Uae
യു എ ഇയിൽ സ്റ്റാർഗേറ്റ് കൃത്രിമബുദ്ധി പദ്ധതിക്ക് തുടക്കം
2026-ൽ ആദ്യഘട്ട പ്രവർത്തനം ആരംഭിക്കും

അബൂദബി | പ്രമുഖ ആഗോള സാങ്കേതിക കമ്പനികളുടെ സഹകരണത്തോടെ “സ്റ്റാർഗേറ്റ് യു എ ഇ’ പദ്ധതിക്ക് തുടക്കമായി.യു എ ഇ പ്രസിഡന്റ്ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്്യാന്റെ സാന്നിധ്യത്തിലാണ് ഇതിന്റെ പദ്ധതി ആരംഭിച്ചത്.
ജി42ന്റെ നേതൃത്വത്തിൽ നിർമിക്കപ്പെടുന്നതാണ് ഈ പദ്ധതി. ഓപ്പൺ എ ഐ, ഒറാക്കിൾ, എൻവിഡിയ, സോഫ്റ്റ്ബേങ്ക് ഗ്രൂപ്പ്, സിസ്‌കോ തുടങ്ങിയ കമ്പനികളുമായി സഹകരിച്ച് കൃത്രിമബുദ്ധി വികസനത്തിനും അന്താരാഷ്ട്ര സഹകരണത്തിനും വഴിയൊരുക്കുന്നതാണ് ഈ പദ്ധതി. ഇതിലൂടെ അബൂദബിയിലെ യു എ ഇ – യു എസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോംപ്ലക്‌സിൽ ഒരു ജിഗാവാട്ട് ശേഷിയുള്ള നൂതന കമ്പ്യൂട്ടിംഗ് ക്ലസ്റ്റർ സ്ഥാപിക്കും. 2026-ൽ ആദ്യഘട്ട പ്രവർത്തനം ആരംഭിക്കാനാണ് ലക്ഷ്യം.
ഉദ്ഘാടന ചടങ്ങിൽ അബൂദബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്്യാൻ, ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം, അബൂദബി ഉപഭരണാധികാരി ശൈഖ് തഹ്്നൂൻ ബിൻ സായിദ് അൽ നഹ്്യാൻ തുടങ്ങിയവർ പങ്കെടുത്തു. ഓപ്പൺ എ ഐ, ഒറാക്കിൾ എന്നിവ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ, സിസ്‌കോ സുരക്ഷാ സംവിധാനങ്ങളും എൻവിഡിയ, സോഫ്റ്റ്ബേങ്ക് എന്നിവ നൂതന ഗ്രേസ് ബ്ലാക്ക്വെൽ ജി പി 300 സിസ്റ്റങ്ങളും നൽകും.
ആരോഗ്യം, ഊർജം, ധനകാര്യം, ഗതാഗതം തുടങ്ങിയ മേഖലകളിൽ ശാസ്ത്രീയ കണ്ടുപിടുത്തങ്ങൾ ത്വരിതപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.10 ചതുരശ്ര മൈൽ വിസ്തൃതിയിൽ പരന്നുകിടക്കുന്ന ഈ കോംപ്ലക്‌സ്, ആണവോർജം, സൗരോർജം, പ്രകൃതിവാതകം എന്നിവയിലൂടെ പ്രവർത്തിക്കും. യു എ ഇ – യു എസ് എഐ ആക്‌സിലറേഷൻ പാർട്ണർഷിപ്പിന്റെ ഭാഗമാണ് ഈ സംരംഭം.