Connect with us

Kerala

കല്‍പ്പറ്റ പോലീസ് സ്‌റ്റേഷനില്‍ ആദിവാസി യുവാവിന്റെ ആത്മഹത്യ: സി ബി ഐ അന്വേഷണത്തിന് ശിപാര്‍ശ

ക്രൈംബ്രാഞ്ചാണ് നിലവില്‍ കേസ് അന്വേഷിക്കുന്നത്

Published

|

Last Updated

കല്‍പ്പറ്റ | കല്‍പ്പറ്റയില്‍ പൊലീസ് കസ്റ്റഡിയില്‍ വച്ച് പ്രായപൂര്‍ത്തിയാകാത്ത ആദിവാസി യുവാവ് ഗോകുല്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സി ബി ഐ അന്വേഷണത്തിന് ശിപാര്‍ശ. ഗോകുലിൻ്റെ മരണത്തില്‍ കുടുംബം സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതോടെയാണ് പോലീസ് മേധാവി  സി ബി ഐ അന്വേഷണത്തിന് ശിപാര്‍ശ നല്‍കിയത്.

ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവര്‍ത്തകനുമായ കുളത്തൂര്‍ ജയ്‌സിംഗിന് ആഭ്യന്തര വകുപ്പ് നല്‍കിയ വിവരാവകാശ രേഖയിലാണ് സി ബി ഐ അന്വേഷണം സംബന്ധിച്ച് ശിപാര്‍ശയുള്ളത്. കേസിൽ രണ്ട് പോലീസുകാരെ അന്വേഷണ വിധേയമായി സസ്‌പെൻഡ്‌ ചെയ്‌തിരുന്നു. കൽപ്പറ്റ സ്‌റ്റേഷനിലെ എ എസ്‌ ഐ ദീപ, സിവിൽ പോലീസ്‌ ഓഫീസർ ശ്രീജിത്‌ എന്നിവർക്കെതിരെയാണ്‌ കണ്ണൂർ ഡി ഐ ജിയുടെ നടപടിയുണ്ടായത്. കൽപ്പറ്റ പോലീസിന്‌ വീഴ്‌ച പറ്റിയെന്ന്‌ ജില്ലാ പോലീസ്‌ മേധാവി തപോഷ് ബസുമദാരി കണ്ണൂർ റെയ്‌ഞ്ച്‌ ഡി ഐ ജിക്ക്‌ റിപോർട്ട്‌ കൈമാറിയതിന്‌ പിന്നാലെയായിരുന്നു നടപടി.

ക്രൈംബ്രാഞ്ചാണ് നിലവില്‍ കേസ് അന്വേഷിക്കുന്നത്. സുഹൃത്തായ പെണ്‍കുട്ടിക്കൊപ്പം കോഴിക്കോട്ട് നിന്ന് കസ്റ്റഡിയിലെടുത്ത ഗോകുലിനെ പോലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.  കസ്റ്റഡിയിലെടുത്ത് തൊട്ടടുത്ത ദിവസം രാവിലെയാണ് ധരിച്ച ഷർട്ട്‌ ഉപയോഗിച്ച് തൂങ്ങി മരിച്ചത്.

 

Latest