Kerala
വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം: പ്രധാനാധ്യാപികയെ സസ്പെന്‍ഡ് ചെയ്യാന്‍ നിര്‍ദേശം
ഉച്ചക്ക് രണ്ടിന് ഡി ഇ ഒ, എ ഇ ഒമാരുടെ അടിയന്തര യോഗം

തിരുവനന്തപുരം | തേവലക്കര സ്‌കൂളില്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ സ്‌കൂളിലെ പ്രധാനാധ്യാപികയെ സസ്പെന്‍ഡ് ചെയ്‌തേക്കും. സ്‌കൂളിന് വീഴ്ച പറ്റിയെന്ന പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ റിപോര്‍ട്ടിന് പിന്നാലെയാണ് നടപടി. റിപോര്‍ട്ട് സമര്‍പ്പിച്ചതിന് ശേഷം ഉന്നതതല യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് കര്‍ശന നടപടിയെടുക്കാന്‍ തീരുമാനമായത്.
മാനേജ്മെന്റിനെതിരെയും നടപടിയെടുക്കും. ഇതില്‍ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം നോട്ടീസ് അയച്ചു. നടപടിയെടുക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കണമെന്നും മൂന്ന് ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്നും ആവശ്യപ്പെടും. കൂടാതെ മാനേജ്മെന്റ് കുട്ടിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് കുട്ടിയുടെ കുടുംബത്തിന് വീടുവെച്ചു നല്‍കുമെന്നും തീരുമാനമായി.
ഇളയകുട്ടിക്ക് 12ാം ക്ലാസുവരെ പരീക്ഷ ഫീസ് ഒഴിവാക്കുമെന്നും അടിയന്തര ധനസഹായമായി മൂന്ന് ലക്ഷം രൂപ കുടുംബത്തിന് നല്‍കുമെന്നും മന്ത്രി ശിവന്‍കുട്ടി വ്യക്തമാക്കി. സ്‌കൂള്‍ പി ടി എ പുനഃസംഘടിപ്പിക്കാനും തീരുമാനിച്ചു. ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് ഡി ഇ ഒ, എ ഇ ഒമാരുടെ അടിയന്തര യോഗം ഓണ്‍ലൈനില്‍ ചേരും.