Uae
യു എ ഇയുടെ വികസന ചരിത്രം തുടിക്കുന്ന 50,000ലധികം ആകാശ ഫോട്ടോകൾ ലഭ്യമായി
യുണൈറ്റഡ് കിംഗ്ഡത്തിലെ നാഷണൽ കലക്ഷൻ ഓഫ് ഏരിയൽ ഫോട്ടോഗ്രാഫിയുമായുള്ള സഹകരണത്തിന്റെ ഫലങ്ങളുടെ ആദ്യ ഭാഗം ലഭിച്ചതായി നാഷണൽ ലൈബ്രറി ആൻഡ് ആർക്കൈവ്സ് ഡയറക്ടർ ജനറൽ ഡോ. അബ്ദുല്ല മജീദ് അൽ അലി പറഞ്ഞു.

ദുബൈ | യു എ ഇയുടെ വികസനം ചരിത്രം തുടിക്കുന്ന 50,000ലധികം ചിത്രങ്ങൾ ഡിജിറ്റൈസ് ചെയ്തതായി നാഷണൽ ലൈബ്രറി ആൻഡ് ആർക്കൈവ്സ് അറിയിച്ചു.യുകെയുടെ നാഷണൽ കളക്ഷൻ ഓഫ് ഏരിയൽ ഫോട്ടോഗ്രാഫിയുമായി ചേർന്നാണിത്. യു എ ഇയുടെ അത്ഭുതകരമായ പരിവർത്തനം അടയാളപ്പെടുത്തുന്ന ആകാശ ഫോട്ടോഗ്രാഫുകളാണ്.
1940-കൾ മുതൽ എടുത്ത ഈ ഫോട്ടോഗ്രാഫുകളിൽ ഭൂതകാലത്തിലെ മണൽക്കൂനകൾ, ജലക്കിണറുകൾ, കോട്ടകൾ, ബരസ്തി വീടുകൾ, പട്ടണങ്ങൾ, നഗരങ്ങൾ, വിമാനത്താവളങ്ങൾ, റോഡുകൾ, ആശുപത്രികൾ, എണ്ണ കണ്ടെത്തൽ, യു എ ഇയുടെ ഏകീകരണം ഒക്കെയുണ്ട്. ദ്രുതഗതിയിലുള്ള മാറ്റങ്ങൾ അനുഭവിക്കാം. എന്നാൽ ഈ ചിത്രങ്ങൾ പൊതുജനങ്ങൾ വളരെ അപൂർവമായി മാത്രമേ കണ്ടിട്ടുള്ളൂ. ഒരിക്കലും ഡിജിറ്റൈസ് ചെയ്തിരുന്നില്ല. ഓൺലൈനിൽ ലഭ്യമാക്കിയിരുന്നില്ല. യു എ ഇ നാഷണൽ ലൈബ്രറി ആൻഡ് ആർക്കൈവ്സ്, യു കെയുടെ നാഷണൽ കലക്ഷൻ ഓഫ് ഏരിയൽ ഫോട്ടോഗ്രാഫി ഉപയോഗിക്കുകയാണ് ചെയ്തത്.
2024-ൽ ഒപ്പുവെച്ച ഒരു കരാർ പ്രകാരം, യു എ ഇയുമായി ബന്ധപ്പെട്ട 50,000-ത്തിലധികം ചിത്രങ്ങൾ ഡിജിറ്റൈസ് ചെയ്യുകയും നാഷണൽ ആർക്കൈവ്സിനു ലൈസൻസ് നൽകുകയും ചെയ്തിട്ടുണ്ട്. അറേബ്യൻ ഗൾഫ് ഡിജിറ്റൽ ആർക്കൈവിൽ നിരവധി ചിത്രങ്ങൾ ലഭ്യമാണ്. അടുത്ത കുറച്ച് മാസങ്ങളിൽ കൂടുതൽ ചിത്രങ്ങൾ ചേർക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആളുകൾക്കു സൗജന്യമായി കാണാം.
യുണൈറ്റഡ് കിംഗ്ഡത്തിലെ നാഷണൽ കലക്ഷൻ ഓഫ് ഏരിയൽ ഫോട്ടോഗ്രാഫിയുമായുള്ള സഹകരണത്തിന്റെ ഫലങ്ങളുടെ ആദ്യ ഭാഗം ലഭിച്ചതായി നാഷണൽ ലൈബ്രറി ആൻഡ് ആർക്കൈവ്സ് ഡയറക്ടർ ജനറൽ ഡോ. അബ്ദുല്ല മജീദ് അൽ അലി പറഞ്ഞു.യു എ ഇയിലെ എല്ലാ എമിറേറ്റുകളിലും സംഭവിച്ച ശ്രദ്ധേയമായ പരിവർത്തനങ്ങളുടെ ഉയർന്ന റെസല്യൂഷനുള്ള ചിത്രങ്ങൾ ലഭ്യമായി എന്നും അദ്ദേഹം പറഞ്ഞു.