Connect with us

ആത്മീയം

വിജയിക്കുന്ന പരിശ്രമികൾ

Published

|

Last Updated

പൊതുവിദ്യാഭ്യാസ വകുപ്പിനുകീഴിൽ വിദ്യാലയങ്ങളിൽ വിവിധങ്ങളായ പരീക്ഷകൾ നടക്കുന്നു. വർഷാവസാന പരീക്ഷകൾ ഓരോ വിദ്യാർഥിയുടെയും ജീവിതത്തിലെ നാഴികക്കല്ലാണ്. വിശേഷിച്ചും സെക്കൻഡറി, ഹയർ സെക്കൻഡറി പരീക്ഷകളിലെ റിസൽട്ടാണ് ഉപരിപഠനത്തെ അടയാളപ്പെടുത്തുന്നത്. കൊവിഡ് കാലത്ത് സ്വാഭാവിക സ്കൂൾ അനുഭവങ്ങളും ക്ലാസ് റൂം പഠനങ്ങളും പൂർണമായും അനുഭവിച്ചിട്ടില്ലാത്ത വിദ്യാർഥികൾ സാധാരണയുണ്ടാവുന്ന ആകുലതകളോടൊപ്പം മറ്റനേകം ആശങ്കകളും വെല്ലുവിളികളും നേരിടുന്നുണ്ട്. മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം മൂലം ഏകാഗ്രത നഷ്ടപ്പെടുന്നവരും നോട്ടുകൾ കൃത്യമായി എഴുതി ശീലിക്കാത്തതുകാരണം എഴുത്തിൽ പ്രയാസമനുഭവിക്കുന്നവരും അക്കൂട്ടത്തിലുണ്ട്. കടുത്ത വേനലിലുള്ള നോമ്പു കാലത്താണ് ഈ വർഷത്തെ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ നടക്കുന്നത്. നോമ്പുകാലത്തെ പരീക്ഷകളിൽ മാനസികവും ശാരീരികവുമായ ഉണർവും ഊർജസ്വലതയും ആരോഗ്യവും നിലനിർത്താൻ കുട്ടികളും രക്ഷിതാക്കളും നന്നായി ശ്രദ്ധിക്കേണ്ടതുണ്ട്.

ചില രക്ഷിതാക്കൾ കുട്ടികളുടെ കാര്യത്തിൽ അമിതമായ ഉത്കണ്ഠ, ദേഷ്യം, ഭയം, ദുഃഖം എന്നിവ പ്രകടിപ്പിക്കാറുണ്ട്. യഥാർഥത്തിൽ അവ കുട്ടികളുടെ ഓർമശക്തിയെ നശിപ്പിക്കുകയും അവരെ അസ്വസ്ഥരാക്കുകയുമാണ് ചെയ്യുന്നത്. അവരെ വഴക്ക് പറയുന്നതും പരിഹസിച്ച് സംസാരിക്കുന്നതും ആഴത്തിലുള്ള മുറിവുകളുണ്ടാക്കുമെന്നതിൽ സംശയമില്ല. ഉല്‍കണ്ഠാകുലരായി കുട്ടികളുടെ ചുറ്റും രക്ഷിതാക്കൾ നടക്കുന്നതും മറ്റു കുട്ടികളുമായി താരതമ്യം ചെയ്യുന്നതും മണ്ടൻ, മടിയന്‍ എന്നൊക്കെ പ്രയോഗിക്കുന്നതും അവരുടെ ആത്മവിശ്വാസവും ധൈര്യവും തകർക്കുക തന്നെ ചെയ്യും.

മതിയായ മുന്നൊരുക്കങ്ങളാണ് ഏതൊരു കാര്യത്തെയും വിജയിപ്പിക്കുന്നത്. പുതിയ ക്ലാസുകളിലേക്ക് ഉയർത്തുന്നതും മികച്ച നേട്ടങ്ങളെ അടയാളപ്പെടുത്തുന്നതും പരീക്ഷകളാകയാൽ തികഞ്ഞ ആത്മവിശ്വാസത്തോടെയും ശുഭപ്രതീക്ഷയോടെയുമാണ് പരീക്ഷകളെ സമീപിക്കേണ്ടത്. മതിയായ മുന്നൊരുക്കത്തോടെയുള്ള പഠിതാവിന് ഒരിക്കലും ഖേദിക്കേണ്ടിവരില്ല.

ഒരു ഘട്ടത്തിലെ പരീക്ഷകൾ കൊണ്ട് ഒരാളുടെ എല്ലാ കഴിവുകളും പരിശോധിക്കാൻ കഴിയുകയില്ല. പരീക്ഷകളിലെ ഉന്നത മാർക്ക് ഉപരി വിദ്യാഭ്യാസത്തിന് പ്രയോജനം ചെയ്യുമെങ്കിലും ജീവിതവിജയം ഈ പരീക്ഷകളുടെ മാർക്കിനെ മാത്രം അടിസ്ഥാനമാക്കിയല്ലെന്ന തിരിച്ചറിവ് കൂടി വേണം. അല്ലാതിരുന്നാൽ മാർക്ക് കുറയുന്ന കുട്ടികൾക്കും പഠനത്തിൽ പിന്നാക്കം നിൽക്കുന്നവർക്കും ആത്മവിശ്വാസവും മനശ്ശക്തിയും കുറയും. ചെറുപ്പം മുതൽ ജീവിതമൂല്യങ്ങൾ അറിഞ്ഞു വളരുന്ന കുട്ടികൾ പരീക്ഷയിൽ അൽപ്പം മാർക്ക് കുറഞ്ഞാലും അവന്റെ ജീവിതം കരുപ്പിടിപ്പിക്കുന്നതിൽ വിജയിക്കുന്നതിന് അനേകം ഉദാഹരണങ്ങളുണ്ട്.
പരീക്ഷക്കു വേണ്ടി കഠിനാധ്വാനം ചെയ്യണം. പഠനത്തിലും പഠനമുറിയിലും അടുക്കും ചിട്ടയും പാലിക്കണം. ചിലപ്പോൾ പഠിച്ച ഭാഗങ്ങളിൽ നിന്നും പരീക്ഷക്ക് വന്ന് കൊള്ളണമെന്നില്ല. അത് അടുത്ത പരീക്ഷക്കൊരുങ്ങുന്നതിനോ പരീക്ഷ എഴുതുന്നതിനോ തടസ്സമാകരുത്. കൃത്യമായ സമയക്രമം രൂപപ്പെടുത്തി മതിയായ ഇടവേളകൾ നൽകി പഠനം ക്രമീകരിക്കണം. പുസ്തകങ്ങളിലുള്ള കാര്യങ്ങൾ ശ്രദ്ധയോടെ മനസ്സിലാക്കി പഠിക്കുന്നത് സിലബസിന്റെ എല്ലാ ഭാഗവും ഉൾക്കൊള്ളാൻ സഹായിക്കും. ചിലർ രാത്രി വൈകുവോളം വായിക്കുന്നു. മറ്റു ചില‍രാകട്ടെ നേരത്തെ ഉണ‍ർന്ന് പഠിക്കുന്നു. രാത്രി മുഴുവൻ ഉറക്കമൊഴിവാക്കി പഠിക്കുന്നത് അത്ര ഉചിതമല്ല. പകലിൽ നീണ്ട സമയം ഉറങ്ങുന്നതും അഭികാമ്യമല്ല.

പഠനത്തിന്റെ പ്രാരംഭ ദശയിൽ ലളിതമായ രീതിയിലാണ് വേണ്ടത്. ക്രമേണ കടുപ്പമുള്ള ഭാഗങ്ങളിലേക്ക് നീങ്ങാം. ശാന്തമായ മനസ്സുള്ളവർക്കാണ് ശരിയായ പഠനം സാധ്യമാകുന്നത്. പഠിക്കാനുള്ള മൊത്തം വിഷയങ്ങളെക്കുറിച്ചാലോചിച്ച് നിരാശപ്പെടരുത്. ആശങ്കകളും അലട്ടലുകളും അധ്യാപകരുമായോ മാതാപിതാക്കളുമായോ സുഹൃത്തുക്കളുമായോ കൗൺസിലറുമായോ പങ്കിടണം. നല്ല സൗഹൃദവും തുറന്ന സംസാരവും ഒറ്റക്കല്ല എന്ന ബോധം വളർത്താനും ആത്മവിശ്വാസം വർധിപ്പിക്കാനും സഹായകമാകും.

രോ​ഗമോ വൈകല്യമോ പിന്തുടരുന്നവരെ പ്രത്യേകം ശ്രദ്ധിക്കണം. അവരെ ചേർത്തുപിടിക്കുകയും മാനസികമായ പിന്തുണ നൽകുകയും വേണം. വൈകല്യങ്ങളുള്ളവർക്കും സ്വഭാവ ദൂഷ്യമുള്ളവർക്കും കൗൺസലിംഗിലൂടെ പരിഹാരം നൽകണം. പരീക്ഷക്ക് പോകുമ്പോൾ വിദ്യാർഥികളെ ഭയപ്പെടുത്താതെ മനസ്സിന് കുളിര് പകരുന്ന ആശ്വാസ വാക്കുകളും ആശംസകളും നേരുക. അത് അവരുടെ മനസ്സ് ശാന്തമാക്കുകയും പ്രത്യാശ വർധിപ്പിക്കുകയും ചെയ്യും. കഴിഞ്ഞ പരീക്ഷയുടെ ചോദ്യപേപ്പ‍ർ “പോസ്റ്റ്‌മോർട്ടം’ നടത്തി അടുത്ത പരീക്ഷക്കൊരുങ്ങുന്നതിൽ നിന്നും കുട്ടികളെ തളർത്തുന്ന രീതി രക്ഷിതാക്കളും അധ്യാപകരും സഹപാഠികളുമെല്ലാം ഒഴിവാക്കണം. മുൻവിധികളോടെയുള്ള സമീപനം പലപ്പോഴും അബദ്ധത്തിലാണ് കലാശിക്കാറ്. പോരായ്മകളെയും വീഴ്ചകളെയും സുമനസ്സോടെ തിരുത്തണം.

“പരിശ്രമിക്കുന്നവൻ വിജയിക്കു’മെന്ന പഴമൊഴി പരീക്ഷ എഴുതുന്നവർക്ക് പ്രചോദനമാകട്ടെ. പ്രതീക്ഷ കൈവിടാതെ പ്രയത്നിക്കുക. നിരാശരാകാതെ, തളരാതെ മുന്നോട്ട് ഗമിക്കുക. നന്മയുടെ വഴിയിൽ പ്രത്യാശയുടെ പാതയിൽ നമ്മെ കാത്തിരിക്കുന്നത് വലിയ വിജയങ്ങളാണ്. പരീക്ഷകൾ ഭയപ്പെടാനുള്ളതല്ല, ഇഷ്ടപ്പെടാനുള്ളതാണ്. പരീക്ഷകളെ പുഞ്ചിരിയോടെ നേരിടാം.

Latest