Connect with us

Kerala

കാലവര്‍ഷം വരുന്നു; അതിതീവ്ര മഴയ്ക്ക് സാധ്യത

കാലവര്‍ഷം അടുത്ത മണിക്കൂറുകളില്‍ കേരള തീരം തൊട്ടേക്കും

Published

|

Last Updated

തിരുവനന്തപുരം | കാലവര്‍ഷത്തിന്റെ വരവിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത. കാലവര്‍ഷം അടുത്ത മണിക്കൂറുകളില്‍ കേരള തീരം തൊട്ടേക്കും. കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി,തൃശ്ശൂര്‍,പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ഒമ്പതു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. കാലവര്‍ഷത്തിന്റെ ആദ്യ ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് വിലയിരുത്തല്‍. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്. പത്തനംതിട്ട മുതല്‍ പാലക്കാട് വരെയുള്ള ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ഉണ്ട്.

തുടര്‍ച്ചായി മഴ ലഭിക്കുന്ന മേഖലകളില്‍ കനത്ത ജാഗ്രതാ നിര്‍ദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. കേരള തീരത്ത് കള്ളക്കടല്‍ മുന്നറിയിപ്പുമുണ്ട്. കാലവര്‍ഷം കേരളത്തിലെത്തിയാലുള്ള സ്ഥിരീകരണം ഇന്ന് തന്നെ ഉണ്ടാവാന്‍ സാധ്യതയുണ്ട്. മഴ കനത്തതോടെ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, ഇടുക്കി ജില്ലകളില്‍ ക്വാറികളുടെ പ്രവര്‍ത്തനത്തിന് നിരോധനം ഏര്‍പ്പെടുത്തി. കാസര്‍കോട്, കണ്ണൂര്‍ ജില്ലയില്‍ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണമുണ്ട്.

കാസര്‍കോട് ബീച്ചിലും റാണിപുരം ഉള്‍പ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലുമാണ് നിയന്ത്രണം. മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ ട്രക്കിങിന് നിരോധനം ഏര്‍പ്പെടുത്തി. ഇടുക്കിയില്‍ കയാക്കിംഗ്, റാഫ്റ്റിംഗ്, കുട്ടവഞ്ചി സവാരി ട്രക്കിംഗ് എന്നിവ നിരോധിച്ചു. വയനാട്ടില്‍ പുഴകളിലും വെള്ളക്കെട്ടുകളിലോ ഇറങ്ങരുതെന്നും അത്യാവശ്യത്തിനല്ലാതെയുള്ള യാത്രകള്‍ ഒഴിവാക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. ഇന്നലെ മഴയോടൊപ്പം ഉണ്ടായ കാറ്റില്‍ പലേടത്തും കനത്ത നാശ നഷ്ടങ്ങള്‍ ഉണ്ടായി. വിവിധ ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്.