National
പുഴയില്‍ വീണ സൈനികനെ രക്ഷിക്കുന്നതിനിടെ 23 വയസ്സുള്ള ഓഫീസര്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു
സിക്കിമിലുണ്ടായ സംഭവത്തില്‍ ലെഫ്റ്റനന്റ് ശശാങ്ക് തിവാരിയാണ് മരിച്ചത്.

ന്യൂഡല്‍ഹി | പുഴയില്‍ വീണ സൈനികനെ രക്ഷിക്കുന്നതിനിടെ 23 വയസ്സുള്ള ആര്‍മി ഓഫീസര്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. സിക്കിമിലുണ്ടായ സംഭവത്തില്‍ ലെഫ്റ്റനന്റ് ശശാങ്ക് തിവാരിയാണ് മരിച്ചത്.
സിക്കിം സ്‌കൗട്ട്‌സില്‍ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ കമ്മീഷന്‍ ചെയ്യപ്പെട്ട ഓഫീസര്‍ സംഘത്തോടൊപ്പം പോസ്റ്റിലേക്ക് നീങ്ങുന്നതിനിടെയാണ് അപകടം. പട്രോളിംഗ് ടീമിലെ അഗ്‌നിവീര്‍ സ്റ്റീഫന്‍ സുബ്ബ തടിപ്പാലം കടക്കുന്നതിനിടെ കാലുതെറ്റി പുഴയിലേക്ക് വീണു.
സുബ്ബയെ രക്ഷിക്കാന്‍ ലെഫ്റ്റനന്റ് തിവാരി വെള്ളത്തിലേക്ക് ചാടി. മറ്റൊരു സൈനികന്‍ നായിക് പുക്കര്‍ കട്ടേലും സഹായത്തിനായി എത്തി. അഗ്‌നിവീറിനെ രക്ഷിക്കാന്‍ കഴിഞ്ഞെങ്കിലും ശക്തമായ ഒഴുക്കില്‍ ലെഫ്റ്റനന്റ് തിവാരി മുങ്ങിപ്പോവുകയായിരുന്നു. അരമണിക്കൂറിനുശേഷം അദ്ദേഹത്തിന്റെ മൃതദേഹം 800 മീറ്റര്‍ താഴെ നിന്ന് കണ്ടെത്തി. മാതാപിതാക്കളും സഹോദരിയും മാത്രമാണ് അദ്ദേഹത്തിന്റെ കുടുംബത്തിലുള്ളത്.
സൈനികന്റെ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ്, ബെങ്ദുബി മിലിട്ടറി സ്റ്റേഷനില്‍ ത്രിശക്തി കോര്‍പ്സ് ജി ഒ സി ലെഫ്റ്റനന്റ് ജനറല്‍ സുബിന്‍ എ മിന്‍വാല പൂര്‍ണ്ണ സൈനിക ബഹുമതികളോടെ പുഷ്പചക്രം അര്‍പ്പിച്ചു. വരും തലമുറ സൈനികര്‍ക്ക് പ്രചോദനമാകുന്ന ധൈര്യത്തിന്റെയും സൗഹൃദത്തിന്റെയും പാരമ്പര്യം ലെഫ്റ്റനന്റ് ശശാങ്ക് അവശേഷിപ്പിച്ചുവെന്ന് ഇന്ത്യന്‍ സൈന്യം പറഞ്ഞു.