Connect with us

National

സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും സമ്മേളനത്തിലെത്തി

റായ്പൂരിലെ സ്വാമി വിവേകാനന്ദന്‍ വിമാനത്താവളത്തില്‍ വര്‍ണ്ണാഭമായ വസ്ത്രങ്ങള്‍ ധരിച്ച ഗോത്രവര്‍ഗ നാടോടി കലാകാരന്മാര്‍ ഡ്രംസ് മുഴക്കി ഇരുവര്‍ക്കും ഗംഭീര സ്വീകരണം നല്‍കി

Published

|

Last Updated

റായ്പൂര്‍| കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഇന്ന് 85-ാം പ്ലീനറി സമ്മേളനത്തില്‍ പങ്കെടുത്തു. ഛത്തീസ്ഗഢ് തലസ്ഥാനമായ റായ്പൂരില്‍ വെച്ച് നടക്കുന്ന യോഗത്തില്‍ ഇന്ന് ഉച്ചയോടെയാണ് ഇരുവരും പങ്കെടുത്തത്.

റായ്പൂരിലെ സ്വാമി വിവേകാനന്ദന്‍ വിമാനത്താവളത്തില്‍ വര്‍ണ്ണാഭമായ വസ്ത്രങ്ങള്‍ ധരിച്ച ഗോത്രവര്‍ഗ നാടോടി കലാകാരന്മാര്‍ ഡ്രംസ് മുഴക്കി ഇരുവര്‍ക്കും ഗംഭീര സ്വീകരണം നല്‍കി. ഉച്ചയ്ക്ക് 2.30ന് ശേഷം പ്രത്യേക വിമാനത്തില്‍ എത്തിയ ഇരുനേതാക്കളെയും സ്വീകരിക്കാന്‍ കലാകാരന്മാര്‍ പരമ്പരാഗത നൃത്തവും അവതരിപ്പിച്ചു.

ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖീവീന്ദര്‍ സിംഗ് സുഖു, കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, കോണ്‍ഗ്രസ് ഛത്തീസ്ഗഡ് ഇന്‍ചാര്‍ജ് കുമാരി സെല്‍ജ, സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ മോഹന്‍ മര്‍കം, മറ്റ് മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ എന്നിവരെയും വിമാനത്താവളത്തില്‍ സ്വീകരിച്ചു.

പിന്നീട് വിമാനത്താവളത്തില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെയുള്ള നവ റായ്പൂരിലെ പ്ലീനറി സെക്ഷന്റെ വേദിയിലേക്ക് ഇരു നേതാക്കളും പോയി. ഇവരുടെ വാഹനവ്യൂഹത്തിന് പിന്നാലെ കോണ്‍ഗ്രസ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും കാറുകളുടെ നീണ്ട നിരയും ഉണ്ടായിരുന്നു.

പോകുന്ന വഴിയിലെല്ലാം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ ഹോര്‍ഡിംഗുകള്‍ നിറഞ്ഞിരുന്നു. അവരില്‍ ചിലര്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിൽ അടുത്തിടെ സമാപിച്ച ഭാരത് ജോഡോ യാത്രയില്‍ പ്രചരിപ്പിച്ച സന്ദേശങ്ങള്‍ ഉയര്‍ത്തിക്കാണിച്ചു.

ഫെബ്രുവരി 24 മുതല്‍ 26 വരെയാണ് പ്ലീനറി സമ്മേളനം. ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടി പ്രവര്‍ത്തകരെ ഉത്തേജിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി ടിഎസ് സിംഗ് ദിയോ വിമാനത്താവളത്തില്‍ നിന്നും മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.