Kerala
ജമാഅത്തെ ഇസ്‌ലാമിയുടെ ആശയങ്ങളോട് ശക്തമായ വിയോജിപ്പ്: ജിഫ്രി തങ്ങള്‍
മുസ്‌ലിംകള്‍ മാത്രമുള്ള ഐക്യം പ്രായോഗികമല്ല, വേണ്ടത് മറ്റുള്ളവരെയും ചേര്‍ത്തുപടിച്ചുള്ള ഐക്യം.
കോഴിക്കോട് | തിരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടി അടക്കമുള്ള കക്ഷികളോട് സഖ്യമാകുന്നതിനെക്കുറിച്ച് അതാത് രാഷ്ട്രീയ പാര്‍ട്ടികളും മുന്നണികളുമാണ് തീരുമാനമെടുക്കേണ്ടതെന്ന് ഇ കെ വിഭാഗം പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. സഖ്യപ്പെടുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ നയനിലപാടുകളേയും ആശയങ്ങളേയും കുറിച്ച് ഓരോരുത്തരും പരസ്പരം മനസ്സിലാക്കണം. പാണക്കാട് വെച്ച് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത് സംബന്ധിച്ച് മറുപടി പറയാനാവില്ല. ജമാഅത്തെ ഇസ്‌ലാമിയുടെ ആശയങ്ങളോട് ശക്തമായ വിയോജിപ്പുണ്ടെന്നും ജിഫ്രി തങ്ങള്‍ ചോദ്യത്തിനുത്തരമായി പറഞ്ഞു.
ജമാഅത്തെ ഇസ്‌ലാമി രാഷ്ട്രീയത്തിന്റെ പേരില്‍ സമുദായത്തിനകത്ത് നുഴഞ്ഞു കയറാന്‍ ശ്രമിക്കുകയാണെന്നും വന്‍ ചിതല്‍ പോലെ അത് ഇസ്‌ലാമിനെ തകര്‍ക്കുമെന്നതില്‍ സംശയമില്ലെന്നും ഇ കെ വിഭാഗം നേതാവ് ഉമര്‍ ഫൈസി മുക്കം കഴിഞ്ഞ ദിവസം പ്രസംഗിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജമാഅത്തെ ഇസ്‌ലാമിയെ ശക്തമായി തള്ളിക്കൊണ്ടുള്ള സയ്യിദ് ജിഫ്രി തങ്ങളുടെ പ്രതികരണം. മുസ്‌ലിംകള്‍ മാത്രം ഐക്യപ്പെടുകയെന്നത് പ്രായോഗികമല്ല. മുസ്‌ലിംകളുടെ പ്രശ്നങ്ങളില്‍ അനുഭാവം പുലര്‍ത്തുന്ന മറ്റുള്ളവരേയും ചേര്‍ത്തുപിടിച്ചുകൊണ്ടുള്ള ഐക്യമാണ് വേണ്ടതെന്നും ചോദ്യത്തിനുത്തരമായി ജിഫ്രി തങ്ങള്‍ പറഞ്ഞു.
ഇ കെ വിഭാഗത്തില്‍ സി ഐ സി സംബന്ധിച്ച പ്രശ്നം പരിഹരിക്കപ്പെട്ടിട്ടില്ല. സുന്നി ഐക്യം സംബന്ധിച്ച ശ്രമങ്ങള്‍ നടക്കുകയാണ്. വിദേശ പര്യടനത്തിനിടക്ക് ചില പ്രമുഖ വ്യവസായികള്‍ ഇത് സംബന്ധിച്ച കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു. ശ്രമം തുടരുകയാണെങ്കില്‍ എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് അവരെ അറിയിച്ചതായും ജിഫ്രി തങ്ങള്‍ വ്യക്തമാക്കി.


