Connect with us

national herald case

സോണിയാ ഗാന്ധിയുടെ ആദ്യ ദിവസത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി

ഡല്‍ഹിയിലും തിരുവനന്തപുരത്തും ട്രെയിന്‍ തടഞ്ഞ് യൂത്ത്‌കോണ്‍ഗ്രസ് പ്രതിഷേധം

Published

|

Last Updated

ന്യൂഡല്‍ഹി | നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ ഇന്നത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. മൂന്ന് മണിക്കൂറാണ് ചോദ്യം ചെയ്തത്. സോണിയാ ഗാന്ധിയുടെ ആരോഗ്യനില പരിഗണിച്ചാണ് ഉച്ചയോടെ ചോദ്യം ചെയ്ത് വിട്ടയച്ചത്. യംഗ് ഇന്ത്യ കമ്പനിയുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ചാണ് പ്രധാനമായും ചോദ്യം ചെയ്തതെന്നാണ് വിവരം. രാഹുലിനോട് ചോദിച്ച പല ചോദ്യം ചെയ്യല്‍ വരും ദിവസങ്ങളിലും തുടരുമെന്നാണ് റിപ്പോര്‍ട്ട്.

സോണിയയെ ചോദ്യം ചെയ്തിനെതിരെ രാജ്യവ്യാപകമായ പ്രതിഷേധമാണ് കോണ്‍ഗ്രസ് സംഘടിപ്പിച്ചത്. ഡല്‍ഹിയില്‍ മൂന്ന് ട്രെയിനുകള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. തിരുവനന്തപുരത്ത് തമ്പാനൂര്‍ സ്റ്റേഷനിലാണ് ട്രെയിന്‍ തടയല്‍ പ്രതിഷേധം നടന്നത്. സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിന്റെ നേതൃത്വത്തിലായിരുന്നു രാജധാനി എക്‌സ്പ്രസ് തടഞ്ഞ് യൂത്ത്‌കോണ്‍ഗ്രസ് പ്രതിഷേധം. 20 മിനുട്ടോളം പാത ഉപരോധിച്ച യൂത്ത്‌കോണ്‍ഗ്രസുകാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

കനത്ത സുരക്ഷാ വലയത്തിലാണ് ഉച്ചക്ക് 12 മണിയോടെ സോണിയാ ഗാന്ധി ഇ ഡി ഓഫീസിലെത്തിയത്. പത്ത് മിനുട്ടിനകം തന്നെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. സോണിയാ ഗാന്ധിക്കൊപ്പം കാറില്‍ പ്രിയങ്ക ഗാന്ധി മാത്രമാണ് ഉണ്ടായിരുന്നത്. സോണിയാ ഗാന്ധി ചോദ്യം ചെയ്യലിനായി എ ഐ സി സി ഓഫീസില്‍ നിന്ന് പുറപ്പെട്ട ഉടന്‍ ഇ ഡിക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം തുടങ്ങിയിരുന്നു. നിരോധനാജ്ഞയും അവഗണിച്ചായിരുന്നു പ്രതിഷേധം.

നാടകീയ രംഗങ്ങളാണ് എ ഐ സി സി ഓഫീസിന് മുന്നിലുണ്ടായത്. സോണിയ പുറപ്പെട്ട ഉടന്‍ ജാഥയായി അനുഗമിച്ച നേതാക്കളേയും പ്രവര്‍ത്തകരേയും എ ഐ സി സി ഓഫീസിന് മുന്നില്‍ പോലീസ് തടഞ്ഞു. പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. പ്രവര്‍ത്തകരെ വിലിച്ചിഴച്ച് പോലീസ് വാഹനത്തില്‍ കയറ്റുകയായിരുന്നു. നിരവധി വാഹനങ്ങളിലായാണ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയത്.

സോണിയ ഇ ഡി ഓഫീസിലെത്തിയെങ്കിലും കെ സി വേണുഗോപാലിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം നേതാക്കള്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. എം പിമാരടക്കമുള്ള നേതാക്കളേയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

എ ഐ സി സി ആസ്ഥാനത്തും ഇ ഡി ഓഫീസ് പരിസരത്തുമെല്ലാം കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയത്. ബാരിക്കേഡ് ഉപയോഗിച്ച് വാഹനങ്ങളെല്ലാം തടഞ്ഞു. പോലീസിന്റെ വാഹനങ്ങള്‍ മാത്രമാണ് കടത്തിവിട്ടത്.

നേരത്തെ നല്‍കിയ നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് സോണിയാ ഗാന്ധി ഇ ഡി ഓഫീസിലെത്തിയത്. ഇതിന് മുമ്പും സോണിയ ഗാന്ധിക്ക് ഇഡി സമന്‍സ് അയച്ചിരുന്നുവെങ്കിലും അനാരോഗ്യം ചൂണ്ടിക്കാട്ടി അവര്‍ ഇഡിയോട് സമയം തേടുകയായിരുന്നു.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഇഡി നേരത്തെ ചോദ്യം ചെയ്തിരുന്നു. 40 മണിക്കൂറോളമാണ് അദ്ദേഹത്തെ ചോദ്യം ചെയ്യലിന് വിധേയമാക്കിയത്.

 

Latest