Kozhikode
സുഹ്ബ ആത്മീയ സഹവാസത്തിന് വ്യാഴാഴ്ച തുടക്കമാകും
വിശ്വപ്രസിദ്ധ പണ്ഡിതന്‍മാര്‍ നേതൃത്വം നല്‍കും

നോളജ് സിറ്റി | അന്താരാഷ്ട്ര മീലാദ് കോണ്‍ഫറന്‍സിന്റെ മുന്നോടിയായി മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ നടക്കുന്ന സുഹ്ബ ആത്മീയ സഹവാസം വ്യാഴാഴ്ച ആരംഭിക്കും. രണ്ട് പകലും മൂന്ന് രാത്രിയും നീണ്ടുനില്‍ക്കുന്ന ക്യാമ്പിന് വിശ്വപ്രസിദ്ധ പണ്ഡിതരടക്കമുള്ളവര്‍ നേതൃത്വം നല്‍കും.
വ്യാഴം ഉച്ചക്ക് മൂന്നിന് ആരംഭിക്കുന്ന സുഹ്ബ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി ശൈഖ് അബൂബക്കര്‍ അഹ്‌മദ് ഉദ്ഘാടനം ചെയ്യും. ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി ആമുഖഭാഷണം നടത്തും. സമസ്ത പ്രസിഡൻ്റ് ഇ സുലൈമാന്‍ മുസ്ലിയാര്‍, ശൈഖ് ഉസാമ അബ്ദുര്‍റസാഖ് രിഫാഇ ലെബനോണ്‍, ശൈഖ് ഉസാമ അസ്ഹരി ഈജിപ്ത്, ശൈഖ് യഹിയ റോഡസ് യു എസ് എ, ദത്തോ മുഹമ്മദ് നൂര്‍ മനുടി മലേഷ്യ, സി മുഹമ്മദ് ഫൈസി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, അലി ബാഖവി ആറ്റുപുറം തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും.
വിവിധ പഠന സദസ്സുകള്‍, കീര്‍ത്തന ആലാപനങ്ങള്‍, ഇജാസത്ത് മജ്ലിസുകള്‍ എന്നിവ ക്യാമ്പില്‍ നടക്കും. പ്രവാചക ജീവിതത്തില്‍ നിന്നുള്ള വിവിധ പഠനങ്ങള്‍, ചിട്ടകള്‍, പ്രാര്‍ഥനകള്‍ തുടങ്ങിയവ അടുത്തറിയാനും പകര്‍ത്താനും പ്രത്യേക ഇജാസത്തുകള്‍ മഹത് വ്യക്തികളില്‍ നിന്ന് സ്വീകരിക്കാനുള്ള അവസരവും ഉണ്ടാകുമെന്ന് സംഘാടകര്‍ അറിയിച്ചു. നേരത്തേ രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് പ്രവേശനം.