National
യുപിയില്‍ വിദ്യാര്‍ത്ഥിയെ മര്‍ദിച്ച സംഭവം; സംസ്ഥാനം ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന് സുപ്രീംകോടതി
അന്വേഷണം നിരീക്ഷിക്കാന്‍ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനെ നിയമിക്കാനും മൂന്നാഴ്ചയ്ക്കകം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ഉത്തരവിട്ടു.

മുസാഫര്‍ നഗര്‍| ഉത്തര്‍പ്രദേശില്‍ വിദ്യാര്‍ത്ഥിയെ സഹപാഠികളെക്കൊണ്ട് അധ്യാപിക തല്ലിച്ച സംഭവത്തിന്റെ ഉത്തരവാദിത്വം സംസ്ഥാനം ഏറ്റെടുക്കണമെന്ന് സുപ്രീംകോടതി. മുസാഫര്‍നഗറിലെ സ്‌കൂളിലായിരുന്നു സംഭവം നടന്നത്. അധ്യാപികയുടെ നിര്‍ദേശപ്രകാരം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മാറിമാറി സഹപാഠിയായ മുസ്ലിം വിദ്യാര്‍ഥിയെ മര്‍ദിക്കുകയായിരുന്നു. സംഭവത്തില്‍ ആശങ്ക ഉയര്‍ത്തിയ ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ അഭയ് എസ് ഒക, പങ്കജ് മിത്തല്‍ എന്നിവരടങ്ങിയ ബെഞ്ച് വാക്കാലുള്ള നിരീക്ഷണം നടത്തിയത്.
സംഭവത്തിന്റെ വീഡിയോ കഴിഞ്ഞ മാസം സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുകയും വ്യാപക പ്രതിഷേധത്തിന് കാരണമാവുകയും ചെയ്തു. ഇതേതുടര്‍ന്ന് അധ്യാപികയ്ക്കെതിരെ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. അതേസമയം ഉത്തര്‍പ്രദേശ് പോലീസ് വിഷയം കൈകാര്യം ചെയ്ത രീതിയില്‍ ഗുരുതരമായ എതിര്‍പ്പുകളുണ്ടെന്ന് ബെഞ്ച് ഹരജി പരിഗണിക്കവേ പറഞ്ഞു. അധ്യാപിക ലക്ഷ്യമിടുന്നത് ഒരു വിഭാഗത്തെയാണ്. അധ്യാപകര്‍ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്ന രീതി ഇതാണോ. ഇതാണോ ഗുണനിലവാരമുള്ള വിദ്യാഭ്യാസമെന്നും ഈ സംഭവത്തിന്റെ ഉത്തരവാദിത്തം സംസ്ഥാനം ഏറ്റെടുക്കണമെന്നും ബെഞ്ച് വ്യക്തമാക്കി.
വിദ്യാഭ്യാസ അവകാശ നിയമത്തിലെ (ആര്‍ടിഇ) വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് ആദ്യ പ്രശ്നമെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. വിദഗ്ധനായ ചൈല്‍ഡ് കൗണ്‍സിലറെ നിയമിച്ച് ഇരയ്ക്ക് കൗണ്‍സിലിംഗ് നല്‍കാനും സംസ്ഥാന സര്‍ക്കാരിനോട് ബെഞ്ച് നിര്‍ദ്ദേശിച്ചു. അന്വേഷണം നിരീക്ഷിക്കാന്‍ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനെ നിയമിക്കാനും മൂന്നാഴ്ചയ്ക്കകം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ഉത്തരവിട്ടു.