Kerala
പുക പടര്‍ന്ന് കോഴിക്കോട്; തീ അണക്കാൻ വിമാനത്താവളത്തിലെ ഫയര്‍ യൂനിറ്റും
വടം കെട്ടി റോഡ് നിശ്ചലമാക്കി ഫയർ യൂനിറ്റുകൾ കടന്നുവരാൻ പ്രത്യേക പാത

കോഴിക്കോട് | കോഴിക്കോട് മാവൂർ റോഡിലെ പുതിയ സ്റ്റാന്‍ഡിൽ കെട്ടിടത്തിനുണ്ടായ തീപ്പിടിത്തം അണക്കാനായില്ല. ഒന്നര മണിക്കൂറായി തീ ആളിപ്പടരുകയാണ്. നഗരത്തിലെങ്ങും പുക പടർന്നു. നിരവധി യൂനിറ്റുകളിലെ അഗ്നിശമന സംവിധാനങ്ങളെത്തിച്ചിട്ടും തീ അണക്കാൻ കഴിയാതിരുന്നതോടെ കോഴിക്കോട് വിമാനത്താവളത്തിലെ ഫയർ യൂനിറ്റ് സ്ഥലത്തെത്തിച്ച് തീ അണക്കുകയാണ്.
വൈകിട്ട് അഞ്ചോടെയാണ് സ്റ്റാൻഡിലെ ഷോപ്പിംഗ് കോംപ്ലക്സിൻ്റെ രണ്ടാം നിലയിൽ തീപ്പിടിത്തമുണ്ടായത്. കടയില്‍ തീ പടര്‍ന്നപ്പോള്‍ തന്നെ ആളുകള്‍ ഓടിമാറിയതിനാൽ വൻ ദുരന്തം ഒഴിവായി. ആദ്യം മെഡിക്കൽ ഷോപ്പിലായിരുന്നു തീപ്പിടിച്ചത്. തുടർന്ന് വസ്ത്ര വ്യാപാരശാലയായ കാലിക്കറ്റ് ടെക്സ്റ്റൈൽസിലേക്ക് പടരുകയായിരുന്നു. നിലവിൽ കെട്ടിടത്തിൻ്റെ മൂന്ന് നിലയും അഗ്നിയിലാണ്ടു.
തീ അണക്കുന്നതോടൊപ്പം സമീപത്തെ മറ്റ് കടകളിലേക്ക് തീ പടരുന്നത് ഒഴിവാക്കാനുള്ള തീവ്രയത്നവും തുടരുകയാണ്. കോർപറേഷൻ്റെ ഉടമസ്ഥതയിലുള്ള കെട്ടിടമാണിത്. നഗരം അതീവ ജാഗ്രതയിലാണ്. വടം കെട്ടി സമീപത്തെ റോഡ് നിശ്ചലമാക്കി ഫയർ യൂനിറ്റുകളെ മാത്രം കടത്തിവിട്ടാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. കോടികളുടെ നഷ്ടം ഉണ്ടാകുമെന്നാണ് പ്രാഥമിക വിലയിരുത്തൽ.