International
പട്ടിണി മരണം അതിക്രൂരം; ഗസ്സയിലെ വാര്‍ത്തകള്‍ നല്‍കാന്‍ കഴിയുന്നില്ലെന്ന് മാധ്യമ പ്രവര്‍ത്തകന്റെ വികാര നിര്‍ഭരമായ കുറിപ്പ്
'വിശപ്പില്‍ മുങ്ങുകയാണ്. ക്ഷീണത്താല്‍ വിറക്കുന്നു. ഓരോ നിമിഷവും ഗസ്സ മരിക്കുന്നു. അതിനൊപ്പം ഞങ്ങളും'.

ഗസ്സ | ഗസ്സയിലെ മാധ്യമപ്രവര്‍ത്തകരും ഇസ്‌റാഈല്‍ നരനായാട്ടില്‍ പട്ടിണി മരണത്തിലേക്ക്. പട്ടിണിയുടെ ദയനീയ രംഗം വിവരിക്കുന്ന അല്‍ ജസീറയിലെ മാധ്യമ പ്രവര്‍ത്തകന്റെ കുറിപ്പ് നൊമ്പരമായി. പട്ടിണിയില്‍ അവശനായി മരണത്തെ അഭിമുഖീകരിക്കുന്നതിനാല്‍ വാര്‍ത്തകള്‍ നല്‍കാന്‍ കഴിയുന്നില്ലെന്ന് ഗസ്സയിലെ അല്‍ ജസീറ അറബിക് ചാനല്‍ ലേഖകനായ അനസ് അല്‍ ഷരീഫിന്റെ പോസ്റ്റില്‍ പറയുന്നു. ’21 മാസത്തിനിടെ ഒരു നിമിഷം പോലും ഞാന്‍ വാര്‍ത്ത നല്‍കുന്നത് നിര്‍ത്തിയിട്ടില്ല, ഇന്ന് ഞാന്‍ അത് തുറന്നുപറയുന്നു. വിവരണാതീതമായ വേദനയോടെ. ഞാന്‍ വിശപ്പില്‍ മുങ്ങുകയാണ്, ക്ഷീണത്താല്‍ വിറക്കുകയാണ്. ഓരോ നിമിഷവും എന്നെ പിന്തുടരുന്ന ബോധക്ഷയത്തെ ചെറുക്കുന്നു. ഗസ്സ മരിക്കുകയാണ്. ഞങ്ങളും അതിനൊപ്പം മരിക്കുന്നു’- അദ്ദേഹം വ്യക്തമാക്കി.
കുറ്റകൃത്യങ്ങളും തടയാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അല്‍ ജസീറ മീഡിയ നെറ്റ്വര്‍ക്ക് പത്രപ്രവര്‍ത്തക സമൂഹത്തോടും പത്രസ്വാതന്ത്ര്യ സംഘടനകളോടും നിയമ സ്ഥാപനങ്ങളോടും ആവശ്യപ്പെട്ടു. 21 മാസത്തിലേറെയായി ഇസ്രായേലിന്റെ ബോംബാക്രമണവും അടിച്ചേല്‍പ്പിക്കപ്പെട്ട ഭക്ഷ്യക്ഷാമവും ഗസ്സയിലെ ഏകദേശം 20 ലക്ഷത്തോളം വരുന്ന ജനങ്ങളെ മാനുഷിക ദുരന്തത്തിന്റെ വക്കിലെത്തിച്ചിരിക്കുകയാണ്. ഈ തുടര്‍ച്ചയായ വംശഹത്യയെക്കുറിച്ച് ധീരമായി റിപ്പോര്‍ട്ട് ചെയ്തവരാണ് മാധ്യമപ്രവര്‍ത്തകര്‍. ഈ ക്രൂരതകളിലേക്ക് വെളിച്ചം വീശുന്നതിനായി തങ്ങളുടെ ജീവന്‍ പണയപ്പെടുത്തി, കുടുംബങ്ങളുടെ സുരക്ഷയും അപകടത്തിലാക്കി പ്രവര്‍ത്തിച്ചവര്‍ ഇപ്പോള്‍ സ്വന്തം നിലനില്‍പ്പിനായി പോരാടുകയാണെന്ന് ഗസ്സയിലെ മാധ്യമപ്രവര്‍ത്തകരുടെ ദുരവസ്ഥയെക്കുറിച്ച് അഭിപ്രായപ്പെട്ടുകൊണ്ട് അല്‍ ജസീറ മീഡിയ നെറ്റ്വര്‍ക്കിന്റെ ഡയറക്ടര്‍ ജനറല്‍ ഡോ. മുസ്തഫ സൗഗ് പറഞ്ഞു.
‘പത്രപ്രവര്‍ത്തക സമൂഹത്തിനും ലോകത്തിനും വലിയൊരു ഉത്തരവാദിത്വമുണ്ട്; ഈ മഹത്തായ തൊഴിലില്‍ നമ്മുടെ സഹപ്രവര്‍ത്തകരെ പിന്തുണക്കുന്നതിന് നമ്മുടെ ശബ്ദമുയര്‍ത്തുകയും ലഭ്യമായ എല്ലാ മാര്‍ഗങ്ങളും സമാഹരിക്കുകയും ചെയ്യേണ്ടത് നമ്മുടെ കടമയാണ്. ഇപ്പോള്‍ നമ്മള്‍ നടപടിയെടുക്കുന്നില്ലെങ്കില്‍, നമ്മുടെ കഥകള്‍ പറയാന്‍ ആരും അവശേഷിക്കാത്ത ഒരു ഭാവിയിലേക്ക് നമ്മള്‍ നീങ്ങേണ്ടിവരും. നമ്മുടെ നിഷ്‌ക്രിയത്വം നമ്മുടെ സഹ പത്രപ്രവര്‍ത്തകരെ സംരക്ഷിക്കുന്നതില്‍ വലിയ പരാജയമായും ഓരോ പത്രപ്രവര്‍ത്തകനും ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിക്കുന്ന തത്വങ്ങളുടെ വഞ്ചനയായും ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടും’. അദ്ദേഹം പറഞ്ഞു.