Connect with us

National

എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റി: ദേശീയ പ്രതിനിധി സമ്മേളനം ഇന്ന് തുടങ്ങും

വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 10,000 പേർ പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കും.

Published

|

Last Updated

മുംബൈ | അഞ്ച് പതിറ്റാണ്ട് പൂർത്തിയാകുന്ന എസ് എസ് എഫിന്റെ ഗോൾഡൻ ഫിഫ്റ്റി ദേശീയ സമ്മേളനത്തിന് പ്രൗഢ തുടക്കം. വ്യത്യസ്ത മേഖലകളിൽ ഗഹനമായ സംവാദങ്ങൾ നടക്കുന്ന പ്രതിനിധി സംഗമം ഇന്ന് ആരംഭിക്കും. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 10,000 പേർ പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കും.

ഡോ.ഹുസൈൻ സഖാഫി ചുള്ളിക്കോട്, ഡോ. എ പി മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, അഫ്‌റോസ് ഖാദിരി ശിറിയ കോട്ട്, മുജ്തബ ശരീഫ് മിസ്ബാഹി, മുഫ്തി ബദ്‌റെ ആലം മിസ്ബാഹി നേതൃത്വം നൽകും. വ്യത്യസ്ത ശരീഅ ക്യാമ്പസുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 500 പ്രത്യേക പ്രതിനിധികളുടെ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി കോൺഫറൻസിൽ. ഡോ. മുഹമ്മദ് ഫാറൂഖ് നഈമി, സുഹൈറുദ്ദീൻ നൂറാനി വെസ്റ്റ് ബംഗാൾ, നൗഷാദ് ആലം മിസ്ബാഹി ഒഡിഷ വിവിധ വിഷയങ്ങൾ അവതരിപ്പിക്കും.

പ്രൊഫഷനൽ ആർട്സ് ആന്റ് സയൻസ് കോളജുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കായുള്ള ക്യാമ്പസ് സ്റ്റുഡന്റ്സ് കോൺഫറൻസിൽ ഇസ്‌ലാം, വിപ്ലവം, ആത്മീയത, സംഘടന, സംഘാടനം, രാഷ്ട്രീയം, നിലപാട് തുടങ്ങിയ വിഷയങ്ങളിൽ ക്ലാസ്സുകൾ നടക്കും.

ഖ്വാജാ സഫർ മദനി ജമ്മുകശ്മീർ, അബ്ദുർ‌റഹ്മാൻ ബുഖാരി, ഡോ.അബൂബക്കർ, അഫ്സൽ റാശിദ് ഖുതുബി ഹൈദരാബാദ്, സുബൈർ അംജദി അലീഗഢ്, അബ്ദുൽ ഖയ്യൂം അലീഗഢ്, ഡോ. ജുനൈദ് ഡൽഹി, ഡോ. ജാവേദ് മിസ്ബാഹി, ദിൽഷാദ് അഹ്‌മദ് കശ്മീർ തുടങ്ങിയവർ സംസാരിക്കും. വൈകിട്ട് ഏഴിന് പ്രശസ്ത പൊളിറ്റിക്കൽ ജേർണലിസ്റ്റ് ആദിത്യ മേനോൻ “നമ്മൾ ഇന്ത്യൻ ജനത’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും.

ഇന്നലെ വൈകുന്നേരം നാലിനാണ് ഏകതാ ഉദ്യാനെന്ന് നാമകരണം ചെയ്ത ദേവ്‌നാർ മൈതാനത്ത് ദേശീയ നേതൃത്വം ഒരുമിച്ച് പതാക ഉയർത്തി സമ്മേളനത്തിന് തുടക്കം കുറിച്ചത്. ഗോൾഡൻ ഫിഫ്റ്റി ഉദ്ഘാടന സംഗമം അറബ് ലീഗ് അംബാസഡർ യൂസുഫ് മുഹമ്മദ് അബ്ദുല്ല ജമീൽ ഉദ്ഘാടനം ചെയ്തു. ഗോൾഡൻ ഫിഫ്റ്റി ദേശീയ സമ്മേളനത്തിന്റെ ഭാഗമായി ഹാജി അലി ദർഗ, മാഹിൻ അലി, ബിസ്മില്ല ഷാ, ബഹാഉദ്ദീൻ ഷാ, അബ്ദുർറഹ്മാൻ ഷാ ദർഗകളിൽ നടന്ന സിയാറത്തിന് എസ് എസ് എഫ് ദേശീയ അധ്യക്ഷൻ ഡോ.മുഹമ്മദ് ഫാറൂഖ് നഈമി നേതൃത്വം നൽകി. അഞ്ചിന് ഹിന്ദുസ്ഥാൻ ഉറുദു ഡെയ്‌ലി എഡിറ്റർ സർഫറാസ് അർസു എജ്യുസൈൻ കരിയർ എക്‌സ്പോ ഉദ്ഘാടനം ചെയ്തു. വിസ്ഡം എജ്യൂക്കേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ (വെഫി) യുടെ കീഴിലാണ് എക്‌സ്‌പോ സംഘടിപ്പിക്കുന്നത്.

വായന വിരുന്നൊരുക്കുന്ന പുസ്തകലോകം പ്രശസ്ത ഉറുദു കവി മെഹ്ബൂബ് ആലം ഗാസി ഉദ്ഘാടനം ചെയ്തു. സമ്മേളന നഗരിയുടെ പ്രധാന ആകർഷണമായ ബുക് ഫെയറിൽ 500 ശീർഷകങ്ങളിലായി അൽ മക്തബതുൽ മദീന, അൽ അറബിയ്യ, ഇസ്‌ലാമിക് എജ്യുക്കേഷനൽ ബോർഡ് ഓഫ് ഇന്ത്യ തുടങ്ങിയ പ്രസാധകരുടെ പുസ്തകങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്.
ഏഴ് വേദികളിലായാണ് സമ്മേളനം നടക്കുന്നത്.

 

Latest