ടി പറഞ്ഞു. ക്ഷേമ പെന്‍ഷന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് പരസ്യമായി ഭിക്ഷയെടുത്ത് പ്രതിഷേധിച്ച മറിയക്കുട്ടിക്ക് സുരേഷ് ഗോപി പെന്‍ഷനും പ്രഖ്യാപിച്ചിരുന്നു.