Connect with us

Kerala

കസ്റ്റഡിയിലെടുത്തയാള്‍ തൂങ്ങിമരിച്ച സംഭവം അന്വേഷിക്കാന്‍ പ്രത്യേക സംഘം; റിപോര്‍ട്ട് നാളെ കൈമാറും

കോയിപ്രം പോലീസ് പരിധിയില്‍ നിന്നു കഞ്ചാവ് ബീഡി വലിച്ചതിനു കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്ത സുരേഷിനെ പിന്നീട് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് അന്വേഷണം.

Published

|

Last Updated

പത്തനംതിട്ട | കോയിപ്രം വരയന്നൂര്‍ മുട്ടപ്പള്ളിയില്‍ കോളനി വാലുപറമ്പില്‍ വീട്ടില്‍ കെ എം സുരേഷിന്റെ (58) ദുരൂഹ മരണം അന്വേഷിക്കാനുള്ള പോലീസ് സംഘത്തെ നിശ്ചയിച്ചു. പതിനാലംഗ അന്വേഷണ സംഘത്തെ ജില്ലാ ക്രൈംബ്രാഞ്ച് ഡി വൈ എസ് പി. കെ എ വിദ്യാധരന്‍ നയിക്കും. നിലവിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ കോന്നി എസ് എച്ച് ഒ. പി ശ്രീജിത്തും അന്വേഷണ സംഘത്തിലുണ്ട്.

ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് എസ് ഐ. ബി എസ് ആദര്‍ശ്, ജില്ലാ ക്രൈം ബ്രാഞ്ചിലെ എസ് ഐമാരായ കെ എസ് ധന്യ, പി എന്‍ അനില്‍കുമാര്‍, ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിലെ ഗ്രേഡ് എസ് ഐമാരായ ബി കെ സഞ്ജു, എന്‍ സന്തോഷ്, ജില്ലാ ക്രൈം ബ്രാഞ്ചിലെ ഗ്രേഡ് എ എസ് ഐ. എന്‍ സന്തോഷ്, സൈബര്‍ സെല്‍ ഗ്രേഡ് എ എസ് ഐ. അനൂപ് മുരളി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ എല്‍ സന്തോഷ്, ആര്‍ എസ് അനീഷ് (ഡി സി ആര്‍ ബി), റോബി ഐസക് (ഡി സി ബി), രഞ്ജിത്ത് (കോന്നി), എം എസ് അമല്‍ (ഡി പി സി ഓഫീസ്) എന്നിവരാണ് സംഘത്തിലുള്ള മറ്റുള്ളവര്‍.

ദക്ഷിണ മേഖലാ ഡി ഐ ജി. അജിതാ ബീഗത്തിന്റെ നിര്‍ദേശ പ്രകാരം അഡീഷണല്‍ എസ് പി. ആര്‍ ബിനു നടത്തിയ പ്രാഥമികാന്വേഷണത്തിന്റെ റിപോര്‍ട്ട് നാളെ പത്തനംതിട്ട എസ് പിയുടെ ചുമതല വഹിക്കുന്ന കൊട്ടാരക്കര റൂറല്‍ എസ് പി. എം സാബുമാത്യുവിന് കൈമാറും. കോയിപ്രം പോലീസ് പരിധിയില്‍ നിന്നു കഞ്ചാവ് ബീഡി വലിച്ചതിനു കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്ത സുരേഷിനെ പിന്നീട് കോന്നിക്കു സമീപം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് അന്വേഷണം. സുരേഷിന്റെ മൃതദേഹത്തില്‍ അടിയേറ്റ പാടുകളും എല്ലുകള്‍ക്ക് ക്ഷതവും മറ്റുമുള്ളതായി പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടുണ്ടായിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന സംഭവത്തില്‍ പോലീസ് പ്രാഥമികാന്വേഷണം നടത്തി വിവരങ്ങള്‍ പൂഴ്ത്തിവച്ചിരുന്നു. അടുത്തിടെ വിഷയം വീണ്ടും ചര്‍ച്ചയായതോടെയാണ് പുനരന്വേഷണത്തിന് ഡി ഐ ജി ഉത്തരവിട്ടത്.

 

Latest