Connect with us

feature

കവിതപോലൊഴുകുന്ന റൂഹുള്ള വാക്കുകള്‍

എല്ലാ വ്യാഴാഴ്ചയും വൈകിട്ട് അഞ്ചിനാണ് യൂട്യൂബ് അടക്കമുള്ള വിവിധ സാമൂഹിക മാധ്യമങ്ങളിലൂടെ വീഡിയോ ജനലക്ഷങ്ങളിലേക്കെത്തുന്നത്.മനുഷ്യന്‍ ദൈനംദിന ജീവിതത്തില്‍ ഇടപെടുന്ന വിവിധ മേഖലകളെ സ്പര്‍ശിച്ചാണ് അവതരണം.

Published

|

Last Updated

വാക്കുകള്‍ കൊണ്ട് മനസ്സ് സ്വാധീനിക്കാന്‍ കഴിയുന്നവര്‍ വിരളമാണ്. ഘോരശബ്ദമുയര്‍ത്തിയാല്‍ അത് സാധ്യമാകില്ല. ലളിതമായ ഭാഷയാണ് അതിന് വേണ്ടത്. കഴിഞ്ഞ രണ്ടര വര്‍ഷമായി റൂഹുള്ള വാക്കുകള്‍ അത്തരത്തിലുള്ള ധർമമാണ് നിർവഹിക്കുന്നത്. കേരള മുസ്്ലിം ജമാഅത്ത് സംസ്ഥാന ജന. സെക്രട്ടറിയും മലപ്പുറം മഅ്ദിന്‍ അക്കാദമിയുടെ ചെയര്‍മാനുമായ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അൽ ബുഖാരിയുടെ “റൂഹുള്ള വാക്കുകള്‍’ എന്ന വീഡിയോ സീരീസ് 100 എപ്പിസോഡ് പൂര്‍ത്തിയായിരിക്കുകയാണ്. എല്ലാ വ്യാഴാഴ്ചയും വൈകിട്ട് അഞ്ചിനാണ് യൂട്യൂബ് അടക്കമുള്ള വിവിധ സാമൂഹിക മാധ്യമങ്ങളിലൂടെ വീഡിയോ ജനലക്ഷങ്ങളിലേക്കെത്തുന്നത്.
മനുഷ്യന്‍ ദൈനംദിന ജീവിതത്തില്‍ ഇടപെടുന്ന വിവിധ മേഖലകളെ സ്പര്‍ശിച്ചാണ് അവതരണം. ഉദാഹരണങ്ങള്‍ പറഞ്ഞാണ് ഓരോന്നിന്റെയും തുടക്കം. ഉപമകളും പരിഹാരങ്ങളും പറഞ്ഞ് വീഡിയോ അവസാനിക്കുന്നു. അഞ്ച് മിനുട്ടില്‍ താഴെ ദൈര്‍ഘ്യമുള്ള വീഡിയോയുടെ ഭാഷ ഹൃദ്യമാണ്.

2023 മേയ് 30നാണ് ആദ്യ വീഡിയോ പുറത്തുവരുന്നത്. വേനലവധി കഴിഞ്ഞ് സ്‌കൂള്‍ തുറക്കാന്‍ സമയമായതിനാല്‍ രക്ഷിതാക്കളോടായിരുന്നു ആദ്യ സംസാരം.”സമപ്രായക്കാരോടൊപ്പമുള്ള കളിയും ചിരിയും കുട്ടികള്‍ക്ക് കൂടുതല്‍ ലഭിക്കുന്നിടം സ്‌കൂളാണ്. അതുകൊണ്ട് സ്‌കൂള്‍ തുറക്കുമ്പോള്‍ കുട്ടികളുടെ സന്തോഷത്തില്‍ രക്ഷിതാക്കളും പങ്കുചേരണം. അന്ന് സ്വാദിഷ്ഠമായ ഭക്ഷണങ്ങളുണ്ടാക്കി പ്രോത്സാഹനങ്ങള്‍ നല്‍കണം. കൈപിടിച്ച് സ്‌കൂളിലേക്ക് പോകണം…’ ഇങ്ങനെ പോകുന്നു ആദ്യ വീഡിയോയിലെ വാക്കുകള്‍..!

നൂറ് എപ്പിസോഡ് പൂര്‍ത്തിയാകുമ്പോള്‍ പാരന്റിംഗ് വിഷയത്തില്‍ തന്നെ വിവിധങ്ങളായ വീഡിയോ പുറത്ത് വന്നു. മക്കള്‍ ലോകോത്തര പ്രതിഭയാകാന്‍, കുട്ടികളുടെ കഴിവുകള്‍ ഖനനം ചെയ്യാം, മക്കളെ റാണിയാക്കാം തുടങ്ങിയവ അതില്‍ ചിലതാണ്. മാതാപിതാക്കളോടും ഗുരുനാഥന്മാരോടും പുലര്‍ത്തേണ്ട അച്ചടക്കവും അനുസരണയും അനുഭവങ്ങള്‍ പറഞ്ഞാണ് ഉസ്താദ് വിവരിക്കുന്നത്. “ഉമ്മയാണ് എന്റെ ജീവിതത്തിലെ സന്തോഷവും ഐശ്വര്യവും. ഉമ്മയെ കാണാന്‍ പോയാല്‍ ഉമ്മയുടെ കൈപിടിച്ച് ചുംബിക്കാറുണ്ട്.’ എന്റെ ഭൗതിക രോഗങ്ങളാണ് ഡോക്ടര്‍ സുഖപ്പെടുത്തുന്നത്, എന്റെ ജീവിത വൈകല്യങ്ങളാണ് ഉമ്മയും ഉപ്പയും തിരുത്തിത്തരുന്നത്. എന്റെ ആത്മാവിന്റെ ഗുരുവാണ് എന്റെ ഗുരുവര്യര്‍.’ “മാതാപിതാക്കളുടെ കണ്ണില്‍ നിന്ന് വേദനിപ്പിച്ച് കൊണ്ട് ഒരുതുള്ളി കണ്ണീര്‍ ഉറ്റിയാല്‍ അതിന്റെ തിക്തഫലം ജീവിതത്തിലുടനീളം ഉണ്ടാകും.’

“മാതാവും പിതാവും വാര്‍ധക്യത്തിലെത്തുമ്പോള്‍ അവരെ ശ്രദ്ധിക്കാതെ പോകരുത്. തന്റെ മാതാപിതാക്കള്‍ക്ക് ചെറിയ ഗിഫ്റ്റുകള്‍ കൊടുക്കുമ്പോള്‍ സന്തോഷത്തോടെ അവരുടെ മനസ്സില്‍ നിന്നൊരു പ്രാർഥന വരാനുണ്ട്. ആ പ്രാർഥനക്ക് വലിയ ഫലമുണ്ടാകും.’ മാതാപിതാക്കളെ ആദരിക്കുന്നതിനെ കുറിച്ച് പലപ്പോഴായി പറഞ്ഞുവെച്ചു.അതിഥി സത്കാരം മുതല്‍ ആരോഗ്യവും ആത്മഹത്യയും പ്രണയവും ടൈം മാനേജ്‌മെന്റും സാമ്പത്തികവും വിഷയങ്ങളായി. കുട്ടികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍, ഭാര്യാ ഭര്‍ത്താവ്, അമ്മായിയമ്മ – മരുമകള്‍, ഗര്‍ഭിണികള്‍, രോഗികള്‍, ഭിന്നശേഷി മക്കള്‍, പരീക്ഷാർഥികള്‍, വയോധികര്‍, യുവാക്കള്‍, ബിസിനസ്സുകാര്‍ എല്ലാവരെയും ഉൾക്കൊള്ളിക്കുന്നതായിരുന്നു നൂറ് എപ്പിസോഡുകളും. മനുഷ്യന്റെ ധാര്‍മിക ബോധത്തെ ചിട്ടപ്പെടുത്താനും ഹൃദയത്തെ സംശുദ്ധമാക്കാനും റൂഹുള്ള വാക്കുകള്‍ പ്രചോദനമായി. നമ്മള്‍ പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്ന പല വിഷയങ്ങളും ഇതില്‍ കടന്നുവന്നു.

നാട്ടിൽ നടക്കുന്ന അമിതമായ ലഹരി ഉപയോഗത്തെ കുറിച്ച്, മാമൂലുകളിലെ അനീതികളെ കുറിച്ച് ഉസ്താദ് മുന്നറിയിപ്പ് നല്‍കി. ഐക്യത്തിനും ഒത്തൊരുമക്കും കുടുംബത്തിലും നാട്ടിലും പ്രാധാന്യമുണ്ടെന്ന് വിളിച്ചോതി. അസ്തമിച്ചു പോകുന്ന സ്‌നേഹവിളികളും പ്രശംസയും മനസ്സിനെ എങ്ങനെ സ്വാധീനിക്കുമെന്ന് പറഞ്ഞുവെച്ചു. വിഷാദം ഒഴിവാക്കി പോസിറ്റീവായി ചിന്തിക്കാന്‍ പ്രേരിപ്പിച്ചു. ആത്മവിശ്വാസം കൈവെടിയരുതെന്ന് ഓർമപ്പെടുത്തി. ലോകാവസാനം വരെ ഒരു ശാസ്ത്ര സാങ്കേതിക വിദ്യക്കും കണ്ടുപിടിക്കാന്‍ കഴിയാത്ത ഒന്നാണ് വാക്കുകളിലെ മുറിവുകളെന്ന് ബോധ്യപ്പെടുത്തി. മുറിവുണക്കുന്നതാകണം നമ്മുടെ വാക്കുകള്‍. റൂഹുള്ള വാക്കുകള്‍ അനേകമാളുകളുടെ മുറിവുണക്കുന്നു.

സാന്ത്വനമേകുന്നു. അടുക്കളയിലെ ഭര്‍ത്താവിന്റെ സാന്നിധ്യം മുതല്‍ തിയറിയും പ്രക്ടിക്കല്‍ ലൈഫും പഠനവും ജോലിയും കുടുംബങ്ങളില്‍ നടക്കേണ്ട വല്യുപ്പ വല്ലിമ്മമാരുടെ ആണ്ടും വിഷയമായി.മാമൂലുകള്‍ അവകാശങ്ങളല്ല ഔദാര്യങ്ങളാണ്. സമയവും സന്ദര്‍ഭവും നോക്കി അതിഥികളെ സത്കാരിക്കുന്നതിനെ കുറിച്ചാണ് “സത്കാരങ്ങളിലെ ബ്ലാക്ക് മാര്‍ക്കുകളെ’ന്ന വിഷയത്തില്‍ പറയുന്നത്.പ്രമുഖരുടെ പ്രശംസ പിടിച്ചുപറ്റിയ വീഡിയോയായിരുന്നു ഇത്.
അടുത്തുവരുന്ന സന്ദര്‍ശകരില്‍ നിന്നും വിവിധ മേഖലയിലുള്ളവരുമായുള്ള ഇടപെടലില്‍ നിന്നുമാണ് വിഷയങ്ങളുടെ പിറവി. തിരക്കുകള്‍ക്കിടയിലും ഇതിനായി സമയം കണ്ടെത്തുന്ന തങ്ങളുസ്താദ് 100 എപ്പിസോഡും മുടങ്ങാതെ നമുക്ക് സമര്‍പ്പിച്ചത് നിശ്ചയദാർഢ്യത്തിന്റെ വിജയമാണ്. ഹൃദ്യമായ അവതരണങ്ങളിലൂടെ നിരവധി മനസ്സുകളിലേക്ക് സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം ഇനിയും പരക്കട്ടെ.

---- facebook comment plugin here -----

Latest