Connect with us

bus charge hike

വിദ്യാർഥി കൺസെഷൻ വർധനവ് തീരുമാനമായില്ല; ചർച്ച തുടരും

കൺസെഷൻ നിരക്ക് നിലവിലെ രീതിയിൽ തന്നെ തുടരണമെന്ന വിദ്യാർഥി സംഘടനകളുടെ ആവശ്യത്തിൽ സ്വകാര്യ ബസുടമകളുമായും ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷനുമായും ചർച്ച ചെയ്ത ശേഷം സർക്കാർ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുമെന്ന് അറിയിച്ചു

Published

|

Last Updated

തിരുവനന്തപുരം| വിദ്യാർഥികളുടെ കൺസെഷൻ നിരക്ക് വർധനയുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി ആന്റണി രാജു വിദ്യാർഥി സംഘടനാ പ്രതിനിധികളുമായി ചർച്ച നടത്തി. ചർച്ചയിൽ നിരക്ക് വർധന സംബന്ധിച്ച് അന്തിമ തീരുമാനമായില്ലെന്നും ചർച്ച തുടരുമെന്നും ഗതാഗത മന്ത്രി ചർച്ചക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

കൺസെഷൻ നിരക്ക് നിലവിലെ രീതിയിൽ തന്നെ തുടരണമെന്ന വിദ്യാർഥി സംഘടനകളുടെ ആവശ്യത്തിൽ സ്വകാര്യ ബസുടമകളുമായും ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷനുമായും ചർച്ച ചെയ്ത ശേഷം സർക്കാർ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുമെന്ന് അറിയിച്ചു.
കൺസെഷൻ നിരക്ക് വർധന സംബന്ധിച്ച് വിദ്യാർഥി സംഘടനാ പ്രതിനിധികളുമായി ഗതാഗതമന്ത്രി ആന്റണി രാജുവും പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുമാണ് ചർച്ച നടത്തിയത്.

വിദ്യാർഥികളുടെ കൺസെഷൻ മിനിമം നിരക്ക് നിലവിലുള്ള ഒരു രൂപയിൽ നിന്ന് ആറ് രൂപയായി വർധിപ്പിക്കണമെന്നും കൂടുതൽ വരുന്നത് 50 ശതമാനമായി ഉയർത്തണമെന്നുമായിരുന്നു സ്വകാര്യ ബസ് ഉടമകളുടെ ആവശ്യം.

നിലവിൽ ഒരു രൂപയാണ് വിദ്യാർഥികളുടെ മിനിമം കൺസെഷൻ തുക. തുടർന്ന് കിലോമീറ്റർ ചാർജിന്റെ 25 ശതമാനവും ഈടാക്കും.

എന്നാൽ ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷനുമായി അടുത്തയാഴ്ച ഈ വിഷയത്തിൽ ചർച്ച നടത്തുന്നുണ്ടെന്നും, വിദ്യാർഥി സംഘടനകളെക്കൂടി വിശ്വാസത്തിലെടുത്തേ തീരുമാനിക്കൂ എന്നും ഗതാഗത മന്ത്രി അറിയിച്ചിരുന്നു.

ഇതിന്റെ തുടർച്ചയായാണ് വിദ്യാർഥി സംഘടനാ പ്രതിനിധികളുമായി മന്ത്രിമാർ ചർച്ച നടത്തിയത്.

ബസ് നിരക്ക് നിർദേശിക്കാൻ ചുമതലപ്പെടുത്തിയിട്ടുള്ള ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ ശിപാർശയും വിദ്യാർഥികളുടെ ബസ് ചാർജ് അഞ്ച് രൂപയായി വർധിപ്പിക്കണം എന്നായിരുന്നു. ഒന്നര രൂപ വരെയാക്കാമെന്നാണ് സർക്കാർ ബസ് ഉടമകളോട് പറയുന്നത്. എത്ര കുറച്ചാലും അഞ്ച് രൂപയിൽ താഴില്ലെന്ന കടുംപിടിത്തത്തിലാണ് ബസ് ഉടമകൾ.

2012 ലാണ് വിദ്യാർഥികളുടെ മിനിമം ബസ് ചാർജ് 50 പൈസയിൽ നിന്ന് ഒരു രൂപയായി വർധിപ്പിച്ചത്. നേരത്തേ ബസ് ചാർജ് മിനിമം പത്ത് രൂപയാക്കാൻ തത്വത്തിൽ തീരുമാനമായിരുന്നു. ബസ് ഉടമകളുമായി നടത്തിയ ചർച്ചയിലും നിരക്ക് കൂട്ടാൻ തത്വത്തിൽ തീരുമാനമായെന്ന് ഗതാഗത മന്ത്രി അറിയിച്ചു.

മിനിമം നിരക്ക് നിലവിലെ എട്ട് രൂപയിൽ നിന്ന് 12 രൂപയാക്കണമെന്നാണ് ബസ് ഉടമകൾ ആവശ്യപ്പെടുന്നത്. എന്നാൽ ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ സർക്കാറിനോട് ശിപാർശ ചെയ്തത് പത്ത് രൂപയാണ്. അത് അംഗീകരിക്കാനാണ് സാധ്യത.

Latest