Articles
ബഹിരാകാശം; ലോകത്തിലെ ഏറ്റവും വലിയ പരീക്ഷണശാല
'ബഹിരാകാശത്തെ സ്ത്രീകള്‍'എന്നതാണ് 2021-ലെ ലോക ബഹിരാകാശ വാരത്തിന്റെ വിഷയം.

എല്ലാ വര്‍ഷവും ഒക്ടോബര്‍ നാലു മുതല്‍ പത്തു വരെ ലോക ബഹിരാകാശ വാരമായാണ് ആചരിക്കുന്നത്. ബഹിരാകാശം ഇപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ പരീക്ഷണശാലയാണ്. യുഎന്‍ 1999 മുതല്‍ പ്രഖ്യാപിച്ച ആഘോഷമാണ് ലോക ബഹിരാകാശ വാരം. ഇത് ഭൂമിയിലെ ഏറ്റവും വലിയ ബഹിരാകാശ പരിപാടിയായാണ് കണക്കാക്കപ്പെടുന്നത്.’ബഹിരാകാശത്തെ സ്ത്രീകള്‍’എന്നതാണ് 2021-ലെ ലോക ബഹിരാകാശ വാരത്തിന്റെ വിഷയം.’ജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള ഉപഗ്രഹങ്ങള്‍’ എന്നായിരുന്നു കഴിഞ്ഞ വര്‍ഷത്തെ ബഹിരാകാശ വാരത്തിന്റെ വിഷയം.
എല്ലാ വര്‍ഷവും ലോകത്തെ ആയിരക്കണക്കിന് ജനങ്ങളാണ് ആഘോഷ പരിപാടിയില്‍ പങ്കെടുക്കാറുള്ളത്. 2020ല്‍, ലോക ബഹിരാകാശ വാരം ആഘോഷിക്കുന്നതിനായി അറുപതിലധികം രാജ്യങ്ങളില്‍ ഏകദേശം 6,500 പരിപാടികള്‍ സംഘടിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷം 90 രാജ്യങ്ങള്‍ ഈ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് വിവരം.
ചരിത്രത്തിലെ രണ്ട് സുപ്രധാന സന്ദര്‍ഭങ്ങളെ ആദരിക്കുന്നതിനും കൂടിയാണ് ഈ വാരാഘോഷം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒന്ന്, ബഹിരാകാശ പര്യവേഷണത്തിനായി 1957ല്‍, മനുഷ്യനിര്‍മ്മിതമായ ആദ്യ ഭൗമ ഉപഗ്രഹമായ സ്പുട്‌നിക് ഒക്ടോബര്‍ നാലിനാണ് വിക്ഷേപിച്ചത്. രണ്ട്, 1967 ഒക്ടോബര്‍ 4 ന് ഒരു കരാര്‍ ഒപ്പിട്ടു. ചന്ദ്രനും മറ്റ് ബഹിരാകാശ വസ്തുക്കളും ഉള്‍പ്പടെ, ബഹിരാകാശത്തെ പര്യവേക്ഷണത്തിലും സമാധാനപരമായ ഉപയോഗത്തിലും സംസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന തത്വങ്ങള്‍ സംബന്ധിച്ച ഉടമ്പടി എന്നാണ് ഇത് അറിയപ്പെടുന്നത്.
ലോക ബഹിരാകാശ വാരത്തിന്റെ പ്രാധാന്യം
ബഹിരാകാശ മേഖലയിലെ ആയിരക്കണക്കിന് ആളുകളുടെ മഹത്തായ നേട്ടങ്ങള്‍ ലോകത്തിന്റെ സാമ്പത്തികവും മൊത്തത്തിലുള്ള വളര്‍ച്ചയും എങ്ങനെ ഗണ്യമായി വര്‍ധിപ്പിച്ചുവെന്ന് അംഗീകരിക്കുക കൂടിയാണ് ലോക ബഹിരാകാശ വാരം ലക്ഷ്യമിടുന്നത്. കൂടാതെ വിവിധ ബഹിരാകാശ ഏജന്‍സികള്‍, സ്‌കൂളുകള്‍, പ്ലാനറ്റോറിയം, മ്യൂസിയങ്ങള്‍, എയ്‌റോസ്‌പേസ് ഓര്‍ഗനൈസേഷനുകള്‍, ജ്യോതിശാസ്ത്ര ക്ലബ്ബുകള്‍ എന്നിവ ബഹിരാകാശ വിദ്യാഭ്യാസം, വെബിനാര്‍, ഔട്ട് റീച്ച് പ്രോഗ്രാമുകള്‍ എന്നിവ സംഘടിപ്പിക്കും.
ശാസ്ത്രീയ പഠനങ്ങളും ഗവേഷണങ്ങളും സാങ്കേതിക പുരോഗതികളും ജനങ്ങളുടെ ജീവിതത്തെ കൂടുതല്‍ മികച്ചതാക്കാന്‍ സഹായിച്ചിട്ടുണ്ട്. ബഹിരാകാശ ഗവേഷണത്തിന്റെ സംഭാവനകളും അതിന്റെ ഫലങ്ങളും പട്ടികപ്പെടുത്താന്‍ ശ്രമിച്ചാല്‍, ആശയവിനിമയം, ഇന്റര്‍നെറ്റ്, ഉപഗ്രഹം, ബഹിരാകാശ നിലയങ്ങള്‍, കാലാവസ്ഥ പ്രവചനങ്ങള്‍ എന്നിങ്ങനെ ഒന്നിലധികം പ്രയോജനങ്ങള്‍ സമൂഹത്തിന് ലഭിച്ചിട്ടുണ്ട്. ബഹിരാകാശത്ത് നിന്ന് ലഭിക്കുന്ന നേട്ടങ്ങള്‍ ചര്‍ച്ച ചെയ്യുക, ബഹിരാകാശത്ത് അന്താരാഷ്ട്ര സഹകരണം വളര്‍ത്തുക, ബഹിരാകാശ പര്യവേഷണത്തെക്കുറിച്ച് യുവാക്കളില്‍ ആവേശം വളര്‍ത്തുക എന്നിവയെല്ലാം ഈ വാരാചരണത്തിന്റെ ലക്ഷ്യങ്ങളാണ്.