Connect with us

Kannur

കണ്ണൂര്‍ ഹജ്ജ് ഹൗസ് നിര്‍മാണത്തിനായി നിര്‍ബന്ധ പിരിവില്ല: ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍

എല്ലാ ബാധ്യതകളും തീര്‍ത്ത് ഹജ്ജിന് പോകുന്ന വിശ്വാസികളെ നിര്‍ബന്ധിച്ച് തുക വാഗ്ദാനം ചെയ്യിപ്പിക്കുന്ന സമീപനം ഹജ്ജ് കമ്മിറ്റിക്കില്ല.

Published

|

Last Updated

കണ്ണൂര്‍ | കണ്ണൂര്‍ അന്തരാഷ്ട്ര വിമാനത്താവളത്തില്‍ നിര്‍മിക്കുന്ന ഹജ്ജ് ഹൗസിനുവേണ്ടി ഒരുവിധ നിര്‍ബന്ധ പിരിവുകളും നടത്തുന്നില്ലെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് വ്യക്തമാക്കി. കണ്ണൂരില്‍ അഞ്ചുകോടിയാണ് ബജറ്റില്‍ ഉള്‍പ്പെടുത്തിയത്. ഹജ്ജ് ഹൗസ് നിര്‍മിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ അഞ്ചുകോടി രൂപ വകയിരുത്തിയിട്ടുണ്ട്. ആധുനിക രീതിയിലുള്ള മള്‍ട്ടി പര്‍പ്പസ് കണ്‍വെന്‍ഷന്‍ സെന്റര്‍ എന്ന നിലയില്‍ നിര്‍മിക്കുന്ന ഹജ്ജ് ഹൗസിന് പ്രാഥമിക കണക്കില്‍ 17 മുതല്‍ 20 കോടി രൂപവരെയാണ് കണക്കാക്കുന്നത്. സര്‍ക്കാര്‍ അനുവദിച്ച അഞ്ചുകോടി രൂപകൊണ്ടു മാത്രം ഹജ്ജ് ഹൗസിന്റെ നിര്‍മാണം നടത്താന്‍ കഴിയില്ല. ആവശ്യമായ മുഴുവന്‍ തുകയും സര്‍ക്കാറിനോട് ചോദിക്കാനും ഹജ്ജ് കമ്മിറ്റിക്ക് കഴിയില്ല. ഈ സാഹചര്യത്തിലാണ് കോഴിക്കോട് ഹജ്ജ് ഹൗസ് നിര്‍മിച്ച മാതൃകയില്‍ ക്രൗഡ് ഫണ്ടിങിലൂടെ കണ്ണൂരിലെ ഹജ്ജ് ഹൗസും നിര്‍മിക്കാന്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി തീരുമാനിച്ചത്.

ഹജ്ജ് ഹൗസിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച മുഖ്യമന്ത്രിയുടെയും പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെയും സാന്നിധ്യത്തിലാണ് മുസ്‌ലിം ലീഗിലെ പി വി അബ്ദുല്‍ വഹാബ് എം പി 50 ലക്ഷം രൂപയുടെ ധനസഹായം ആദ്യം പ്രഖ്യാപിച്ചത്. അതുകൊണ്ടുതന്നെ ആ പാര്‍ട്ടി ഹജ്ജ് നിര്‍മാണത്തിന് എതിര് നില്‍ക്കുമെന്ന് കരുതുന്നില്ലെന്നും ചെയര്‍മാന്‍ പറഞ്ഞു. ഒരുപക്ഷെ തെറ്റിദ്ധാരണ കൊണ്ടാകാം മുസ്‌ലിം ലീഗ് നിര്‍ബന്ധ പിരിവെന്ന ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ടാകുകയെന്നും എല്ലാ ബാധ്യതകളും തീര്‍ത്ത് ഹജ്ജിന് പോകുന്ന വിശ്വാസികളെ നിര്‍ബന്ധിച്ച് തുക വാഗ്ദാനം ചെയ്യിപ്പിക്കുന്ന സമീപനം ഹജ്ജ് കമ്മിറ്റിക്കില്ലെന്നും ചെയര്‍മാന്‍ വ്യക്തമാക്കി.

ഒറ്റ വ്യക്തിയെയും നിര്‍ബന്ധിക്കുകയോ ഒരുരൂപ പോലും പിരിവ് നടത്തുകയോ ചെയ്തിട്ടില്ലെന്ന് ഹജ്ജ് ക്യാമ്പ് സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ പി പി മുഹമ്മദ് റാഫിയും പറഞ്ഞു. അടുത്ത ഹജ്ജ് കാലത്തിനിടയില്‍ ഹജ്ജ് ഹൗസ് നിര്‍മിക്കുന്നതിന് ആവശ്യമായ തുക ക്രൗഡ് ഫണ്ടിങിലൂടെ സ്വരൂപിക്കാനാണ് ലക്ഷ്യമെന്നും താത്പര്യമുള്ളവര്‍ക്ക് ഫോണ്‍ നമ്പറോ വിലാസമോ തരാമെന്നും മാത്രമേ ഹാജിമാരോട് പറഞ്ഞിട്ടുള്ളൂവെന്നും മറിച്ചുള്ള പ്രചാരണം ദുരുദ്ദേശപരമാണെന്നും അദ്ദേഹം പറഞ്ഞു.

 

Latest